| Tuesday, 10th February 2026, 11:06 pm

പനമ്പറ്റയിലെ കുട്ടികള്‍ പഠിക്കും 'റോബോട്ടിന്റെ ടെക്‌നിക്'

അനിത സി

കണ്ണൂര്‍: പുത്തന്‍ സാങ്കേതികവിദ്യയുടെ പാഠങ്ങള്‍ പഠിക്കാന്‍ അത്യാധുനിക എ.ഐ-റോബോട്ടിക്‌സ് ലാബ് മാലൂര്‍ പനമ്പറ്റ ന്യൂ യു.പി സ്‌കൂളില്‍ പ്രവര്‍ത്തനം തുടങ്ങി. കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി യതീഷ് ചന്ദ്ര ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. നിര്‍മിതബുദ്ധിയുടെ സാധ്യതകള്‍ പ്രൈമറി തലം മുതല്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്‌കൂളില്‍ റോബോട്ടിക്സ് ലാബ് സ്ഥാപിച്ചത്.

ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുണീക് വേള്‍ഡ് റോബോട്ടിക്‌സ് എന്ന സ്റ്റാര്‍ട്ടപ്പാണ് റോബോട്ടിക്സ് എഐ ആന്‍ഡ് ഇന്നൊവേഷന്‍ ലാബ് (RAIL) ഒരുക്കിയത്.
ലാബ് ഉദ്ഘാടനത്തിന്റെ ഭാഗമായി ചൊവ്വാഴ്ച രാവിലെ മുതല്‍ എ.ഐ ആന്റ് റൊബോട്ടിക് എക്‌സ്പീരിയന്‍സ് സെന്റര്‍ സ്‌കൂളില്‍ സജ്ജമാക്കിയിരുന്നു.

പ്രദര്‍ശനം കാണാനും നിര്‍മിതി ബുദ്ധിയുടെ സാധ്യതകള്‍ അനുഭവിച്ചറിയാനും വിവിധ സ്‌കൂളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും പൊതുജനങ്ങളുമെത്തി. വിദ്യാര്‍ത്ഥികളില്‍ ആധുനിക സാങ്കേതിക വിദ്യയുടെ അഭിരുചി വളര്‍ത്തുന്ന രീതിയിലാണ് ഈ ലാബ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

നിര്‍മ്മിത ബുദ്ധി (AI), ഇലക്ട്രോണിക്‌സ് എന്നിവ പഠിക്കാന്‍ സഹായിക്കുന്ന ക്വാര്‍ക്കി (Quarky), വിസ്ബോട്ട് (Wizbot) തുടങ്ങിയ കിറ്റുകളും പ്ലൂട്ടോ ഡ്രോണുകളും ലാബില്‍ സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് ഭാവനയിലുള്ള രൂപങ്ങള്‍ നിര്‍മിച്ചെടുക്കാന്‍ ത്രിഡി പ്രിന്ററുകളും ത്രീഡി പേനകളും ഇവിടെ ലഭ്യമാകും. പ്രോഗ്രാം ചെയ്യാന്‍ സാധിക്കുന്ന ‘ബോണിക് ബോട്ട്’ എന്ന ഹ്യൂമനോയിഡ് റോബോട്ടും സജ്ജമാക്കും.

നാസ സ്പേസ് ആപ്സ് ചലഞ്ച് 2025-ന്റെ ആഗോളതലത്തിലെ ഏറ്റവും വലിയ സംഘാടകരായ
യുണീക്ക് വേള്‍ഡ് റോബോട്ടിക്സ് നേരിട്ട് പനമ്പറ്റ സ്‌കൂളിലെ കുട്ടികളെ പഠിപ്പിക്കും. വിദേശത്ത് നിന്ന് സാങ്കേതികവിദ്യ വിദഗ്ധരും വിദ്യാര്‍ത്ഥികളും നേരിട്ടെത്തി പനമ്പറ്റ സ്‌കൂളിലെ കുട്ടികള്‍ക്ക് പരിശീലനം നല്‍കും.

വിദ്യാര്‍ത്ഥികള്‍ക്ക് പുറമേ ഗ്രാമീണമേഖലയിലെ ജനങ്ങള്‍ക്കും സാങ്കേതിക വിദ്യാഭ്യാസം നല്‍കുക എന്ന വലിയ ലക്ഷ്യം കൂടി ഏറ്റെടുക്കുകയാണ് ഈ പൊതുവിദ്യാലയം. ചടങ്ങില്‍ മാലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. സുരേഷ് ബാബു അധ്യക്ഷനായി. യൂണീക് വേള്‍ഡ് റൊബോട്ടിക്‌സ് സി.ഇ.ഒ ബന്‍സന്‍ തോമസ് ജോര്‍ജ് മുഖ്യാതിഥിയായി.

സ്റ്റാര്‍ട്ട് അപ് മിഷന്‍ പി.ആര്‍.ഒ അഷിത വി.എ , കേരള സാങ്കേതിക സര്‍വകലാശാല മുന്‍ സിന്‍ഡിക്കറ്റംഗം ആഷിക് ഇബ്രാഹിം കുട്ടി എന്നിവര്‍ പദ്ധതി വിശദീകരിച്ചു. സ്‌കൂള്‍ മാനേജര്‍ വി.കെ സനോജ് സ്വാഗതവും പ്രധാനാധ്യാപകന്‍ ടി.പി രഞ്ജിത് കുമാര്‍ നന്ദിയും പറഞ്ഞു.

Content Highlight: AI-Robotics Lab begins operations at New UP School, Kanur Malur, Panambatta

അനിത സി

ഡൂള്‍ ന്യൂസ് സബ് എഡിറ്റര്‍

We use cookies to give you the best possible experience. Learn more