| Sunday, 8th February 2026, 8:09 pm

വർഷങ്ങൾക്ക് ശേഷമുള്ള ഹിറ്റ്ലർ മാധവൻ കുട്ടിയും അനിയത്തിമാരും; മാധവൻ കുട്ടിയുടെ മകനായി ദുൽഖറും: വൈറലായി എ.ഐ വീഡിയോ

നന്ദന എം.സി

മമ്മൂട്ടി നായകനായ സിദ്ദിഖ് സംവിധാനം ചെയ്ത ഹിറ്റ്ലർ എന്ന ചിത്രം മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇന്നും മായാതെ നിൽക്കുന്ന ഒന്നാണ്. സഹോദരികളെ സ്വന്തം ജീവനെക്കാൾ അധികം സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഹിറ്റ്ലർ മാധവൻ കുട്ടിയെയും അനിയത്തിമാരെയും മലയാളികൾ അത്ര പെട്ടെന്ന് മറക്കില്ല.

ഇപ്പോൾ, വർഷങ്ങൾക്ക് ശേഷം മാധവൻ കുട്ടിയുടെയും കുടുംബത്തിന്റെയും ജീവിതം എങ്ങനെയായിരിക്കുമെന്ന ആകാംഷയാണ് ഒരു എ.ഐ വീഡിയോയിലൂടെ വീണ്ടും പ്രേക്ഷകരിലേക്കെത്തിയിരിക്കുന്നത്. മാമംഗലം തറവാട്ടിലേക്ക് പ്രേക്ഷകരെ തിരിച്ചുകൊണ്ടുപോകുന്ന ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ വൈറലാവുകയാണ്.

ഹിറ്റ്ലർ, Photo: YouTube/ Screengrab

വീഡിയോയുടെ തുടക്കത്തിൽ തന്നെ, വർഷങ്ങൾക്ക് ശേഷമുള്ള മാധവൻ കുട്ടിയെയും ഭാര്യ ഗൗരിയെയും പരിചയപ്പെടുത്തുന്നു. സിനിമയിൽ ഗൗരിയായി തിളങ്ങിയത് നടി ശോഭനയായിരുന്നു. പഴയ കർക്കശക്കാരനായ മാധവൻ കുട്ടിയിൽ നിന്ന് മാറി, ഇപ്പോൾ കുടുംബബന്ധങ്ങൾ സ്നേഹത്തോടെ മുന്നോട്ട് കൊണ്ടുപോകുന്ന ഒരാളായാണ് വീഡിയോയിൽ അദ്ദേഹത്തെ അവതരിപ്പിക്കുന്നത്.

ഹിറ്റ്ലർ എ.ഐ വീഡിയോ , Photo: YouTube/ Screengrab

സഹോദരിമാരെ ഓർക്കാത്തതോ വിളിക്കാത്തതോ ആയ ഒരു ദിവസം പോലും മാധവൻ കുട്ടിയുടെ ജീവിതത്തിലില്ലെന്ന് വീഡിയോ വ്യക്തമാക്കുന്നു. മാധവൻ കുട്ടിയുടെ 74-ാം ജന്മദിനമാണ് വീഡിയോയുടെ പ്രധാന പശ്ചാത്തലം. ആ ദിനം ആഘോഷിക്കാൻ അനിയത്തിമാരും അവരുടെ കുടുംബങ്ങളുമെല്ലാം മാമംഗലത്ത് എത്തിച്ചേരുന്നു.

അനിയത്തി സീതയുടെ ഭർത്താവായ പ്രൊഫസർ കല്യാണം കഴിഞ്ഞ് അധികകാലം കഴിയുന്നതിന് മുമ്പ് മരണപ്പെട്ടതിന്റെ വേദന ഇന്നും മാധവൻ കുട്ടിയെ അലട്ടുന്നുണ്ടെന്നും, ഇന്നായിരുന്നെങ്കിൽ ആ കല്യാണം നടത്തില്ലായിരുന്നെന്നും മാധവൻ കുട്ടി ഓർക്കുന്നു.

ഹിറ്റ്ലർ എ.ഐ വീഡിയോ , Photo: YouTube/ Screengrab

അമ്മുവും ബാലചന്ദ്രനും ഇപ്പോഴും അവരുടെ പ്രണയം അതേപടി തുടരുകയാണ്. ഹൃദയഭാനുവിനെ പിന്തിരിപ്പിക്കാൻ മാധവൻ കുട്ടി ശ്രമിച്ചെങ്കിലും, അവസാനം തന്റെ ഇഷ്ടപ്രകാരം തുളസിയെ തന്നെ വിവാഹം കഴിക്കുന്നതായും വീഡിയോ പറയുന്നു. മറ്റ് സഹോദരികളും സന്തോഷകരമായ ദാമ്പത്യജീവിതം നയിക്കുന്നതായും കാണിക്കുന്നു.

നാടുവിട്ടുപോകാനിരുന്ന മാധവൻ കുട്ടി തിരികെ വരാൻ കാരണം പൂവാലനായ വിനീതിന്റെ വരവായിരുന്നു. ഒടുവിൽ വിനീത് തന്നെയാണ് ഏറ്റവും ഇളയ അനിയത്തിയെ വിവാഹം കഴിച്ചതെന്നും വീഡിയോ വെളിപ്പെടുത്തുന്നു. ഒരുകാലത്ത് ശത്രുവായിരുന്ന മാമംഗലത്തെ ഗംഗാധരനും ഇപ്പോൾ എല്ലാം മറന്ന് ശാന്തജീവിതത്തിലാണെന്ന് വീഡിയോ സൂചിപ്പിക്കുന്നു.

എന്നാൽ, ഈ എ.ഐ വീഡിയോയിലെ ഏറ്റവും വലിയ സർപ്രൈസ് മാധവൻ കുട്ടിയുടെ മകന്റെ എൻട്രിയാണ്. മാധവൻ കുട്ടിയുടെ മകനായി പ്രത്യക്ഷപ്പെടുന്നത് മറ്റാരുമല്ല ദുൽഖർ സൽമാനാണ്. പിതാവിനെപ്പോലെ തന്നെ കർക്കശസ്വഭാവവും അനിയത്തിമാരോടുള്ള അതിരില്ലാത്ത സ്നേഹവും ഉള്ള ‘മറ്റൊരു ഹിറ്റ്ലർ’ ആയാണ് ദുൽഖറിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സഹോദരിമാരെ ശല്യം ചെയ്യാൻ വരുന്നവരെ ഓടിച്ചുവിടുന്ന രംഗങ്ങളും പ്രേക്ഷകരെ അമ്പരപ്പിച്ചു.

ഹിറ്റ്ലർ സിനിമയിലെ കഥാപാത്രങ്ങൾ ഇന്നെങ്ങനെയായിരിക്കുമെന്ന ആകാംക്ഷ തന്നെയാണ് ഈ വീഡിയോ വൈറലാക്കിയതെന്ന് വ്യക്തമാണ്. പ്രത്യേകിച്ച്, മാധവൻ കുട്ടിയുടെ മകനായി ദുൽഖറിനെ അവതരിപ്പിച്ച ആശയം പ്രേക്ഷകരിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. എന്തായാലും, നൊസ്റ്റാൾജിയയും സർപ്രൈസും ഒരുമിച്ച് സമ്മാനിച്ച ഈ എ.ഐ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിലെ ഏറ്റവും വലിയ ചർച്ചയായിരിക്കുകയാണ്

Content Highlight: AI video of Hitler movie goes viral

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more