മഹേഷ് ബാബുവിനെ നായനാക്കി എസ്.എസ് രാജമൗലി സംവിധാനം ചെയ്യുന്ന വാരണാസിയെ പോലെ തന്നെ ആളുകള്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണ. ഐതീഹ്യ കഥാപാത്രമായ രാമനായി രണ്‍ബീര്‍ കപൂര്‍ സീതയായി പ്രേക്ഷകരുടെ പ്രിയപ്പെട്ട സായ് പല്ലവിയും പ്രധാനവേഷത്തിലെത്തുന്ന ചിത്രം ഇന്ത്യന്‍ സിനിമയിലെ മറ്റൊരു ബ്രഹ്‌മാണ്ഡ ചിത്രമായാണ് ഒരുങ്ങുന്നത്.
ചിത്രം ചര്‍ച്ചയായത് മുതല്‍ പ്രേക്ഷകര്‍ ഉറ്റ് നോക്കിയിരുന്നത് ഓരോ കഥാപാത്രങ്ങളും അവതരിപ്പിക്കുന്നത് ആരാണെന്ന് അറിയുന്നതിനായിരുന്നു. ഹൈന്ദവ സംസ്‌കാരത്തിലെ പ്രധാനപ്പെട്ട ഐതീഹ്യ കഥാപാത്രങ്ങളെ പ്രേക്ഷകര്‍ ഉദ്ദേശിക്കുന്ന തരത്തില്‍ വെള്ളിത്തിരയില്‍ ആര്‍ക്കായിരിക്കും അവതരിപ്പിക്കാന്‍ സാധിക്കുക എന്നത് വലിയ ചോദ്യമായിരുന്നു. സീതയായി ആരെത്തും എന്നതിനെക്കുറിച്ചായിരുന്നു ഭൂരിഭാഗം ചര്‍ച്ചകളും നടന്നിരുന്നത്.
രാമായണ. Photo: IMDB
ബോളിവുഡില്‍ ഒട്ടനവധി നടിമാരുടെ പേരുകള്‍ ഉയര്‍ന്ന് കേട്ടിരുന്നുവെങ്കിലും ഒടുവില്‍ നറുക്ക് വീണത് സൗത്ത് ഇന്ത്യന്‍ സെന്‍സേഷനായ സായ് പല്ലവിക്കായിരുന്നു. ഗ്ലാമറസ് റോളുകള്‍ ചെയ്യാന്‍ കൂട്ടാക്കാത്ത താരം തന്നെയാണ് സീതയുടെ കഥാപാത്രം ചെയ്യാന്‍ ഏറ്റവും അനുയോജ്യ എന്ന വാദവുമായി ഒട്ടേറെപ്പേര്‍ താരത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
എന്നാല്‍ ഇപ്പോഴിതാ ചിത്രത്തിലെ രാമന്റെയും സീതയുടെയും പുറത്തുവന്നിരിക്കുന്ന എ.ഐ ലുക്കാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. റിയലാണോ ഫേക്കാണോ എന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത രീതിയിലുള്ള ഇമേജാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. പിന്നാലെ അഭിനേതാവായ ആശിഷ് ശര്‍മ ചിത്രം ഫേക്ക് ആണെന്നറിയിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.
സീതയായെത്തിയ സായ് പല്ലവിക്ക് ചിത്രം പുറത്ത് വന്നതിന് പിന്നാലെ വലിയ ട്രോളുകളും നേരിടേണ്ടി വരുന്നുണ്ട്. രണ്‍ബീറിന്റെ രാമന്‍ വന്‍ ലുക്കായപ്പോള്‍ സായ് പല്ലവിക്ക് താരത്തിനൊപ്പം പിടിച്ചുനില്‍ക്കാന്‍ സാധിക്കുന്നില്ലെന്നാണ് കമന്റുകള്‍ ഭൂരിഭാഗവും. എ.ഐ യാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ പലരും സായ് ഈ റോളിന് ചേരുന്നില്ലെന്ന വാദവുമായാണ് രംഗത്തെത്തിയിരിക്കുന്നത്. താരത്തിന് പകരം യാമി ഗൗതമോ, കൃതി സനോണോ ആയിരുന്നെങ്കില്‍ കൂടുതല്‍ നന്നായേനെ എന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്.
രാമായണ. Photo: IMDB
ഫേക്കായിട്ടുള്ള ഒരു ചിത്രം കണ്ടിട്ട് ആരെയും വിലയിരുത്തേണ്ടതില്ലെന്നും തന്റെ അഭിനയമികവ് കൊണ്ട് താരം കഥാപാത്രത്തെ പൂര്‍ണതയിലെത്തിക്കുമെന്നാണ് താരത്തെ അനുകൂലിച്ച് കൊണ്ട് പലരും കമന്റുകള്‍ രേഖപ്പെടുത്തുന്നത്. സെറ്റില്‍ നിന്നും വിശ്വസിനീയമായ ഫോട്ടോകള്‍ വന്നിട്ട് വിലയിരുത്താം എന്നും, അതുവരെ അനാവശ്യ ചര്‍ച്ചകള്‍ ഒഴിവാക്കാമെന്നും പലരും അഭിപ്രായം അറിയിച്ചിട്ടുണ്ട്.
അതേസമയം യഷ്, രവി ദുബെ, രാകുല്‍ പ്രീത് സിങ്, കാജല്‍ അഗര്‍വാള്‍, വിവേക് ഒബ്രോയ് തുടങ്ങി വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ ഒരോരുത്തരുടെയും ലുക്കിനായും പ്രകടനത്തിനായും കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തിനായി എ.ആര്‍ റഹ്‌മാനും ലോകപ്രശസ്ത സംഗീതഞ്ജന്‍ ഹാന്‍സ് സിമ്മറും കൈകോര്‍ക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.
Content Highlight: Ai Photo of Ramayana location still goes viral on social media
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ