| Friday, 20th February 2026, 10:11 pm

ഹോക്കിന്‍സ് താണ്ടി വരുവായ, സ്റ്റീവിന്റെയും നാന്‍സിയുടെയും പ്രണയം പറഞ്ഞ എ.ഐ റീല്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

അമര്‍നാഥ് എം.

എ.ഐയുടെ കടന്നുവരവോടുകൂടി ട്രോളന്മാരുടെ ക്രിയേറ്റിവിറ്റി പുതിയ ലെവലിലേക്ക് കടന്നിരിക്കുകയാണ്. ഹിറ്റ് സിനിമകളിലെയും സീരിസുകളിലേയും കഥാപാത്രങ്ങളെ മാറ്റിക്കൊണ്ടുള്ള റീലുകള്‍ അടുത്തിടെ വൈറലായിരുന്നു. ഒരേസമയം ചിരിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുന്ന റീലുകള്‍ക്ക് വന്‍ റീച്ചാണ്. അത്തരമൊരു റീലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച.

തമിഴിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ വിണ്ണൈത്താണ്ടി വരുവായ എ.ഐയിലൂടെ റീക്രിയേറ്റ് ചെയ്ത റീലാണ് വൈറലായത്. നെറ്റ്ഫ്‌ളിക്‌സിലെ ഹിറ്റ് സീരീസായ സ്‌ട്രെയ്ഞ്ചര്‍ തിങ്‌സിലെ സ്റ്റീവാണ് സിലമ്പരസന് പകരം. തൃഷക്ക് പകരം സ്റ്റീവിന്റെ കാമുകി നാന്‍സിയെയും എ.ഐയിലൂടെ പുനസൃഷ്ടിച്ചിട്ടുണ്ട്.

സിലമ്പരസനൊപ്പം വി.ടി.വി ഗണേശും കൂടി നില്‍ക്കുന്ന സീനിന് പകരം സ്റ്റീവും ഡസ്റ്റിനുമാണ് റീലിലുള്ളത്. നാന്‍സിയെ കല്യാണം കഴിക്കുന്നത് ജൊനാഥനുമാണ്. വിണ്ണൈത്താണ്ടി വരുവായയിലെ ‘ആരോമലേ’ എന്ന ഗാനമാണ് ബാക്ക്ഗ്രൗണ്ട് മ്യൂസിക്കായി ഉപയോഗിച്ചിട്ടുള്ളത്. എഡിറ്റ് വിസാര്‍ഡ് സ്റ്റുഡിയോ എന്ന പേജാണ് ഈ റീല്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

ഒറിജിനലിനെ കടത്തിവെട്ടുന്ന തരത്തിലാണ് ഈ വീഡിയോ നിര്‍മിച്ചിരിക്കുന്നത്. രണ്ടാഴ്ച മുമ്പ് പങ്കുവെച്ച വീഡിയോ ഇതിനോടകം അഞ്ച് ലക്ഷത്തിലധികം ആളുകളാണ് കണ്ടുകഴിഞ്ഞത്. രണ്ട് ലക്ഷത്തിലധികം ലൈക്കുകളും നിരവധി കമന്റുകളും വീഡിയോക്ക് ഇതിനോടകം ലഭിച്ചുകഴിഞ്ഞു. രസകരമായ കമന്റുകളാണ് ഇതില്‍ പലതും.

‘വെന്ത് തനിന്തത് ഹോക്കിന്‍സ്’, ‘എന്നൈ നോക്കി പായും വെക്‌ന’, ‘നടുവുല കൊഞ്ചം വില്ലെ കാണോം’, ‘ജൊനാതാനെ താണ്ടി വരുവായ’ എന്നിങ്ങനെ സിനിമാപേരുകളാണ് കമന്റില്‍ അധികവും. ‘ജെസ്സി വീലര്‍, കാര്‍ത്തിക് ഹാരിങ്ടണ്‍ കോമ്പോ ഗംഭീരമായിട്ടുണ്ട്’, ‘അടുത്ത തവണ ഇലവനെയും മൈക്കിനെയും വെച്ച് ഇതുപോലെ എഡിറ്റ് ചെയ്യണം’ എന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.

ബോക്‌സ് ഓഫീസില്‍ വന്‍ ഹിറ്റായ ധുരന്ധറിന്റെയും എ.ഐ എഡിറ്റുകള്‍ അടുത്തിടെ വൈറലായിരുന്നു. തമിഴിലെ സൂപ്പര്‍താരങ്ങളായ വിജയ്, അജിത്ത് എന്നിവരെ വെച്ചും ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരങ്ങളെ വെച്ചുമെല്ലാം ചെയ്ത എഡിറ്റ് വീഡിയോക്ക് വന്‍ റീച്ചായിരുന്നു ലഭിച്ചത്. എ.ഐയിലൂടെ ആളുകളുടെ ക്രിയേറ്റിവിറ്റി ഓരോ ദിവസവും അത്ഭുതപ്പെടുത്തുകയാണ്.

Content Highlight: AI Edit reel of Vinnaithandi Varuvaaya with Stranger Things viral now

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more