| Friday, 27th February 2026, 4:29 pm

വീരപ്പന്‍കുറുപ്പായി സന്ദീപ്, ഉണ്ണിയായി നസ്‌ലെന്‍, സുന്ദരനായി മാത്യു ; വൈറലായി പറക്കും തളികയിലെ ന്യൂജെന്‍ കാസ്റ്റിങ്

അശ്വിന്‍ രാജേന്ദ്രന്‍

എത്രകണ്ടാലും മതിവരാത്ത മലയാളത്തിലെ പഴയകാല ചിത്രങ്ങളില്‍ ഒന്നാണ് താഹ സംവിധാനം ചെയ്ത് 2001 ല്‍ പുറത്തിറങ്ങിയ ഈ പറക്കും തളിക. ദിലീപ്, ഹരിശ്രീ അശോകന്‍, കൊച്ചിന്‍ ഹനീഫ, നിത്യദാസ്, സലിം കുമാര്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തിയ സ്ലാപ്സ്റ്റിക്ക് കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന് അന്യായ റിപ്പീറ്റ് വാല്യൂവാണുള്ളത്.

ഈ പറക്കും തളിക. Photo: Saina Movies

എന്നാല്‍ ചിത്രവുമായി ബന്ധപ്പെട്ട് പുറത്തു വന്ന എ.ഐ പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. 2001 ല്‍ പുറത്തിറങ്ങിയ ചിത്രം ഇന്നാണ് റിലീസെങ്കില്‍ ആരെല്ലാമാകും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുക എന്ന ആശയത്തില്‍ പുറത്തിറങ്ങിയ പോസ്റ്ററാണ് സിനിമാ പ്രേമികള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. മലയാളത്തില്‍ ഇപ്പോള്‍ തിളങ്ങി നില്‍ക്കുന്ന യുവതാരങ്ങളെയാണ് പറക്കും തളികയില്‍ ക്രിയേറ്റര്‍ കാസ്റ്റ് ചെയ്തിരിക്കുന്നത്.

ദിലീപ് അവതരിപ്പിച്ച ഉണ്ണികൃഷ്ണനായെത്തുന്നത് യുവതാരം നസ്‌ലെന്‍ ആണ്. പാപ്പരായ ബസ്മുതലാളിയായി നസ്‌ലെന്‍ പെര്‍ഫെക്ട് കാസ്റ്റിങ് ആണെന്നാണ് പലരുടെയും അഭിപ്രായം. നസ്‌ലെനെ പ്രേക്ഷകര്‍ കണ്ടുപരിചിയിച്ചിട്ടില്ലാത്ത ലുക്കായ മുണ്ടും ഷര്‍ട്ടും കഴുത്തിലെ തൂവാലയുമെല്ലാം ഇതിനോടകം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. ഉണ്ണികൃഷ്ണന്റെ സന്തതസഹചാരിയും ഉറ്റസുഹൃത്തുമായ ഹരിശ്രീ അശോകന്റെ സുന്ദരേശനായെത്തുന്നത് മാത്യൂ തോമസാണ്. മലയാളത്തിലെ വളര്‍ന്നുവരുന്ന യുവതാരമായ മാത്യൂവിന്റെ താടി താരത്തെ കഥാപാത്രത്തിന് അനുയോജ്യനാക്കുന്നുണ്ട്.

ചിത്രത്തില്‍ സര്‍പ്രൈസ് എന്‍ട്രി നടത്തുന്ന ബാസന്തിയെന്ന നായികയായി എത്തുന്നത് തെന്നിന്ത്യയില്‍ തിളങ്ങി നില്‍ക്കുന്ന മമിത ബൈജുവാണ്. അലഞ്ഞു തിരിഞ്ഞു നടക്കുന്ന നാടോടി സ്ത്രീയായി എത്തുന്ന കഥാപാത്രമായി മാറാന്‍ മമിതക്ക് പെട്ടെന്ന് കഴിയുമെന്നാണ് ആരാധകരുടെ അഭിപ്രായം. എന്നാല്‍ പോസ്റ്റില്‍ ഏറ്റവും കൂടുതല്‍ കൈയടി ലഭിക്കുന്നത് പടക്കളം സന്ദീപ് എന്ന പേരില്‍ ആരാധകര്‍ വിളിക്കുന്ന സന്ദീപ് പ്രദീപിനാണ്. താരം കൊച്ചിന്‍ ഹനീഫ അവതരിപ്പിച്ച വീരപ്പന്‍ കുറുപ്പ് എന്ന പൊലീസ് കഥാപാത്രമായാണ് പോസ്റ്റില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കഥാപാത്രത്തിന്റെ മീശയും താടിയും കവിളിലെ മറുകും താരത്തിന് നല്ല രീതിയില്‍ ചേരുന്നുണ്ട്.

എന്നാല്‍ പുതിയകാല സിനിമകളില്‍ ഒഴിച്ചുകൂടാനാകാത്ത അഭിനേതാവ് സംഗീത് പ്രതാപിന് നല്‍കിയ വേഷം ലുക്ക് കൊണ്ടും താരത്തിന്റെ മാനറിസം കൊണ്ടും നൂറു ശതമാനം പെര്‍ഫെക്ടാണ്. കലാഭവന്‍ ഹനീഫ അവതരിപ്പിച്ച മണവാളന്റെ വേഷമാണ് സംഗീതിന് ലഭിച്ചിരിക്കുന്നത്. സുന്ദരനും ഉണ്ണിയും ചേര്‍ന്ന് മേക്കപ്പിട്ട കഥാപാത്രം മീശയും താടിയുമില്ലാതെയാണ് തന്റെ കല്ല്യാണത്തിന് പോകുന്നത്.

Photo: Saju James/ Facebook.com

ഇത്തരത്തില്‍ ഒരുപാട് പഴയകാല ചിത്രങ്ങളില്‍ പുതുമുഖ താരങ്ങള്‍ വന്നാല്‍ എങ്ങനെയിരിക്കുമെന്ന പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. മീശമാധവന്‍, ചെമ്മീന്‍, ധ്രുവം തുടങ്ങിയ ചിത്രങ്ങളില്‍ ഇതേ താരങ്ങളെ കാസ്റ്റ് ചെയ്താല്‍ എങ്ങനെയുണ്ടാകുമെന്ന പോസ്റ്റുകള്‍ ഇതിനോടകം വൈറലായിരുന്നു.

Content Highlight: Ai Poster of Ee parakkum thalika cast with new generation actors went viral on social media

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ 

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more