| Wednesday, 30th July 2025, 4:15 pm

സംവിധാനം ആഷിഖ് അബു, ജയകൃഷ്ണനായി ഫഹദ്, ട്രെന്‍ഡായി തൂവാനത്തുമ്പികള്‍ റീമേക്ക് വേര്‍ഷന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈയിടെ ഒരു അഭിമുഖത്തില്‍ മോഹന്‍ലാല്‍- പദ്മരാജന്‍ കൂട്ടുകെട്ടില്‍ പിറന്ന സീസണ്‍ എന്ന ചിത്രം റീമേക്ക് ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് മലയാളികളുടെ സ്വന്തം ഫഹദ് ഫാസില്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അമല്‍ നീരദിനോട് ഇക്കാര്യം പലപ്പോഴും ആവശ്യപ്പെട്ടിട്ടുണ്ടെന്നും താരം പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ ഫഹദിനെ എതിര്‍ത്തും അനുകൂലിച്ചും നിരവധിയാളുകള്‍ രംഗത്തെത്തി.

ക്ലാസിക് ചിത്രമാണ് സീസണെന്നും അതിനെ ഒഴിവാക്കിയേക്ക് എന്നുമായിരുന്നു ഫഹദിനോടുള്ള ചിലരുടെ വിമര്‍ശനം. ഒരു നടനെന്ന നിലയില്‍ അയാള്‍ തന്റെ ആഗ്രഹം പ്രകടിപ്പിച്ചെന്ന് പറഞ്ഞ് ചിലര്‍ ഫഹദിനെ അനുകൂലിച്ച് പോസ്റ്റുകളുമായെത്തി. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായി നില്‍ക്കുന്നത് പദ്മരാജന്റെ മറ്റൊരു ചിത്രമാണ്.

മോഹന്‍ലാല്‍- പദ്മരാജന്‍ കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രം തൂവാനത്തുമ്പികള്‍ 2025ല്‍ പുറത്തിറങ്ങിയാല്‍ എങ്ങനെയുണ്ടാകുമെന്ന ചിന്തയില്‍ ഒരാള്‍ പങ്കുവെച്ച പോസ്റ്റ് ഇതിനോടകം വൈറലായി മാറി. നിലവില്‍ മലയാളത്തിലെ മികച്ച സംവിധായകരിലൊരാളായ ആഷിഖ് അബുവാകും ചിത്രം സംവിധാനം ചെയ്യുന്നതെന്നാണ് പോസ്റ്റിലുള്ളത്. പദ്മരാജന്റെ ചിത്രം എ.ഐ ഉപയോഗിച്ച് ആഷിക്കിന്റേതാക്കി മാറ്റിയാണ് പോസ്റ്റ് ചെയ്തത്.

ചിത്രത്തിലെ താരങ്ങളെയും ഇത്തരത്തില്‍ രൂപമാറ്റം നടത്തിയിട്ടുണ്ട്. നായകനായ ജയകൃഷ്ണനെ ഫഹദ് അവതരിപ്പിക്കുമെന്നാണ് കാണിച്ചിരിക്കുന്നത്. സുമലത അനശ്വരമാക്കിയ ക്ലാരയുടെ വേഷത്തില്‍ റിമ കല്ലിങ്കലിനെയും കാസ്റ്റ് ചെയ്തിട്ടുണ്ട്. ഒറിജിനലിനോട് നീതിപുലര്‍ത്തിയ തരത്തിലാണ് ഈ ഫോട്ടോ റീക്രിയേറ്റ് ചെയ്തിരിക്കുന്നത്.

പാര്‍വതി അവതരിപ്പിച്ച രാധ എന്ന കഥാപാത്രത്തെ ഇന്നത്തെ കാലത്ത് അവതരിപ്പിക്കാന്‍ നിമിഷ സജയനും റിഷിയായി സൗബിനും വേഷമിടുമെന്നും പോസ്റ്റില്‍ കാണിച്ചിട്ടുണ്ട്. ബാബു നമ്പൂതിരിയുടെ തങ്ങള്‍ എന്ന കഥാപാത്രത്തെ അലന്‍സിയറും അവതരിപ്പിക്കുമെന്ന് പോസ്റ്റില്‍ പറയുന്നുണ്ട്. ജോണ്‍ മാത്തന്‍ എന്ന ഐഡിയാണ് ഈ പോസ്റ്റ് പങ്കുവെച്ചത്.

ഈ പോസ്റ്റിന്റെ കമന്റ് ബോക്‌സ് വളരെ രസകരമായിട്ടുണ്ടെന്നത് മറ്റൊരു വസ്തുതയാണ്. ‘മണ്ണാറത്തൊടി ജയകൃഷ്ണന് പകരം മട്ടാഞ്ചേരി ജയകൃഷ്ണന്‍ എന്നാകും നായകന്റെ പേര്’ എന്നാണ് ഒരാള്‍ പങ്കുവെച്ച കമന്റ്. ‘ഇന്ന് സിനിമയിലുള്ള ഒരു യൂത്തനും ആ റേഞ്ചില്‍ അവതരിപ്പിക്കാന്‍ കഴിയില്ല’ എന്നാണ് മറ്റൊരാള്‍ അഭിപ്രായപ്പെട്ടത്.

ഇതിന് മുമ്പ് മമ്മൂട്ടിയുടെ ഭ്രമയുഗം കമല്‍ ഹാസന്‍ ചെയ്തിരുന്നെങ്കില്‍ എന്ന് അഭിപ്രായപ്പെട്ടുകൊണ്ട് ഒരാള്‍ ഇത്തരത്തില്‍ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ഒറിജിനലിനെ വെല്ലുന്ന തരത്തിലാണ് എ.ഐയില്‍ എഡിറ്റ് ചെയ്തത്. ടെക്‌നോളജി ഓരോദിവസവും വലുതായിക്കൊണ്ടിരിക്കുന്ന ഇന്നത്തെകാലത്ത് ഇത്തരത്തില്‍ പല പോസ്റ്റുകളും ഇനിയും കാണാന്‍ സാധിക്കുമെന്ന് ഉറപ്പാണ്.

Content Highlight: AI Edit version Thoovanathumbikal movie trending in Social Media

We use cookies to give you the best possible experience. Learn more