| Tuesday, 6th January 2026, 10:56 am

അണ്ണനും തമ്പിയുമായി സൂര്യയും ദുല്‍ഖറും, കാണാന്‍ തന്നെ എന്ത് രസമായേനെ, വൈറലായി പുറനാനൂറ് എ.ഐ വീഡിയോ

അമര്‍നാഥ് എം.

ശിവകാര്‍ത്തികേയന്‍ നായകനായെത്തുന്ന പരാശക്തിയുടെ ട്രെയ്‌ലര്‍ റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. സുധാ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രം ശക്തമായ രാഷ്ട്രീയമാണ് സംസാരിക്കുന്നത്. 24 മണിക്കൂറിനുള്ളില്‍ 40 മില്യണ്‍ ആളുകളാണ് ട്രെയ്‌ലര്‍ കണ്ടത്. പരാശക്തിയുടെ ട്രെയ്‌ലര്‍ റിലീസായതിന് പിന്നാലെ വലിയ ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍.

ചിത്രത്തില്‍ ആദ്യം നായകനാകേണ്ടിയിരുന്നത് സൂര്യയായിരുന്നു. സൂരറൈ പോട്രിന് ശേഷം സൂര്യയും സുധാ കൊങ്കരയും ഒന്നിക്കുന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റിന് വന്‍ വരവേല്പായിരുന്നു. സൂര്യക്ക് പുറമെ ദുല്‍ഖര്‍ സല്‍മാന്‍, നസ്രിയ, വിജയ് വര്‍മ എന്നിവരായിരുന്നു മറ്റ് താരങ്ങള്‍. എന്നാല്‍ സൂര്യ പിന്മാറിയതിന് പിന്നാലെ കാസ്റ്റ് മൊത്തം അഴിച്ചുപണിയുകയായിരുന്നു. 1964 പുറനാനൂറ് എന്ന പേര് പരാശക്തി എന്ന് മാറ്റുകയായിരുന്നു.

പുറനാനൂറ് എ.ഐ വീഡിയോ Photo: Selvora AI/ Instagram

പരാശക്തിയുടെ ട്രെയ്‌ലറിന്റെ എ.ഐ വേര്‍ഷനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ശിവകാര്‍ത്തികേയന് പകരം സൂര്യയും അഥര്‍വക്ക് പകരം ദുല്‍ഖറുമാണ് ട്രെയ്‌ലറില്‍. ശ്രീലീലയുടെ കഥാപാത്രത്തിന് പകരം നസ്രിയയെയും വീഡിയോയില്‍ കാണിക്കുന്നുണ്ട്. രണ്ട് ഗെറ്റപ്പാണ് സൂര്യക്ക് നല്‍കിയിരിക്കുന്നത്. വിജയ് വര്‍മയും സൂര്യയും തമ്മിലുള്ള പൊലീസ് സ്റ്റേഷന്‍ സീനിന്റ് സ്‌ക്രീന്‍ഷോട്ടും വൈറലായിട്ടുണ്ട്. സെല്‍വോറ എ.ഐ എന്ന പേജാണ് വീഡിയേക്ക് പിന്നില്‍.

സൂര്യയും ദുല്‍ഖറും സഹോദരന്മാരായി സ്‌ക്രീനില്‍ എത്തുന്നത് കാണാന്‍ പറ്റാത്തത് വലിയ നഷ്ടമാണെന്ന് ആരാധകര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഇരുവരുടെയും കരിയറിലെ വലിയ നഷ്ടമാകും ഇതെന്ന് ആദ്യം മുതല്‍ക്കേ അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. 1964ല്‍ തമിഴ്‌നാട്ടില്‍ ഹിന്ദി അടിച്ചേല്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമത്തിനെതിരെ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭമാണ് പരാശക്തിയുടെ കഥ.

പുറനാനൂറ് എ.ഐ വീഡിയോ Photo: Selvora AI/ Instagram

സൂര്യയുടെ പങ്കാളിയും നടിയുമായ ജ്യോതികയുടെ ഹിന്ദി മാര്‍ക്കറ്റ് സംരക്ഷിക്കാന്‍ വേണ്ടിയാണ് സൂര്യ പുറനാനൂറില്‍ നിന്ന് പിന്മാറിയതെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തതയുമായി സുധ കൊങ്കര രംഗത്തെത്തി. ഒറ്റ ഷെഡ്യൂളില്‍ തീര്‍ക്കാന്‍ കഴിയാത്തതുകൊണ്ടാണ് സൂര്യ പിന്മാറിയതെന്ന് സുധ വെളിപ്പെടുത്തി.

ഹിന്ദി അടിച്ചേല്പിക്കലിനെതിരെ പോരാടുന്ന വിദ്യാര്‍ത്ഥി നേതാവായാണ് അഥര്‍വ വേഷമിടുന്നത്. റയില്‍വേ ജീവനക്കാരനായ സഹോദരനായി എത്തുന്നത് ശിവകാര്‍ത്തികേയനാണ്. ഒരുഘട്ടത്തില്‍ അനിയന്റെ ലക്ഷ്യം തന്റേത് കൂടിയാണെന്ന് തിരിച്ചറിഞ്ഞ് ശിവകാര്‍ത്തികേയന്റെ കഥാപാത്രം പോരാട്ടത്തിനിറങ്ങുന്നിടത്ത് കഥ വികസിക്കുന്നു. രവി മോഹനാണ് ചിത്രത്തില്‍ വില്ലനായി പ്രത്യക്ഷപ്പെടുന്നത്.

Content Highlight: AI version of Parasakthi starring Suriya and Dulquer viral

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more