| Saturday, 14th June 2025, 9:32 am

അഹമ്മദാബാദിലെ വിമാനാപകടം; അന്വേഷണത്തിന് ഉന്നതാധികാര സമിതിയെ നിയോഗിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അഹമ്മദാബാദിലെ വിമാനാപകടത്തില്‍ അന്വേഷണം നടത്തുന്നതിനായി ഉന്നതാധികാര സമിതിയെ നിയോഗിച്ചു. ഇതുസംബന്ധിച്ച് വ്യോമയാന മന്ത്രാലയം ഉത്തരവിറക്കി. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയാണ് സമിതിയുടെ തലവന്‍.

വ്യോമയാന മന്ത്രാലയ സെക്രട്ടറി, ആഭ്യന്തര മന്ത്രാലയത്തിലെ ഒരു ജോയിന്റ് സെക്രട്ടറി, ഗുജറാത്തിലെ ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥന്‍, സംസ്ഥാനങ്ങളിലെ ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്നുള്ള പ്രതിനിധികള്‍, അഹമ്മദാബാദ് പൊലീസ് കമ്മീഷണര്‍ എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.

അഹമ്മദാബാദിലെ എയര്‍ ഇന്ത്യ വിമാനാപകടം പരിശോധിക്കുന്നതിനും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ തടയുന്നതിനുള്ള സമഗ്രമായ മാര്‍ഗനിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുന്നതിനുമാണ് സമിതി രൂപീകരിച്ചത്.

ബന്ധപ്പെട്ട മറ്റു സ്ഥാപനങ്ങള്‍ നടത്തുന്ന അന്വേഷണങ്ങള്‍ക്ക് പകരമാവില്ല കമ്മിറ്റി എന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അറിയിച്ചു. അതേസമയം ബ്ലാക്ക് ബോക്‌സ് അടക്കം പരിശോധിച്ച ശേഷമായിരിക്കും സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.

കൂടാതെ അപകടമുണ്ടായ സ്ഥലത്ത് സമിതി നേരിട്ടെത്തി പരിശോധനകള്‍ നടത്തും. വിമാനം തകര്‍ന്ന് വീണ സമയത്ത് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ മൊഴിയും ഇവര്‍ രേഖപ്പെടുത്തും.

നിലവില്‍ എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ അന്വേഷണം തുടരുകയാണ്. പ്രസ്തുത അന്വേഷണ ഏജന്‍സി അടക്കമുള്ള സ്ഥാപനങ്ങളുമായി സഹകരിച്ച് സമിതി വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യും.

അതേസമയം യു.എസ്, യു.കെ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള അന്വേഷണ ഏജന്‍സികള്‍ ഇന്ന് (ശനി) ഇന്ത്യയിലെത്തുമെന്നാണ് വിവരം.

ജൂണ്‍ 12ന് ഉച്ചയ്ക്ക് 1.30യോടെ ടേക്ക് ഓഫ് ചെയ്ത് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ ബോയിങ് ഡ്രീംലൈനര്‍ 787 വിമാനമാണ് അഹമ്മദാബാദില്‍ തകര്‍ന്ന് വീണത്. വിമാനാപകടത്തിലെ മരണസംഖ്യ 290 കടന്നതായാണ് വിവരം. 265 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. വിമാനയാത്രക്കാരായ 241 പേരും പ്രദേശവാസികളായ 24 പേരുമാണ് മരിച്ചത്. മരിച്ചവരില്‍ വിമാനം ഇടിച്ചിറങ്ങിയ ബി.ജെ കോളേജ് ഹോസ്റ്റലിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളും ഉണ്ട്.

വിമാനത്തിന്റെ രണ്ടാമത്തെ ബ്ലാക്ക് ബോക്‌സ് ഇന്നലെ (വെളളി) കണ്ടെത്തിയിരുന്നു. ഇവ പരിശോധിക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. അതേസമയം വിമാനാപകടത്തിൽ മരിച്ച മലയാളിയായ രഞ്ജിതയുടെ സഹോദരൻ രതീഷ് അഹമ്മദാബാദിലെത്തി. രതീഷിന്റെ ഡി.എൻ.എ സാമ്പിളുകളും അധികൃതർ ശേഖരിച്ചിട്ടുണ്ട്.

Content Highlight: Ahmedabad plane crash: High-powered committee appointed to investigate

We use cookies to give you the best possible experience. Learn more