ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ കൊടുംങ്കാറ്റായി വീശിയ ചിത്രമായിരുന്നു ആദിത്യ ധര്‍ സംവിധാനം ചെയ്ത് രണ്‍വീര്‍ സിങ് നായകനായ ധുരന്ധര്‍. മൂന്നു മണിക്കൂര്‍ ഇരുപത് മിനുട്ട് ദൈര്‍ഘ്യവും ആറോളം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമുള്ള വിലക്കും മറികടന്ന് തിയേറ്ററുകളില്‍ നിന്നും 1400 കോടിയോളം സ്വന്തമാക്കിയ ചിത്രം നെറ്റ്ഫ്‌ളിക്‌സിലും തരംഗമായിരുന്നു. പാകിസ്താനിലേക്ക് ഇന്ത്യ അയക്കുന്ന ചാരന്റെ കഥയായിരുന്നിട്ട് കൂടി പാകിസ്താന്‍, ബംഗ്ലാദേശ് അടക്കം മുപ്പത്തിരണ്ടോളം രാജ്യങ്ങളിലാണ് നെറ്റ്ഫ്‌ളികിസിന്റെ ട്രെന്‍ഡിങ് ലിസ്റ്റില്‍ ചിത്രം മുന്നിട്ട് നിന്നത്.
ധുരന്ധര്‍. Photo: IMDB
മാര്‍ച്ച് 19 ന് ചിത്രത്തിന്റെ രണ്ടാം ഭാഗം റിലീസ് ചെയ്യാനിരിക്കെ ധുരന്ധറുമായി ബന്ധപ്പെട്ട ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇപ്പോഴിതാ നിര്‍മിതബുദ്ധി അഥവാ എ.ഐ ടെക്‌നോളജി ഉപയോഗിച്ച് ധുരന്ധറില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ അംഗങ്ങളെ കാസ്റ്റ് ചെയ്താല്‍ എങ്ങനെയുണ്ടാവുമെന്ന ക്രിയേറ്റീവ് വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
നവനീത് മുദ്ര എന്ന എക്‌സ് ഹാന്‍ഡിലില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയിലാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വീഡിയോയിലെ ഏറ്റവും വലിയ ആകര്‍ഷണം ഹംസയായി എത്തുന്ന മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയാണ്. നീട്ടി വളര്‍ത്തിയ മുടിയില്‍ രണ്‍വീര്‍ സിങ്ങിനെ വെല്ലുന്ന ലുക്കിലാണ് കോഹ്‌ലി പ്രത്യക്ഷപ്പെടുന്നത്.
ചിത്രത്തില്‍ മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകനായ ജമീല്‍ ജമാലിയായി വിരേന്ദര്‍ സെവാഗും റഹ്‌മാന്‍ ദക്കൈത്തിന്റെ വലംകൈയായ ഉസൈര്‍ ബലൂച്ചായി നിലവിലെ ഇന്ത്യന്‍ ഏകദിന-ടെസ്റ്റ് ടീം ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലുമാണ്. ചിത്രത്തിലെ മാസ്റ്റര്‍ ബ്രെയിനായ മാധവന്‍ അവതരിപ്പിച്ച അജയ് സന്യാല്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഇന്ത്യന്‍ ടീമിന്റെ വന്‍മതിലും മുന്‍ പരിശീലകനുമായിരുന്ന രാഹുല്‍ ദ്രാവിഡുമാണ്. ചിത്രത്തിലെ ഏറ്റവും സ്വാഗുള്ള കഥാപാത്രമായ മേജര്‍ ഇഖ്ബാലിനെ അവതരിപ്പിക്കുന്നത് ഇന്ത്യന്‍ ടീമിലെ ഏറ്റവും സ്വാഗുള്ള ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയാണ്.
വീഡിയോയില്‍ നിന്നും. Photo: Navaneeth Mundhra/ x.com
വീഡിയോയില്‍ ഏറ്റവും മാച്ചിങ് ആയിട്ടുള്ള കാസ്റ്റിങ്ങാണ് പിന്നീട് വരുന്നത്. സഞ്ജയ് ദത്ത് അവതരിപ്പിച്ച എസ്.പി ചൗധരി അസ്‌ലം ആയി എത്തുന്നത് മുന്‍ ഇന്ത്യന്‍ താരവും പരിശീലകനും കമന്റേറ്ററുമായ രവി ശാസ്ത്രിയാണ്. ലുക്കുകൊണ്ടും ആറ്റിറ്റിയൂഡ് കൊണ്ടും ഏറ്റവും യോജിച്ച കാസ്റ്റിങ് ഇത് തന്നെയാണെന്ന് നിസംശയം പറയാം.
പ്രേക്ഷകരെ ആവേശത്തിലാക്കുന്നത് തല എം.എസ് ധോണിക്ക് നല്‍കിയ കഥാപാത്രമാണ്. ചിത്രത്തിലെ ട്രെന്‍ഡിങ്ങ് അക്ഷയ് ഖന്ന അവതരിപ്പിച്ച ഏറ്റവും സുപ്രധാനമായ കഥാപാത്രം റഹ്‌മാന്‍ ദക്കൈത്ത് ആണ് ധോണിയുടെ കഥാപാത്രം. ക്ലീന്‍ ഷേവ് ലുക്കില്‍ എത്തുന്ന ധോണി അക്ഷയ് ഖന്നക്ക് ഒത്ത പകരക്കാരനാണെന്നതില്‍ സംശയമില്ല. ചിത്രത്തിലെ നായികയായ സാറാ അര്‍ജുന്‍ അവതരിപ്പിച്ച ജമാലിയുടെ മകള്‍ യലീന ജമാലിയായി വുമണ്‍സ് ക്രിക്കറ്റിലെ മിന്നും താരം സ്മൃതി മന്ദാനയും വീഡിയോയിലുണ്ട്.
Content Highlight: Ai video with indian cricket players in Dhurandhar goes viral on social media
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ