| Thursday, 7th May 2026, 8:37 pm

ഡേയ് സ്റ്റാലിനേ നിങ്ങള്‍ രണ്ടും കൂടെ ആ ടി.വി.കെ വിജയ്‌നെ പിടിച്ച് അടിച്ചാ?; വൈറലായി വാഴ 2 എ.ഐ വീഡിയോ

അശ്വിന്‍ രാജേന്ദ്രന്‍

വിപിന്‍ ദാസിന്റെ തിരക്കഥയില്‍ സവിന്‍ സാ സംവിധാനം ചെയ്ത് കേരളത്തിലെ തിയേറ്ററുകളില്‍ തരംഗം തീര്‍ത്ത ചിത്രമായിരുന്നു വാഴ 2. ഇന്‍സ്റ്റഗ്രാം റീലുകളിലൂടെ ശ്രദ്ധിക്കപ്പെട്ട ഒരു പറ്റം യുവതാരങ്ങള്‍ പ്രധാനവേഷത്തിലെത്തിയ ചിത്രത്തിലെ പല രംഗങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഇത്തരത്തില്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത ഒരു സീനായിരുന്നു ചിത്രത്തിലെ ഇടവേളയ്ക്ക് മുമ്പുള്ള ഫൈറ്റ് സീന്‍.

തന്റെ പെങ്ങളുടെ പിന്നാലെ നടന്ന് ശല്ല്യം ചെയ്ത അജിനെ ഹാഷിറും അലനും ചേര്‍ന്ന് തല്ലുന്നതും ശേഷം ഇത് ചോദിക്കാനായി അജിന്റെ ചേട്ടന്‍ ദേവരാജും സുഹൃത്ത് വിനായകും വരുന്ന സീനിന് വലിയ കൈയടിയായിരുന്നു തിയേറ്ററുകളില്‍ ലഭിച്ചത്. കലാഭവന്‍ മണി ആലപിച്ച ‘കൊച്ചുകുഞ്ഞിന്’ എന്ന ഗാനത്തിന്റെ പശ്ചാത്തലം കൂടെയായപ്പോള്‍ സീനിന്റെ ലെവല്‍ മാറുകയായിരുന്നു.

വാഴ 2. Photo: IMDB

എ.ഐയുടെ സഹായത്തോടെ മലയാളത്തിലെ മുതിര്‍ന്ന താരങ്ങളെ വെച്ച് ഈ സീന്‍ റീക്രിയേറ്റ് ചെയ്ത വീഡിയോക്ക് വലിയ സ്വീകാര്യത സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ തമിഴ് നടന്മാരെയും മുന്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെയും വെച്ച് തയ്യാറാക്കിയ പുതിയ എ.ഐ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുന്നത്. തമിഴ്‌നാട്ടിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിലാണ് വീഡിയോ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്.

വീഡിയോയില്‍ ഡി.എം.കെയുടെ മുഖ്യമന്ത്രിയായിരുന്ന സ്റ്റാലിനെയും അനുഭാവികളായ കമല്‍ഹാസനെയും രജിനികാന്തിനെയും ഒരു ടീമായാണ് എഡിറ്റര്‍ ചിത്രീകരിച്ചിരിക്കുന്നത്. ഇവരെ അടിച്ചിടാന്‍ വരുന്ന ടീമില്‍ കാണിച്ചിരിക്കുന്ന മൂന്ന് പേരാണ് കാണികളുടെ കൈയടി നേടുന്നത്. അജിനായെത്തുന്ന സൂര്യയെ അടിച്ചതിന് കണക്ക് ചോദിക്കാനെത്തുന്നത് അജിത് കുമാറും 107 സീറ്റുകളുമായി തമിഴ്‌നാട്ടില്‍ മന്ത്രിസഭ രൂപീകരിക്കാനൊരുങ്ങുന്ന ടി.വി.കെ അധ്യക്ഷന്‍ വിജയിയുമാണ്.

വിജയ്. Photo: X.com

വിജയ് തനിക്ക് യാതൊരു ഭീഷണിയുമല്ലെന്ന് പ്രഖ്യാപിച്ചു കൊണ്ട് തെരഞ്ഞെടുപ്പിനെ നേരിട്ട സ്റ്റാലിനെ വരെ തോല്‍പ്പിച്ചുകൊണ്ടുള്ള താരത്തിന്റെ തോരോട്ടത്തെ കൃത്യമായി സൂചിപ്പിക്കുന്നതായിരുന്നു വീഡിയോ. സൂര്യയുടെ മെയ് 14ന് പുറത്തിറങ്ങാനിരിക്കുന്ന മാസ് ആക്ഷന്‍ ചിത്രം കറുപ്പിന് അതിരാവിലെയുള്ള ഫാന്‍സ് ഷോയ്ക്ക് നേരത്തേയുണ്ടായിരുന്ന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല. ഇത് ചോദ്യം ചെയ്യാനായി മുഖ്യമന്ത്രിയാകാനൊരുങ്ങുന്ന ദളപതിയെയും കൊണ്ട് സൂര്യ ചോദ്യം ചെയ്യാന്‍ വരുന്ന രംഗമാണിതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.

Content Highlight: Ai Video goes viral which recreates Vaazha 2 scene with mk stalin and TVK Vijay

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more