| Sunday, 15th June 2025, 2:47 pm

അഹമ്മദാബാദ് വിമാനദുരന്തം; മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ മൃതദേഹം തിരിച്ചറിഞ്ഞു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗാന്ധിനഗര്‍: അഹമ്മദാബാദ് വിമാനപകടത്തില്‍ മരണപ്പെട്ട ഗുജറാത്ത്‌ മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. ഡി.എന്‍.എ പരിശോധനയിലൂടെയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഇന്ന് രാവിലെ 11:10ഓടെ തിരിച്ചറിഞ്ഞ മൃതദേഹം  അദ്ദേഹത്തിന്റെ കുടുംബത്തിന് കൈമാറിയിട്ടുണ്ട്.

കേന്ദ്ര ജലശക്തി മന്ത്രിയും ഗുജറാത്ത് ബി.ജെ.പി പ്രസിഡന്റുമായ സി.ആര്‍ പാട്ടീല്‍ മൃതദേഹം തിരിച്ചറിഞ്ഞെന്ന വാര്‍ത്ത സ്ഥിരീകരിച്ചു. രൂപാണിയുടെ മരണം പാര്‍ട്ടിക്കും സംസ്ഥാനത്തിനും കനത്ത നഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു.

68 കാരനായ രൂപാണി ലണ്ടനിലുള്ള മകളുടെ അടുത്തേക്കുള്ള യാത്രയിലാണ് മരണപ്പെട്ടത്. രൂപാണിയുടെ ജന്മനാടായ രാജ്‌കോട്ടില്‍  അന്ത്യകര്‍മങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. 2016 ഓഗസ്റ്റ് മുതല്‍ 2021 സെപ്റ്റംബര്‍ വരെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു വിജയ് രൂപാണി.

ഇതുവരെ അപകടത്തില്‍ മരിച്ച 32 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ 14 പേരുടെ മൃതദേഹം കുടുംബങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്. ജൂണ്‍ 12നാണ് രൂപാണിയടക്കമുള്ള യാത്രക്കാര്‍ സഞ്ചരിച്ച എയര്‍ ഇന്ത്യ വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം തകര്‍ന്ന വീണത്.

മരിച്ചവരില്‍ മലയാളിയും ലണ്ടനിലെ നഴ്‌സുമായ നഞ്ജിത നായറും ഉള്‍പ്പെട്ടിരുന്നു. രഞ്ജിതയുടെ മൃതദേഹം തിരിച്ചറിയാനായി അവരുടെ സഹോദരന്‍ അഹമ്മദാബാദില്‍ എത്തിയിരുന്നു. എന്നാല്‍ മൃതദേഹം വിട്ട് കിട്ടാന്‍ വൈകും എന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്

ഇപ്പോഴും അപകടത്തില്‍ ആരൊക്കെ മരണപ്പെട്ടു എന്ന കാര്യത്തില്‍ കൃത്യമായ വ്യക്തതയില്ല. 270 ഓളം പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ജൂണ്‍ 12 ന് അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് 242 യാത്രക്കാരെയും ജീവനക്കാരെയും വഹിച്ചുകൊണ്ട് പോയ ബോയിങ് 787 ഡ്രീംലൈനര്‍ വിമാനം പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം മേഘാനിനഗറിലെ മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ ഇടിച്ചുകയറുകയായിരുന്നു. ദുരന്തത്തില്‍ വിമാനത്തിലുണ്ടായിരുന്ന 241 പേര്‍ മരിച്ചു. വിശ്വസ്‌ കുമാര്‍ രമേശ് എന്ന യാത്രക്കാരന്‍ മാത്രമാണ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്.

കൊല്ലപ്പെട്ടവരില്‍ 169 ഇന്ത്യക്കാരും 53 ബ്രിട്ടീഷുകാരും ഏഴ് പോര്‍ച്ചുഗീസുകാരും ഒരു കനേഡിയനും ഉള്‍പ്പെടുന്നു. അപകടത്തില്‍ നിരവധി മെഡിക്കല്‍ വിദ്യാര്‍ത്ഥികളും ജീവനക്കാരും പ്രദേശവാസികളും കൊല്ലപ്പെട്ടിരുന്നു.

Content Highlight: Ahmedabad plane crash: Body of former CM Vijay Rupani identified

We use cookies to give you the best possible experience. Learn more