| Friday, 6th February 2026, 7:37 am

ലവ്‍ലജനും സ്റ്റാൻലിയും നേർക്കുനേർ ഇനിയങ്ങോട്ട് അങ്കംവെട്ട്; വൈറലായയി എ.ഐ വീഡിയോ

നന്ദന എം.സി

മലയാള സിനിമയുടെ താരരാജാക്കന്മാരായ മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ചെത്തുന്ന നിമിഷങ്ങൾക്കായി എന്നും കാത്തിരിക്കുന്നവരാണ് മലയാളികൾ. ഇരുവരുമില്ലാത്ത മലയാള സിനിമയെക്കുറിച്ച് ചിന്തിക്കാൻ പോലും ആരാധകർക്ക് കഴിയില്ല. താരങ്ങൾ തമ്മിൽ ആത്മാർത്ഥമായ സൗഹൃദം നിലനിൽക്കുമ്പോഴും, ആരാധകർക്കിടയിൽ ആരാണ് മികച്ചത് എന്ന ചർച്ചയും നേർക്കുനേർ പോരും എന്നും സജീവമാണ്.

മോഹൻലാൽ, Photo: Mohanlal/ Facebook

ഇപ്പോഴിതാ ആ ആരാധക ആവേശത്തിന് ഊർജം പകരുന്ന ഒരു എ.ഐ വീഡിയോ സോഷ്യൽ മീഡിയയിൽ വൻ തരംഗമായി മാറുകയാണ്. മോഹൻലാലിന്റെ വരാനിരിക്കുന്ന ‘എൽ 366’ ചിത്രത്തിലെ ശക്തമായ പോലീസ് കഥാപാത്രമായ ലവ്‌ലജനും, മമ്മൂട്ടി നിറഞ്ഞാടിയ ‘കളങ്കാവൽ’ എന്ന ചിത്രത്തിലെ ഐക്കോണിക് കഥാപാത്രമായ സ്റ്റാൻലിയും നേർക്കുനേർ വന്നാൽ എങ്ങനെയിരിക്കും എന്ന ആശയമാണ് ഈ വീഡിയോയുടെ ആധാരം.

സ്റ്റാൻലി ഐക്കോണിക് മാസ് എൻട്രിയോടെ, പുക വിട്ട് ലവ്‌ലജന്റെ അടുത്തേക്ക് നടക്കുന്ന രംഗമാണ് വീഡിയോയുടെ തുടക്കം. പിന്നാലെ ഇരുവരും പരസ്പരം പേര് പറഞ്ഞ് പരിചയപ്പെടുകയും കൈ കൊടുക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ ആരാധകർക്ക് രോമാഞ്ചമാകുകയാണ്. പുറത്തിറങ്ങിയ മിനിറ്റുകൾക്കകം തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

ഇതുപോലെ ഇരുവരും പൊലീസ് കഥാപാത്രങ്ങളായി വന്നിരുന്നെങ്കിൽ…, മലയാള സിനിമയുടെ താരരാജാക്കന്മാർ നേർക്കുനേർ!, ലവ്‌ലജനും സ്റ്റാൻലിയും നേർക്കുനേർ ഇനിയങ്ങോട്ട് അംഗം വെട്ട്! എന്നിങ്ങനെ ആവേശം നിറഞ്ഞ കമന്റുകളാണ് വീഡിയോക്ക് താഴെ നിറയുന്നത്.

മമ്മൂട്ടി, Photo: IMDb

ജിതിൻ കെ. ജോസ് സംവിധാനം ചെയ്ത ‘കളങ്കാവൽ’ ചിത്രത്തിലെ പ്രതിനായക കഥാപാത്രമായ സ്റ്റാൻലി, സ്ത്രീകളെ പ്രണയിച്ച്, വശീകരിച്ച്, ലൈംഗിക ബന്ധത്തിന് ശേഷം ക്രൂരമായി കൊലപ്പെടുത്തുന്ന ഒരു സൈക്കോ കഥാപാത്രമാണ്. ചിത്രത്തിൽ വിനായകനായിരുന്നു നായകൻ. അതേസമയം, ‘തുടരും’ എന്ന ചിത്രത്തിന് ശേഷം മോഹൻലാലും തരുണ്‍ മൂര്‍ത്തിയും വീണ്ടും ഒന്നിക്കുന്ന ‘എൽ 366’ എന്ന ചിത്രത്തിൽ ലവ്‌ലജൻ എന്ന ശക്തമായ പൊലീസ് കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്.

ഇപ്പോൾ ആരാധകരുടെ ഈ എ.ഐ വീഡിയോ യാഥാർത്ഥ്യമായിരുന്നെങ്കിൽ എന്ന ആഗ്രഹത്തിലാണ് സോഷ്യൽ മീഡിയ. ലവ്‌ലജനും സ്റ്റാൻലിയും ഒരേ ഫ്രെയിമിൽ നേർക്കുനേർ എത്തിയാൽ, അത് മലയാള സിനിമയ്ക്ക് തന്നെ ഒരു ചരിത്ര നിമിഷമായേനെയെന്ന് ആരാധകർ പറയുന്നു.

Content Highlight: AI video of Mohanlal and Mammootty goes viral

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more