| Saturday, 9th August 2025, 8:18 pm

കേരളത്തിലെ സ്‌കൂളുകളില്‍ 100 എ.ഐ റോബോട്ടിക്‌സ് ലാബുകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങി കൊക്കോസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: നിര്‍മിത ബുദ്ധിയും (എ.ഐ) റോബോട്ടിക്‌സ് വിദ്യാഭ്യാസവും നല്‍കുന്ന മലപ്പുറം തിരുര്‍ ആസ്ഥാനമായുള്ള പ്രമുഖ സ്റ്റാര്‍ട്ടപ്പായ കൊക്കോസ്, കേരളത്തിലെ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളില്‍ 100 എ.ഐ റോബോട്ടിക്‌സ് ലാബുകള്‍ സ്ഥാപിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചു.

അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഈ പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഭാവിയിലേക്ക് കുട്ടികളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഉദ്യമമെന്ന് കോഴിക്കോട് വെച്ച് നടന്ന പത്രസമ്മേളനത്തില്‍ കമ്പനി അധികൃതര്‍ അറിയിച്ചു. പദ്ധതിയുടെ ആദ്യ നിര്‍മിത ബുദ്ധി റോബോട്ടിക്സ് ലാബ് മലപ്പുറം പുറത്തൂര്‍ സര്‍ക്കാര്‍ യു.പി സ്‌കൂളില്‍ ആഗസ്റ്റ് 13 ന് ഉദ്ഘാടനം ചെയ്യും. 18 ലക്ഷം രൂപ മുടക്കിലാണ് ലാബ് സ്ഥാപിച്ചിട്ടുള്ളത്.

കേരളത്തില്‍ ഇത്തരമൊരു പദ്ധതി ആദ്യമായാണ് നടപ്പാക്കുന്നത്. ഈ സംരംഭത്തിലൂടെ, വിദ്യാര്‍ത്ഥികള്‍ക്ക് എ.ഐ, റോബോട്ടിക്‌സ് എന്നിവയില്‍ പ്രായോഗിക പരിശീലനവും ആഴത്തിലുള്ള അറിവും നേടാന്‍ സാധിക്കും. നഗര-ഗ്രാമീണ മേഖലകളിലെ സാങ്കേതികവിദ്യാ വിടവ് കുറച്ച്, എല്ലാ കുട്ടികള്‍ക്കും ഈ നൂതന സാങ്കേതികവിദ്യകള്‍ ലഭ്യമാക്കുക എന്നതാണ് കൊക്കോസിന്റെ പ്രധാന ലക്ഷ്യം.

നിര്‍മിത ബുദ്ധി നമ്മുടെ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയ ഈ കാലഘട്ടത്തില്‍, കുട്ടികള്‍ക്ക് ചെറുപ്പത്തില്‍ തന്നെ എ.ഐ വിദ്യാഭ്യാസം നല്‍കേണ്ടത് അത്യാവശ്യമാണ്. മൊബൈല്‍ ഫോണുകള്‍, സോഷ്യല്‍ മീഡിയ, ആരോഗ്യം, ഗതാഗതം തുടങ്ങിയ മേഖലകളില്‍ എ.ഐയുടെ സ്വാധീനം വ്യക്തമാണ്. ഈ സാങ്കേതികവിദ്യകളെക്കുറിച്ച് മനസ്സിലാക്കുന്നതിലൂടെ കുട്ടികള്‍ക്ക് പുതിയ ലോകത്ത് അതിജീവിക്കാനുള്ള കഴിവുകള്‍ നേടാനാകുമെന്ന് കൊക്കോസ് ചൂണ്ടിക്കാട്ടുന്നു.

‘ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. ഈ മാറ്റത്തിന്റെ മുന്‍പന്തിയില്‍ എഐയുണ്ട്. യന്ത്രങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് പഠിപ്പിക്കുക മാത്രമല്ല, കുട്ടികളില്‍ വിമര്‍ശനാത്മകമായ ചിന്തയും സര്‍ഗാത്മകമായ പ്രശ്‌നപരിഹാര ശേഷിയും വളര്‍ത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഇത് കോഡിംഗ് മാത്രമല്ല, ഭാവി ലോകത്തെ രൂപപ്പെടുത്താന്‍ അവരെ പ്രാപ്തരാക്കുന്നതിനുള്ള ഒരുക്കമാണ്,’ കൊക്കോസ് ചീഫ് ടെക്‌നിക്കല്‍ ഓഫീസര്‍ ഷഫീഖ് റഹ്‌മാന്‍ വ്യക്തമാക്കി.

പ്രത്യേകം രൂപകല്‍പ്പന ചെയ്ത എ.ഐ പഠന പ്ലാറ്റ്ഫോമും ലോകോത്തര നിലവാരമുള്ള പാഠപുസ്തകങ്ങളും ഈ പദ്ധതിയുടെ ഭാഗമാണ്. ഈ പാഠ്യപദ്ധതി, ഗണിതം, ശാസ്ത്രം തുടങ്ങിയ വിഷയങ്ങളെ ബന്ധിപ്പിച്ച്, കുട്ടികളില്‍ യുക്തിപരമായ ചിന്തയും ശാസ്ത്രീയ മനോഭാവവും വളര്‍ത്താന്‍ സഹായിക്കും.

എ.ഐയെക്കുറിച്ച് അറിവുള്ളവര്‍ക്ക് വളര്‍ന്നുവരുന്ന തൊഴില്‍ മേഖലകളില്‍ ശോഭിക്കാന്‍ സാധിക്കുമെന്ന് കൊക്കോസ് സി.പി.ഒ സൂരജ് രാജന്‍ പറഞ്ഞു. റോബോട്ടിക്‌സ് ലാബുകളിലൂടെ ലഭിക്കുന്ന പ്രായോഗിക പരിശീലനം കുട്ടികളെ അവരുടെ ആശയങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സഹായിക്കും. ഈ സംരംഭം, വിദ്യാര്‍ത്ഥികളെ പരീക്ഷകള്‍ക്ക് മാത്രമല്ല, ജീവിതത്തിനും സജ്ജരാക്കി, അവരെ ഭാവിയിലേക്ക് ഒരുക്കുകയും മികച്ച ഒരു ലോകം സൃഷ്ടിക്കാന്‍ പ്രാപ്തരാക്കുകയും ചെയ്യും.

content highlights: AI startup kokos plans to set up 100 AI robotics labs in schools in Kerala

We use cookies to give you the best possible experience. Learn more