മലയാള സിനിമയിൽ ഒരുപാട് യക്ഷി കഥാപാത്രങ്ങൾ വന്നുപോയിട്ടുണ്ടെങ്കിലും ചിലത് പ്രേക്ഷകരുടെ മനസിൽ ഇന്നും തങ്ങി നിൽക്കുന്നവയാണ്. അത്തരത്തിലുള്ള മൂന്ന് ശക്തമായ കഥാപാത്രങ്ങളാണ് ലോക: ചാപ്റ്റർ 1ലെ നീലി, മണിച്ചിത്രത്താഴിലെ നാഗവല്ലി, കൂടാതെ ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയും .
വ്യത്യസ്തമായ അവതരണശൈലിയും ഭാവവും കൊണ്ടാണ് ഇവർ പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയിരിക്കുന്നത്.
നാഗവല്ലിയോട് സഹതാപവും സ്നേഹവും തോന്നിയപ്പോൾ, നീലി എന്ന യക്ഷി കോമഡിയിലൂടെയും ഇപ്പോഴത്തെ പിള്ളേരുടെ വൈബറിഞ്ഞ ഒരു യക്ഷിയായിരുന്നു.
എന്നാൽ കൊടുമൺ പോറ്റിയായി എത്തിയ മമ്മൂട്ടി ഭീതിയുടെ അതിരുകൾ തൊടുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ചാത്തനായി എത്തിയ അദ്ദേഹത്തിന്റെ പകർന്നാട്ടം പ്രേക്ഷകരെ ത്രസിപ്പിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്തു.
ഇപ്പോഴിതാ ഈ മൂന്ന് കഥാപാത്രങ്ങളും ഒന്നിച്ച് ഡാൻസ് കളിക്കുന്ന ഒരു എ.ഐ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ‘മമ്മൂക്കയും ടീമും, പിന്നെ ഒരു കിടിലൻ ഡാൻസും, ഇതിൽ കൂടുതൽ എന്ത് വേണം?’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പ്രചരിക്കുന്നത്.
മമ്മൂട്ടി, Photo: IMDb
ഡാൻസ് അറിയില്ലെന്ന് പലപ്പോഴും തമാശയായി പറഞ്ഞിട്ടുള്ള മമ്മൂട്ടി, ഈ എ.ഐ വീഡിയോയിൽ സ്റ്റൈലിഷ് ചുവടുകളുമായി എത്തുന്നത് ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. കൂടെ നൃത്തവൈഭവവുമായി നാഗവല്ലിയും നീലിയും ചേർന്നപ്പോൾ വീഡിയോ പൂർണമായും ആഘോഷമാവുകയാണ്. മൂവരെയും ഒരേ ഫ്രയിമിൽ കാണാൻ കഴിഞ്ഞ സന്തോഷത്തിലാണ് സോഷ്യൽ മീഡിയയും ആരാധകരും.
രണ്ട് പെൺ പുലികൾക്കിടയിൽ മമ്മൂക്ക തൂക്കി, ഇത് കത്തും ഇല്ലേൽ ഞങ്ങൾ കത്തിക്കും, ഇത്തരം യക്ഷികളുടെ ഡാൻസ് ആദ്യമായാണ് കാണുന്നത് തുടങ്ങി രസകരമായ കമന്റുകളും സോഷ്യൽ മീഡിയയിൽ നിറയുകയാണ്.
ലോക: ചാപ്റ്റർ 1, Photo: X.com
മമ്മൂട്ടിയുടെ കരിയറിലെ ശ്രദ്ധേയമായ ചിത്രമായ ഭ്രമയുഗം ഒസ്കാർ അക്കാദമി മ്യൂസിയത്തിൽ പ്രദർശിപ്പിക്കപ്പെട്ടതും വലിയ നേട്ടമായി വിലയിരുത്തപ്പെട്ട ഒന്നാണ്. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗം പൂർണമായും ബ്ലാക്ക് ആൻഡ് വൈറ്റിൽ ചിത്രീകരിച്ച ഹൊറർ മിസ്റ്ററി ത്രില്ലറാണ്.
2024ൽ പുറത്തിറങ്ങിയ ചിത്രം ബോക്സ് ഓഫീസിൽ മികച്ച വിജയം നേടി, നിരവധി പുരസ്കാരങ്ങളും സ്വന്തമാക്കി. കൊടുമൺ പോറ്റിയായി മമ്മൂട്ടി നടത്തിയ പ്രകടനം ആഗോളതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടു.
അതേസമയം, ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ലോക: ചാപ്റ്റർ 1 മലയാള സിനിമയെ ലോകമെമ്പാടും ഉയർത്തിക്കാട്ടിയ ചിത്രമായും വിലയിരുത്തപ്പെടുന്നു. മലയാള സിനിമയുടെ ചരിത്രത്തിലെ എക്കാലത്തെയും വലിയ കളക്ഷൻ നേടിയ ചിത്രമാണിത്.
എ.ഐ വീഡിയോയിലൂടെ പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട മൂന്ന് കഥാപാത്രങ്ങളും ഒന്നിച്ചെത്തിയത് സിനിമാപ്രേമികൾക്ക് ഒരുപാട് നൊസ്റ്റാൾജിയയും ആവേശവും സമ്മാനിച്ചിരിക്കുകയാണ്
Content Highlight: AI video of Mammootty, Kalyani Priyadarshan and Shobhana dancing goes viral