ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ നിര്‍മിത ബുദ്ധി ഉപയോഗിച്ചുള്ള വീഡിയോകളും ദൃശ്യങ്ങളും വലിയ രീതിയില്‍ വൈറലാകുന്ന കാലഘട്ടത്തിലൂടെയാണ് ലോകം ഇന്ന് കടന്ന് പോകുന്നത്. എ.ഐയുടെ വരവോടെ സോഷ്യല്‍ മീഡിയ ലോകം വലിയ രീതിയിലുള്ള മാറ്റങ്ങള്‍ക്ക് കാരണമാകുകയും ചെയ്തിരുന്നു. സെക്കന്‍ഡുകള്‍ കൊണ്ട് സിനിമയെ വെല്ലുന്ന വീഡിയോ ദൃശ്യങ്ങളാണ് ഇവ നിര്‍മിക്കുന്നത്. ഇത്തരത്തില്‍ മലയാളത്തിലെ പല ഹിറ്റ് ചിത്രങ്ങളുടെയും ക്ലൈമാക്‌സുകളില്‍ മാറ്റം വരുത്തുന്നതടക്കം പല എ.ഐ വീഡിയോകളും ഇതിനോടകം വൈറലായിരുന്നു.
ഇപ്പോഴിതാ മലയാളത്തിലെ മുന്‍നിര നടന്മാര്‍ ഒരു സോമ്പി പടത്തില്‍ വേഷമിട്ടാല്‍ എങ്ങനെയുണ്ടാകും എന്ന എ.ഐ ക്രിയേഷനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ‘ഐഹാഫിക്‌സ്’ എന്ന സോഷ്യല്‍ മീഡിയ ഐഡിയില്‍ നിന്നും പ്രത്യക്ഷപ്പെട്ട വീഡിയോ ആണ് ഇത്തരത്തില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ലോകപ്രശസ്ത ടെലിവിഷന്‍ സിരീസായ ദി വാക്കിങ് ഡെഡില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് കേരളം പശ്ചാത്തലമാക്കിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
Photo: IHafix
വാക്കിങ് ഡെഡില്‍ റിക്ക് ഗ്രൈമ്‌സാണ് കോമയില്‍ നിന്ന് എഴുന്നേല്‍ക്കുന്നതെങ്കില്‍ ഇവിടെ അജു വര്‍ഗീസാണ് ആ റോളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം കോമയില്‍ നിന്നും എഴുന്നേറ്റ അജു തന്റെ ചുറ്റും ആരെയും കാണാതെ പരിഭ്രാന്തനാകുന്നത് കാണാം. ആശുപത്രിയ്ക്ക് പുറത്ത് ആളൊഴിഞ്ഞ തെരുവിലൂടെ നടക്കുമ്പോള്‍ പെടുന്നനെ ഒരു സോമ്പി അജുവിന് നേരം ചാടി വീഴുകയും അക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ സോമ്പിയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി ഓടുന്ന അജുവിനെ രക്ഷിക്കാനായി മാസ് അപ്പിയറന്‍സാണ് നിവിന്‍ പോളി നടത്തുന്നത്. ഒറ്റ വെടിയില്‍ തന്നെ നിവിന്‍ സോമ്പിയുടെ കഥ കഴിക്കുന്നു. എന്നാല്‍ വെടിയൊച്ച കേട്ട് കൂടുതല്‍ സോമ്പികള്‍ കൂട്ടത്തോടെ ഇരുവരെയും ആക്രമിക്കാന്‍ ഒരുങ്ങുന്നു.
Photo: IHafix
ഇവിടെയാണ് റോക്കറ്റ് ലോഞ്ചറുമായി മഞ്ജു വാര്യറും മെഷീന്‍ ഗണ്ണുമായി ദുല്‍ഖറും രംഗപ്രവേശം നടത്തുന്നത്. എല്ലാവരെയും തുരത്തിയോടിച്ചെങ്കിലും വീഡിയോയുടെ രണ്ടാം ഭാഗത്തിലേക്ക് ലീഡ് നല്‍കുന്നത് വമ്പന്‍ ട്വിസ്റ്റോടെയാണ്. മലയാള സിനിമയിലെ സൂപ്പര്‍ ഹീറോ മിന്നല്‍ മുരളി തന്നെ ഒരു സോമ്പിയായി പ്രത്യക്ഷപ്പെടുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്.
‘എക്‌സ്പിരിമെന്റ് 5’ എന്ന പേരില്‍ 2023ല്‍ മലയാളത്തില്‍ ഒരു സോമ്പി ചിത്രം പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും മുന്‍നിര അഭിനേതാക്കളോ സംവിധായകരോ ഇന്നേ വരെ സോമ്പി ചിത്രങ്ങളില്‍ ഭാഗമായിട്ടില്ല. വലിയ ബജറ്റ് സോമ്പി ചിത്രങ്ങള്‍ക്ക് ആവശ്യമായി വരുന്നു എന്നതും കേരളത്തില്‍ നിന്നും ചിത്രത്തിന് അത്രയും മുടക്കുമുതല്‍ തിരിച്ചുപിടിക്കാന്‍ സാധിക്കുമോ എന്നുള്ളതും പലരെയും ഇത്തരം പ്രൊജക്ടുകളില്‍ നിന്നും പിന്തിരിപ്പിക്കുന്നതാണ്. എ.ഐ പോലെ സാങ്കേതിക വിദ്യകള്‍ വിപുലമാകുന്ന സാഹചര്യത്തില്‍ ഉടന്‍ തന്നെ മോളിവുഡില്‍ ഒരു സോമ്പി പടം കാണാം എന്ന പ്രതീക്ഷയും പലര്‍ക്കുമുണ്ട്.
Content Highlight: Ai video of Zombie Apocalypse Featuring Aju varghese, Nivin Pauly, Manju Warrier, Dulquer Salman and Tovino Thomas goes viral on social media