കാലിഫോര്‍ണിയ: എ.ഐയ്ക്ക് വിനാശകരമായ ദോഷങ്ങള്‍ വരുത്തിവെക്കാന്‍ കഴിയുമെന്നും കോടിക്കണക്കിന് മനുഷ്യരുടെ മരണത്തിന് അത് കാരണമാകുമെന്നും മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് മുന്നറിയിപ്പ് നല്‍കി. എന്‍.ബി.സിയുടെ മീറ്റ് ദി പ്രെസിന് നല്‍കിയ ഇന്റര്‍വ്യൂവില്‍ സംസാരിക്കുകയായിരുന്നു ബില്‍ ഗേറ്റ്‌സ്.
എ.ഐയുടെ നിയന്ത്രണത്തിനായി നിയമനിര്‍മാണം നടത്തേണ്ടതുണ്ടെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
‘ഒരു ബില്ല്യണ്‍ മനുഷ്യരുടെ മരണത്തിന് കാരണമാകുന്ന സംഭവങ്ങളിലേക്ക് നയിക്കാന്‍ തക്ക ശക്തിയുള്ളതാണ് എ.ഐ. മുഴുവന്‍ മനുഷ്യരാശിയേയും തുടച്ചുനീക്കാന്‍ സാധിക്കില്ലെങ്കിലും ദുരുദ്ദേശത്തോടെ എ.ഐ ഉപയോഗിക്കുന്ന മനുഷ്യരോളം നശീകരണശക്തിയുള്ള മറ്റൊരായുധം ഇന്നുവരെ കണ്ടെത്തിയിട്ടില്ല’, ബില്‍ ഗേറ്റ്‌സ് പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളില്‍ എ.ഐ ഏജന്റുമാര്‍ വിവിധ കമ്പനികളുടെയും ഗവണ്‍മെന്റുകളുടെയും സിസ്റ്റങ്ങളില്‍ കയറി എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനു പിന്നാലെ ഓപണ്‍ എ.ഐയുടെയും ആന്ത്രോപികിന്റയും തലവന്മാര്‍ എ.ഐ സാങ്കേതികവിദ്യയില്‍ ശക്തമായ സര്‍ക്കാര്‍ നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.
എ.ഐ മനുഷ്യനെ തുല്യതയിലേക്ക് നയിക്കുന്ന ഏറ്റവും വലിയ കണ്ടുപിടുത്തമാണ്, അതേസമയം അനീതിയുടെ ഏറ്റവും വലിയ ഉറവിടവുമാണെന്ന് കഴിഞ്ഞ മാസങ്ങളില്‍ ബില്‍ ഗേറ്റ്‌സ് പറഞ്ഞിരുന്നു. ജൈവായുധങ്ങള്‍ വരെ നിര്‍മ്മിക്കാന്‍ എ.ഐ ടൂളുകള്‍ ഉപയോഗിക്കാമെന്നും അത് സ്വാഭാവികമായി ഉണ്ടാകുന്ന ഒരു മഹാമാരിയേക്കാള്‍ വിപത്തുണ്ടാക്കാന്‍ തക്കതാകുമെന്നും അന്ന് ബില്‍ ഗേറ്റ്‌സ് പറഞ്ഞിരുന്നു.
എ.ഐ കാരണം കോടിക്കണക്കിനുപേര്‍ മരിക്കുമെന്നല്ല ബില്‍ ഗേറ്റ്‌സ് പറയുന്നത്. മറിച്ച് എ.ഐ ഉപയോഗിച്ച് അതിനുകാരണമായേക്കാവുന്ന ഒരു സംഭവം സാധ്യമാകുമെന്നാണ്.
യു.എസില്‍ എ.ഐ സുരക്ഷാ നിയമങ്ങള്‍ രൂപീകരിക്കുന്നതിനും നടപ്പിലാക്കുന്നതിനുമായി ഫെഡറല്‍-സംസ്ഥാനതലങ്ങളില്‍ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
Content Highlight: AI could ‘cause a billion deaths’ – Bill Gates