എത്ര തവണ കണ്ടാലും മലയാളികള്‍ക്ക് മടുക്കാത്ത ചിത്രങ്ങളുടെ ലിസ്‌റ്റെടുത്താല്‍ അതില്‍ മുന്‍പന്തിയിലുള്ള ചിത്രമാണ് രഞ്ജിത് സംവിധാനം ചെയ്ത് 2002 ല്‍ പുറത്തിറങ്ങിയ നന്ദനം. നവ്യ നായരുടെ കരിയറിലെ തന്നെ മികച്ച പ്രകടനങ്ങളിലൊന്നായ ചിത്രത്തില്‍ പൃഥ്വിരാജ്, ജഗതി ശ്രീകുമാര്‍, കവിയൂര്‍ പൊന്നമ്മ, ഇന്നസെന്റ്, തുടങ്ങി സ്‌ക്രീനിലെത്തിയവരെല്ലാം അവതരിപ്പിച്ച കഥാപാത്രങ്ങളെ അവിസ്മരണീയമാക്കി.
വീട്ടുജോലിക്കാരിയായെത്തിയ ബാലാമണിയുടെ ജീവിതത്തില്‍ അടുത്ത വീട്ടിലെ ഉണ്ണിയേട്ടനായി ഗുരുവായൂരപ്പനെത്തുന്നതും തുടര്‍ന്ന് ബാലാമണിയെയും മനുവിനെയും ഒന്നിപ്പിക്കുകയും ചെയ്യുന്ന ചിത്രം മലയാളത്തിലെ എക്കാലത്തെയും ഫീല്‍ഗുഡ് ചിത്രങ്ങളിലൊന്നാണ്. ഉണ്ണികൃഷ്ണനായി വേഷമിട്ട അരവിന്ദ് ആകാശ് ഗുരുവായൂര്‍ നടക്കുള്ളിലേക്ക് കയറിപോകുന്നിടത്ത് അവസാനിക്കുന്ന ചിത്രം ഹാപ്പിലി എവര്‍ ആഫ്റ്റര്‍ എന്ന സന്ദേശം പ്രേക്ഷകര്‍ക്ക് നല്‍കിയാണ് അവസാനിക്കുന്നത്.
നന്ദനം. Photo: Airtel xstream
എന്നാല്‍ പിന്നീട് ബാലാമണിയുടെയും മനുവിന്റയും കുമ്പിടിയുടെയും ജീവിതം എപ്രകാരമായിരിക്കും എന്ന പ്രേക്ഷകന്റെ ഭാവനക്ക് രൂപം നല്‍കിയിരിക്കുന്ന എ.ഐ വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്. സിഗ്നേച്ചര്‍ ബൈ ആനന്ദ് എന്ന ഇന്‍സ്റ്റഗ്രാം പേജാണ് നന്ദനത്തിലെ കഥാപാത്രങ്ങള്‍ നിലവില്‍ എങ്ങനെയായിരിക്കുമെന്ന ആശയത്തില്‍ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.
View this post on Instagram
വിവാഹം കഴിഞ്ഞ് അമേരിക്കയ്ക്ക് പോകാതെ മനുവിനൊപ്പം പഴയ വീട്ടില്‍ തന്നെ നില്‍ക്കുന്ന ബാലാമണി താന്‍ ആദ്യം തൊട്ടേ പ്രാര്‍ത്ഥിക്കുന്ന ചായപ്പിലെ ഫോട്ടോക്ക് മുമ്പില്‍ തന്നെയാണ് ഇപ്പോഴും വിളക്ക് കൊളുത്തി പ്രാര്‍ത്ഥിക്കുന്നതെന്ന് കാണാം. അതികാലത്ത് വര്‍ക്ക് ഫ്രം ഹോം ചെയ്യുന്ന മനുവിന് ബാലാമണി കാപ്പി കൊണ്ടു കൊടുക്കുന്നതും ഉമ്മറത്ത് കസേരയിലിരിക്കുന്ന പാറൂട്ടി അമ്മയും വീഡിയോയിലുണ്ട്.
പാറൂട്ടി അമ്മയുടെ നിഴലായി എപ്പോഴും കൂടെയുണ്ടായിരുന്ന വേഷാമണി അമ്മയും കാര്‍ത്ത്യായനി അമ്മയും മരണപ്പെട്ടതായും ഇവരുടെ ഫോട്ടോ ചുവരില്‍ തൂക്കിയതായും വീഡിയോയില്‍ കാണാം. കാലഘട്ടത്തിന് അനുസരിച്ച് കഥാപാത്രങ്ങളില്‍ വന്ന മാറ്റം കൃത്യമായി തന്നെ വീഡിയോയില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇതില്‍ ഹൈലൈറ്റ് എന്ന് പറയുന്നത് മലയാള സിനിമയിലെ തന്നെ ഐക്കോണിക്ക് കഥാപാത്രമായ കുമ്പിടിയാണ്. ജഗതി ശ്രീകുമാര്‍ അവതരിപ്പിച്ച കഥാപാത്രം മരണപ്പെട്ട ഇന്നസെന്റ് അവതരിപ്പിച്ച കേശവന്‍ നായരുടെ ഫോട്ടോയിലേക്ക് നോക്കിയിരിക്കുന്നത് കാണാം.
കുമ്പിടിയുടെ കള്ളത്തരങ്ങളും അടുത്ത വീട്ടിലെ ജോലിക്കാരിയായ ശകുന്തളയുമായുള്ള ചുറ്റിക്കളിയും കണ്ടെത്തിയത് കേശവന്‍ നായരായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ജഗതി ശ്രീകുമാറിന് സമാനമായി വീല്‍ ചെയറിലിരിക്കുന്ന കുമ്പിടിയുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് ശകുന്തളയാണെന്ന് കാണാം. ശേഷം ഗുരുവായൂരിലേക്ക തൊഴാന്‍ പോകുന്ന മനുവും ബാലാമണിയും വീണ്ടും ഗുരുവായൂരപ്പനെ കാണുന്നിടത്ത് വീഡിയോ അവസാനിക്കുന്നു.
നന്ദനം. Photo: cinema chaat
ഇത്തരത്തില്‍ മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളില്‍ പിന്നീട് എന്ത് സംഭവിച്ചു എന്ന ആശയത്തില്‍ വീഡിയോ ചെയ്യുന്ന സിഗ്നേച്ചര്‍ ബൈ ആനന്ദിന്റെ വീഡിയോകള്‍ക്ക് വന്‍ റീച്ചാണ് ഇന്‍സ്റ്റഗ്രാമില്‍ ലഭിക്കുന്നത്. കാഴ്ച്ച, കസ്തൂരിമാന്‍, അനിയത്തിപ്രാവ് തുടങ്ങിയ ചിത്രങ്ങളുമായി ബന്ധപ്പെട്ട വീഡിയോകളെല്ലാം വലിയ രീതിയില്‍ വൈറലായിരുന്നു.
Content Highlight: Ai video of Nandhanam movie goes viral on social media