| Friday, 27th February 2026, 9:05 am

ഗജിനിയായി രോഹിത് ശര്‍മ, ജാനി ദുഷ്മനില്‍ ഇന്ത്യയുടെ ദുഷ്മന്‍; വൈറലായി ക്രിക്കറ്റ് താരങ്ങളുടെ സിനിമാ പോസ്റ്റര്‍

അശ്വിന്‍ രാജേന്ദ്രന്‍

എ.ഐ എന്ന് അറിയപ്പെടുന്ന നിര്‍മിത ബുദ്ധിയുടെ പോസ്റ്ററുകള്‍ക്കും വീഡിയോകള്‍ക്കും വലിയ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ലഭിക്കാറുള്ളത്. ഒരു തരത്തിലും നടക്കാന്‍ സാധ്യതയില്ലാത്ത കാര്യങ്ങളെ എ.ഐയുടെ സഹായത്തോടെ സൃഷ്ടിക്കുമ്പോള്‍ പ്രേക്ഷകരില്‍ ഇത്തരം കണ്ടന്റുകള്‍ കൗതുകം സൃഷ്ടിക്കാറുണ്ട്. സംവിധായകന്‍ രാജമൗലിയും മഹേഷ് ബാബുവും തമ്മിലുള്ള സംഘട്ടനവും മലയാളത്തില്‍ വന്ദനമടക്കം പല ചിത്രങ്ങളുടെയും പുതുക്കിയ ക്ലൈമാക്‌സുകളും ഈ രീതിയില്‍ വൈറലായിരുന്നു.

Sab Moh Maya Hai/ Facebook.com

അതേ രീതിയില്‍ ആരും ചിന്തക്കാത്ത ഒരു ഫ്രെഷ് ഐഡിയ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ക്രിക്കറ്റിന് പകരം സിനിമയിലഭിനയിക്കുകയായിരുന്നെങ്കില്‍ എങ്ങനെയായിരിക്കും എന്ന പോസ്റ്ററുകളാണ് ഫേസ്ബുക്കിലെ ഒരു ഐഡിയില്‍ നിന്നും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസമായ സച്ചിന്‍, ധോണി, വിരാട് കോഹ്‌ലി, രോഹിത് ശര്‍മ തുടങ്ങി മിക്കവരും ബോളിവുഡിലെ ഹിറ്റ് ചിത്രങ്ങളിലെത്തിയാല്‍ എങ്ങനെയുണ്ടാകുമെന്നാണ് പോസ്റ്റ് പരിശോധിക്കുന്നത്.

ബോളിവുഡിലെ ഹിറ്റ് ചിത്രങ്ങളിലൊന്നായ ‘കബി ഖുശി കബി ഗം’ ആണ് ഇക്കൂട്ടത്തില്‍ ആദ്യത്തേത്. അമിതാഭ് ബച്ചനും, ഹൃത്വിക് റോഷനും, ഷാരൂഖ് ഖാനും പ്രധാനവേഷങ്ങളിലെത്തിയ ചിത്രത്തില്‍ എ.ഐ അവതരിപ്പിച്ചിരിക്കുന്ന താരങ്ങള്‍ വിരാട് കോഹ്‌ലി, എം.എസ് ധോണിയും, ഇന്ത്യന്‍ ലെജന്ഡ് കപില്‍ ദേവുമാണ്. നായികമാരായി അവതരിപ്പിച്ചിരിക്കുന്നത് റിയല്‍ ലൈഫിലെ ഇവരുടെ സ്വന്തം ഭാര്യമാരെ തന്നെയാണ് എന്നതാണ് രസകരം.

ഇന്ത്യന്‍ ക്രിക്കറ്റില്‍ തിളങ്ങി നില്‍ക്കുന്ന പാണ്ഡ്യസഹോദരന്മാരെ അവതരിപ്പിച്ചിരിക്കുന്നത് സല്‍മാന്‍ ഖാനും ഷാരൂഖ് ഖാനും തകര്‍ത്തഭിനയിച്ച ‘കരണ്‍ അര്‍ജുന്‍’ എന്ന ചിതത്തിന്റെ പോസ്റ്ററിലാണ്. എന്നാല്‍ ഏവരിലും ചിരിയുണര്‍ത്തിയത് ആമിര്‍ ഖാന്‍ നായകനായ ‘ഗജിനി’യുടെ പോസ്റ്ററാണ്. ഇന്ത്യന്‍ ക്രിക്കറ്റിലെ സ്ഥിരം മറവിക്കാരനായ മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയാണ് ചിത്രത്തിലേക്ക് കാസ്റ്റ് ചെയതിരിക്കുന്നത്. കളിക്ക് ടോസ് ഇടാനെത്തുന്നതിന് മുമ്പ് ടീമിലെ മാറ്റങ്ങളും ബാറ്റിങ് ആണോ ബൗളിങ് ആണോ ചൂസ് ചെയ്യേണ്ടത് എന്നും മറന്നു പോവാതിരിക്കാന്‍ കൈയില്‍ എഴുതി വെച്ച് വരുന്ന രോഹിത്തിനല്ലാതെ മറ്റാര്‍ക്കും ഈ വേഷം ചെയ്യാന്‍ സാധിക്കില്ലെന്ന് കമന്റുകളുണ്ട്.

Sab Moh Maya Hai/ Facebook.com

ഇന്ത്യന്‍ സിനിമയിലെ ക്ലാസിക് ചിത്രമായ ‘ഷോലെ’യില്‍ വേഷമിട്ടിരിക്കുന്നത് ഒരുകാലത്ത് എതിരാളികളെ വിറപ്പിച്ചിരുന്ന ഗൗതം ഗംഭീറും വിരേന്ദര്‍ സെവാഗുമാണ്. ‘ദില്‍വാലേ ദുല്‍ഹനിയ ലേ ജായേങ്കേ’യില്‍ വേഷമിടുന്നത് കോഹ്‌ലിയും അഭിനേത്രിയായ ഭാര്യ അനുഷ്‌കയുമാണ്. കൂട്ടത്തില്‍ ഏറ്റവും രസകരമായ പോസ്റ്ററുകളാണ് ‘മില്‍ക്കാ സിങാ’യി എത്തുന്ന അര്‍ഷദീപ് സിങ്ങിന്റതും ‘ഗബ്ബറാ’യെത്തുന്ന ശിഖര്‍ ധവാന്റതും. കൂട്ടത്തിലെ പെര്‍ഫെക്ട് കാസ്റ്റിങ്ങും ഇതുതന്നെ.

മാസ്റ്റര്‍ ബ്ലാസ്റ്റര്‍ എന്ന് വിളിപ്പേരുള്ള ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ കാസ്റ്റ് ചെയ്തിരിക്കുന്നത് വിജയ് ചിത്രം മാസ്റ്ററിലേക്കാണ്. സ്റ്റുവര്‍ട്ട് ബോര്‍ഡിനെ യാതൊരു ദയയുമില്ലാതെ ആറ് സിക്‌സടിച്ച യുവരാജ് സിങ്ങിനെ രണ്‍ബീര്‍ കപൂറിന് പകരം അനിമലില്‍ കാസ്റ്റ് ചെയ്തിരിക്കുന്നതും ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ ഇന്ത്യക്കാര്‍ക്ക് പുറമെ ഏക വിദേശിയെ മാത്രമാണ് ക്രിയേറ്റര്‍ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2024 ലോകകപ്പ് ഫൈനലില്‍ കോടിക്കണക്കിന് ജനങ്ങളുടെ ഹൃദയം തകര്‍ത്ത ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ ട്രവിസ് ഹെഡ്, ജാനി ദുഷ്മനിലെ കാസ്റ്റായാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Content Highlight: Ai cinema posters of cricket players acting in Bollywood goes viral

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ 

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more