മലയാള സിനിമയിലെ യുവനായികമാരില്‍ വലിയ പ്രേക്ഷകപിന്തുണയുള്ള അഭിനേത്രിയാണ് കല്യാണി പ്രിയദര്‍ശന്‍. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര എന്ന ചിത്രത്തിലൂടെ താരം പാന്‍ ഇന്ത്യന്‍ തലത്തില്‍ സ്റ്റാര്‍ഡം സ്വന്തമാക്കുകയായിരുന്നു. ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത് സൂപ്പര്‍ ഹീറോ ഴോണറില്‍ ഒരുക്കിയ ചിത്രത്തില്‍ ചന്ദ്ര എന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്.
ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര . Photo: The Hindu
മലയാളത്തിന്റെ അഭിമാനമായി മാറിയ ചിത്രം നിര്‍മിച്ചത് യുവതാരം ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസായിരുന്നു. മലയാള സിനിമയ്ക്ക് വലിയ സാധ്യതകള്‍ തുറന്നിട്ട് നല്‍കിയ ലോകഃയില്‍ അതിഥി വേഷത്തില്‍ ദുല്‍ഖര്‍ എത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ കല്യാണി അവതരിപ്പിച്ച ചന്ദ്രയെയും ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ ഹിറ്റ് കഥാപാത്രമായ ഉസ്താദ് ഹോട്ടലിലെ ഫൈസിയെയും എ.ഐയുടെ സഹയത്തോടെ ഒന്നിച്ച് കൊണ്ടുവന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം വൈറലാകുകയും ചെയ്തിട്ടുണ്ട്.
ചിത്രത്തില്‍ അമേരിക്കയില്‍ നിന്നും വരുന്ന അതേ ആറ്റിറ്റിയൂഡില്‍ റോഡരികില്‍ വെച്ചാണ് ഫൈസി ചന്ദ്രയെ കാണുന്നത്. കുടിച്ചുകൊണ്ടിരുന്ന കോള ചന്ദ്രയ്ക്ക് ഓഫര്‍ ചെയ്യുന്നുണ്ടെങ്കിലും താന്‍ ചോരയാണ് കുടിക്കാറുളളതെന്ന് പറഞ്ഞുകൊണ്ട് ഓഫര്‍ ചന്ദ്ര നിഷേധിക്കുന്നുണ്ട്. എന്നിട്ട് തിരിഞ്ഞുനടക്കുന്ന ചന്ദ്രയുടെ പിന്നാലെ ഓടിയെത്തി നിന്റെ പിന്നാലെ നടക്കാനല്ല ഒപ്പം നടക്കാനാണ് ഇഷടമെന്ന് പറഞ്ഞ് ഫൈസി ചന്ദ്രയെ കൈയിലെടുക്കുന്നുണ്ട്.
Photo: Scree Grab/ X.com
എന്നാല്‍ തന്റെ പ്രായം അറിയാമോ എന്ന് ചന്ദ്രയോട് ചോദിക്കുമ്പോഴാണ് ഫൈസിയ്ക്ക് കാര്യങ്ങളുടെ കിടപ്പ് ഏകദേശം പിടികിട്ടുന്നത്. എനിക്ക് തന്റെ പൂര്‍വികരെക്കാള്‍ പ്രായമുണ്ടെന്ന് ചന്ദ്ര പറയുമ്പോള്‍ ഫൈസിയുടെ മുഖത്ത് പണി പാളിയോ എന്ന ഭാവം വരുന്നത് കാണാം. എന്നാല്‍ അതൊന്നും കാര്യമാക്കാതെ മലരേ എന്ന ഗാനത്തിന് നൃത്തം ചെയ്താണ് വീഡിയോ അവസാനിക്കുന്നത്.
Content Highlight: Ai Video where Ustad Hotel character Faizy meets chandra goes Viral on social media