| Saturday, 25th October 2025, 9:08 am

എ.ഐ കണ്ടന്റുകള്‍: വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കരുതെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മുന്നറിയിപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും എ.ഐ (നിര്‍മിത ബുദ്ധി) കണ്ടന്റുകള്‍ സ്ഥാനം പിടിച്ചതോടെ മുന്നറിയിപ്പുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ എ.ഐ ജെനറേറ്റഡ് വീഡിയോകള്‍ ഉപയോഗിക്കരുതെന്നും വീഡിയോകളില്‍ എ.ഐ ഉള്ളടക്കമുണ്ടെങ്കില്‍ മുന്നറിയിപ്പ് രേഖപ്പെടുത്തണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികളോട് ആവശ്യപ്പെട്ടു.

ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് നിര്‍ദേശം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്ന കൃത്രിമമായി സൃഷ്ടിക്കുന്ന വീഡിയോ, ഓഡിയോ പോലുള്ള എല്ലാ പ്രചാരണ വസ്തുക്കളിലും വ്യക്തമായി തന്നെ ഐ.ഐ ജെനറേറ്റഡ് എന്ന് തെളിയിക്കുന്ന ലേബല്‍ പതിപ്പിച്ചിരിക്കണം.

എ.ഐ ജെനറേറ്റഡ് വീഡിയോകളില്‍ പ്രദര്‍ശിപ്പിക്കുന്ന സ്‌ക്രീനിന്റെ 10 ശതമാനം ഉള്‍ക്കൊള്ളുന്ന ഭാഗത്ത് ‘എ.ഐ ജെനറേറ്റഡ്, ഡിജിറ്റലി എന്‍ഹാന്‍സ്ഡ്, സിന്തറ്റിക് കണ്ടന്റ്’ എന്നിങ്ങനെ ഏതെങ്കിലും ടാഗുകള്‍ ഉള്‍പ്പെടുത്തണമെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം നല്‍കി.

വ്യക്തികളുടെ വ്യക്തിത്വം, രൂപം, ശബ്ദം എന്നിവ അവരുടെ സമ്മതമില്ലാതെ തെറ്റായി പ്രദര്‍ശിപ്പിക്കുന്നതിനെതിരെയും കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി. 2021ലെ ഐ.ടി നിയമങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ച എല്ലാ മാര്‍ഗനിര്‍ദേശങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളുടെ ഉത്തരവാദിത്തമാണെന്നും കമ്മീഷന്‍ പറഞ്ഞു.

സത്യമെന്ന വ്യാജേന കൃത്രിമമായ വിവരങ്ങള്‍ സൃഷ്ടിക്കുന്നതിനും പരിഷ്‌കരിക്കുന്നതിനും പ്രസിദ്ധീകരിക്കുന്നതിനും സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത് വലിയ വെല്ലുവിളിയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരീക്ഷിച്ചു.

അതേസമയം, അടുത്തമാസം വോട്ടെടുപ്പ് നടക്കാനിരിക്കുന്ന ബീഹാറില്‍ തെരഞ്ഞെടുപ്പ് പ്രചാരണം സജീവമായതോടെയാണ് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നിലവില്‍ ഡിജിറ്റലി എന്‍ഹാന്‍സ് ചെയ്തിരിക്കുന്ന വീഡിയോ ഉള്ളടക്കങ്ങള്‍ നോട്ടീസ് ലഭിച്ച് മൂന്നുമണിക്കൂറിനകം പിന്‍വലിക്കണമെന്നും മുന്നറിയിപ്പ് രേഖപ്പെടുത്തി മാത്രം പ്രദര്‍ശിപ്പിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.

എ.ഐ ജെനറേറ്റഡ് വീഡിയോകള്‍ ഉപയോഗിക്കുമ്പോള്‍ ക്രിയേറ്ററുടെ വിശദാംശങ്ങളും ടൈം സ്റ്റാമ്പുകളും ഉള്‍പ്പെടെയുള്ള രേഖകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാക്കണമെന്നും അറിയിപ്പിലുണ്ട്.

കഴിഞ്ഞദിവസം ഐ.ടി മന്ത്രാലയം 2021ലെ ഐ.ടി നിയമങ്ങളിലെ ഭേദഗതിക്കായുള്ള കരട് രേഖ പുറത്തിറക്കിയിരുന്നു. പൊതുജനാഭിപ്രായം രേഖപ്പെടുത്താന്‍ നവംബര്‍ ആറ് വരെ സമയവും അനുവദിച്ചിട്ടുണ്ട്.

കരട് ചട്ടപ്രകാരം എ.ഐ വീഡിയോകളോ ഓഡിയോകളോ ചിത്രങ്ങളോ ഉള്‍പ്പെടെയുള്ള ഏതൊരു സൃഷ്ടിയും സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുമ്പോള്‍ എ.ഐ മുന്നറിയിപ്പ് ലേബലായോ വാര്‍ട്ടര്‍മാര്‍ക്കായോ പ്രദര്‍ശിപ്പിക്കണമെന്നാണ് നിര്‍ദേശം. 50 ലക്ഷത്തിലേറെ സബ്‌സ്‌ക്രൈബേഴ്‌സുള്ള കണ്ടന്റ് ക്രിയേറ്റര്‍മാര്‍ ഈ നിര്‍ദേശം ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും കരടിലുണ്ട്.

Content Highlight: The proliferation of AI content: Political parties warned not to mislead voters

We use cookies to give you the best possible experience. Learn more