| Monday, 23rd February 2026, 8:34 am

അല്ല ഇത് നമ്മുടെ സ്വപ്നക്കൂടിലെ പത്മയല്ലേ...അതും രക്ഷകനായി കമൽഹാസൻ..? വൈറലായി എ.ഐ വീഡിയോ

നന്ദന എം.സി

മലയാളികൾക്കെന്നും മറക്കാൻ കഴിയാത്ത, ഓർമകളിൽ നിലനിൽക്കുന്ന ചില സിനിമകളുണ്ട്. അത്തരത്തിലുള്ള സിനിമകളിൽ ഒന്നാണ് 2003 ൽ പുറത്തിറങ്ങിയ സ്വപ്നക്കൂട്. പ്രണയവും വിരഹവും കോമഡിയും എല്ലാം ഇണങ്ങി ചേർന്ന ഒരു സിനിമ തന്നെയായിരുന്നു ഇത്.

കാഞ്ഞിരപ്പള്ളി അച്ചായൻ ആയി പൃഥ്വിരാജ് സുകുമാരൻ തിളങ്ങിയപ്പോൾ, കമല എന്ന കഥാപാത്രമായി മീര ജാസ്മിനും , കൂടെ കുഞ്ചാക്കോ ബോബൻ, ജയസൂര്യ, കമലയുടെ അനിയത്തിയായ പത്മയായി ഭാവന എന്നിവരും നിറഞ്ഞാടിയിരുന്നു.

നിറയെ തമാശയും പ്രണയ മുഹൂർത്തങ്ങളും സമ്മാനിച്ച സിനിമയുടെ അവസാന ഭാഗം മാത്രമാണ് പ്രേക്ഷകരുടെ മനസിൽ വലിയൊരു ഭാരം നൽകി അവസാനിച്ചത്. കമലയുടെ അനിയത്തി പത്മ മരിക്കുന്ന രംഗത്തിൽ പ്രേക്ഷകർ ഒന്നാകെ സ്തംഭിച്ചു നിന്ന അവസ്ഥയായിരുന്നു. എല്ലാവരും കൂടി അവസാനമായി ഒരുമിച്ച് കണ്ടുമുട്ടാൻ കടൽത്തീരത്തേക്ക് പോകുന്ന ആ നിമിഷങ്ങൾ ഇന്നും പ്രേക്ഷകരുടെ മനസിൽ തങ്ങി നിൽക്കുന്നു.

സ്വപ്നക്കൂട്, Photo: IMDb

പാറയുടെ മുകളിൽ കയറി നൃത്തം ചെയ്യുന്ന പത്മ, പാറ ഇളകി കടലിലേക്ക് വീഴുന്നതും തുടർന്ന് വെള്ളത്തിനടിയിൽ ഒലിച്ച് പോകുന്നതുമാണ് സിനിമയിൽ കാണിക്കുന്നത്. ആ ഒരു നിമിഷം പ്രേക്ഷകർക്ക് മറക്കാനാകാത്ത ദൃശ്യമായി മാറി. ജയസൂര്യ അവതരിപ്പിച്ച അഷ്ടമൂർത്തിയും പത്മയും തമ്മിലുള്ള കോംബോയും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. അവർ ഒന്നിച്ചിരുന്നെങ്കിൽ എന്ന ആഗ്രഹം പലർക്കുമുണ്ടായിരുന്നു. എന്നാൽ ആ പ്രതീക്ഷകൾ ഒന്നും സഫലമാകാതെ പത്മയുടെ മരണത്തോടെയാണ് സിനിമ അവസാനിച്ചത്.

എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഈ ക്ലൈമാക്സ് മാറ്റിപ്പിടിച്ച ഒരു എ.ഐ വീഡിയോയാണ്. കഥയിൽ ചെറിയൊരു ട്വിസ്റ്റ്. പൃഥ്വിരാജിന്റെയും മീര ജാസ്മിനിന്റെയും കൂടെ കുഞ്ചാക്കോ ബോബന്റെയും വിവാഹ റിസപ്ഷൻ നടക്കുകയാണ്. അഷ്ടമൂർത്തി എല്ലാവർക്കും വെള്ളം കൊടുക്കുന്ന തിരക്കിൽ നിൽക്കുമ്പോൾ, അപ്രതീക്ഷിതമായി ഒരു സ്ത്രീ അകത്ത് കടക്കുന്നു. ക്യാമറ അവളുടെ മുഖം കാണിക്കുമ്പോൾ, അത് മരിച്ചെന്ന് കരുതിയ പത്മയാണെന്ന് മനസിലാകുന്നു.

മരിച്ചെന്ന് കരുതിയ പത്മയെ ജീവനോടെ കണ്ടപ്പോൾ എല്ലാവരും കണ്ണീരോടെ നിൽക്കുന്ന രംഗമാണ് തുടർന്ന് കാണിക്കുന്നത്. പിന്നാലെ പത്മ എങ്ങനെ രക്ഷപ്പെട്ടു എന്നതാണ് വീഡിയോ വിശദീകരിക്കുന്നത്. കടലിൽ വീണ പത്മ, മീൻ പിടിക്കാനിറങ്ങിയ കമൽ ഹാസന്റെ വലയിൽ കുടുങ്ങുന്നു. തുടർന്ന് അദ്ദേഹം അവളെ ആശുപത്രിയിൽ എത്തിച്ച് ശുശ്രൂഷിക്കുന്നു. പൂർണ ആരോഗ്യത്തോടെ ജീവിതത്തിലേക്ക് മടങ്ങിയ പത്മയെ പിന്നീട് കേരളത്തിലേക്ക് കൊണ്ടുവരുന്നതാണ് വീഡിയോയിൽ കാണിക്കുന്നത്.

സ്വപ്നക്കൂട്, Photo: YouTube/ Screengrab

അവസാനമായി കമലയും അഷ്ടമൂർത്തിയും ഉൾപ്പെടെ എല്ലാവരും കമൽ ഹാസനോട് നന്ദി പറയുന്ന രംഗവും, ‘ആരംഭിക്കലാമാ…’ എന്ന കമൽഹാസന്റെ ഡയലോഗോടെയാണ് വീഡിയോ അവസാനിക്കുന്നത്.

സ്വപ്നക്കൂടിൽ പ്രേക്ഷകർ ആഗ്രഹിച്ച ഒരു ക്ലൈമാക്സ് കണ്ട സന്തോഷത്തിലാണ് മലയാളി പ്രേക്ഷകർ. കടലിൽ വീണ ഭാവനയെ വിക്രം സിനിമയിലെ കമൽ ഹാസൻ വന്ന് രക്ഷിക്കുന്നു എന്ന തരത്തിലുള്ള കമന്റുകളും സോഷ്യൽ മീഡിയയിൽ നിറയുന്നു. എന്തായാലും ഈ ഒരു എ.ഐ വീഡിയോയാണിപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച.

Content Highlight: AI video from Swapnakood movie goes viral

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more