കോടികളുടെയും റെക്കോര്‍ഡുകളുടെയും പേരില്‍ എല്ലാവരും ചര്‍ച്ചകളില്‍ മുഴുകുമ്പോള്‍ നല്ല കഥാപാത്രങ്ങളിലൂടെ സിനിമാ പ്രേക്ഷകരെ എന്നും അത്ഭുതപ്പെടുത്തിയ അഭിനേതാവാണ് മമ്മൂട്ടി. അഞ്ചുപതിറ്റാണ്ടോളമായി മലയാള സിനിമയ്ക്ക് എണ്ണിയാലൊടുങ്ങാത്ത കഥാപാത്രങ്ങള്‍ സമ്മാനിച്ച താരം തന്റെ എഴുപത് പിന്നിട്ടിട്ടും അഭിനയപ്രാധാന്യമുള്ള, മറ്റാര്‍ക്കും ചെയ്ത് ഫലിപ്പിക്കാന്‍ സാധിക്കാത്ത തരത്തിലുള്ള കഥാപാത്രങ്ങളാണ് മലയാള സിനിമയ്ക്ക് സമ്മാനിച്ചിരിക്കുന്നത്. പുഴു, കാതല്‍, ഭ്രമയുഗം, കളങ്കാവല്‍ തുടങ്ങി ഈ ചിത്രങ്ങളുടെ ലിസ്റ്റ് വായിക്കും തോറും നീളുകയാണ്.
താരത്തിന്റെ സംഭവബഹുലമായ കരിയറില്‍ ചെയ്തുവെച്ച ബയോപിക്കുകളും സിനിമാമേഖലയിലെ ക്ലാസിക്കുകളാണ്. ജബ്ബാര്‍ പട്ടേല്‍ സംവിധാനം ചെയ്ത് 2000ല്‍ പുറത്തിറങ്ങിയ ഇംഗ്ലീഷ് ചിത്രം ഡോ. ബാബസാഹബ് അംബേദ്കറും 2009ല്‍ മലയാളത്തില്‍ പുറത്തിറങ്ങിയ പഴശ്ശിരാജയും, 2019ല്‍ പുറത്തിറങ്ങിയ യാത്രയുമെല്ലാം മമ്മൂട്ടിയുടെ അഭിനയ വൈവിധ്യത്തെ ചൂണ്ടിക്കാണിച്ച ചിത്രമായിരുന്നു.
മമ്മൂട്ടി. Photo: The Indian Express
അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജീവിതം സിനിമയാക്കണെന്ന് ആവശ്യപ്പെട്ടുകൊണ്ട് മകനും കോണ്‍ഗ്രസ് എം.എല്‍.എയുമായ ചാണ്ടി ഉമ്മന്‍ രംഗത്തെത്തിയിരുന്നു. ചിത്രത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അനുയോജ്യന്‍ മമ്മൂട്ടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഇതോടെ വലിയ ചര്‍ച്ചകള്‍ക്കാണ് സോഷ്യല്‍ മീഡിയയില്‍ തുടക്കമിട്ടത്. ഇപ്പോഴിതാ ഉമ്മന്‍ ചാണ്ടിയെ മാത്രമല്ല കേരളത്തിലെ പ്രമുഖ നേതാക്കളായ അന്തരിച്ച മുന്‍മുഖ്യമന്ത്രി വി.എസ് അച്ചുതാനന്ദനെയും നിലവിലെ പ്രതിപക്ഷ നേതാവ് പിണറായി വിജയനെയും മമ്മൂട്ടിയ്ക്ക് നിഷ്പ്രയാസം അവതരിപ്പിക്കാന്‍ സാധിക്കുമെന്ന് തെളിയിക്കുന്ന എ.ഐ ഫോട്ടോസാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
മൂന്ന് പേരെയും മമ്മൂട്ടി വെള്ളിത്തിരയില്‍ അവതരിപ്പിച്ചാല്‍ എങ്ങനെയിരിക്കുമെന്ന കോണ്‍സെപ്റ്റിലാണ് ഫോട്ടോസ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതില്‍ മൂന്ന് നേതാക്കളുടെയും റോളുകള്‍ താരത്തിന് ഇണങ്ങുന്നുണ്ടെങ്കിലും ഏറ്റവും അനുയോജ്യം പിണറായി വിജയന്റേതാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. നേതാവിന്റെ എല്ലാ വിധ ഗൗരവങ്ങളും താരത്തിന്റെ മുഖത്ത് കാണാം. എന്നാല്‍ ഉമ്മന്‍ ചാണ്ടിയായുള്ള താരത്തിന്റെ മേക്കോവര്‍ നേതാവിനെ കൂടുതല്‍ സ്‌റ്റൈലിഷാക്കുന്നുണ്ടെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
ഉമ്മന്‍ ചാണ്ടിയും ഉമ്മന്‍ ചാണ്ടിയായി മമ്മൂട്ടിയും. Photo: X.com
ഉമ്മന്‍ ചാണ്ടിയ്ക്ക് ഇത്രയും സ്റ്റൈല്‍ വേണ്ടെന്നും കുറച്ച് സ്റ്റൈല്‍ കുറയ്ക്കാമെന്നും പലരും അഭിപ്രായപ്പെടുന്നു. ഉമ്മന്‍ ചാണ്ടിയുടെ കഥാപാത്രം മമ്മൂട്ടിയ്ക്ക് യോജിക്കുന്നില്ലെന്നും ബാലചന്ദ്രമേനോനാണ് കൂടുതല്‍ അനുയോജ്യനെന്നും പലരും അഭിപ്രായപ്പെടുന്നു. അടുത്തിടെ പുറത്തിറങ്ങിയ പ്രതിഛായ എന്ന ചിത്രത്തില്‍ ബാലചന്ദ്ര മേനോന്‍ അവതരിപ്പിച്ച കെ.എന്‍.വര്‍ഗീസ് എന്ന കഥാപാത്രം ഉമ്മന്‍ ചാണ്ടിയുമായി ഏറെ സാമ്യതകളുള്ളതായിരുന്നു.
Content Highlight: Ai concept photos of Mammootty plays the Biopics of Oommen Chandy, Pinarayi Vijayan, and V.S Achuthanadhan