ന്യൂദല്‍ഹി: ഗാന്ധി കുടുംബത്തിന് നേരെ രൂക്ഷ വിമര്‍ശനവുമായി അഹമ്മദ് പട്ടേലിന്റെ മകന്‍. ഗാന്ധി കുടുംബം കോണ്‍ഗ്രസ് നേതൃത്വം ഒഴിയണമെന്നും രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും രാഷ്ട്രീയമറിയില്ലെന്നും ഫൈസല്‍ പട്ടേല്‍ പറഞ്ഞു. പിതാവിന്റെ മരണ സമയത്ത് പാര്‍ട്ടി ഒപ്പം നിന്നില്ലെന്ന് ഫൈസല്‍ വിമര്‍ശിച്ചു.
പിതാവ് മരിച്ചപ്പോള്‍ സോണിയാ ഗാന്ധി തന്റെ മാതാവിനെ വിളിച്ച് സംസാരിച്ചത് പോലുമില്ലെന്നും രാഹുല്‍ ഗാന്ധി തന്നെ മാത്രം വന്ന് കണ്ട് പോയെന്നും ഫൈസല്‍ പറഞ്ഞു.
മാത്രമല്ല ബി.ജെ.പി നേതൃത്വത്തെ പുകഴ്ത്തിയും ഫൈസല്‍ സംസാരിച്ചു. ബി.ജെ.പിയുടെ നേതൃത്വം അവരുടെ കഠിനാധ്വാനത്തിന്റെ ഫലമാണെന്നും ഫൈസല്‍ പറഞ്ഞു. കൂടാതെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഈ കുടുംബം ഒരു ബാധ്യതയാകുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു ഇംഗ്ലീഷ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഫൈസല്‍ ഇക്കാര്യം പറഞ്ഞത്.
അഹമ്മദ് പട്ടേലിന്റെ കുടുംബം കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കുറച്ച് കാലമായി രംഗത്ത് വന്നിരുന്നു. ബീഹാര്‍ തോല്‍വിക്ക് ശേഷം അഹമ്മദ് പട്ടേലിന്റെ മകള്‍ മുംതാസ് പട്ടേലാണ് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നത്. പദവികളില്‍ അള്ളിപ്പിടിച്ചിരിക്കുന്നവരാണ് ബീഹാര്‍ തോല്‍വിക്ക് ഉത്തരവാദിയെന്ന പരോക്ഷ വിമര്‍ശനമാണ് അവര്‍ ഉന്നയിച്ചിരുന്നത്.
കൂടാതെ പാര്‍ട്ടിക്ക് ഒരു വിജയം കാണണമെങ്കില്‍ സാധാരണക്കാരായ ആളുകള്‍ എത്ര കാലം കാത്തിരിക്കേണ്ടി വരുമെന്ന ചോദ്യവും അവര്‍ ഉന്നയിച്ചിരുന്നു. പക്ഷെ നേതൃത്വം അതിനോട് പ്രതികരിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് ഫൈസല്‍ പട്ടേലിന്റെ മകന്‍ കോണ്‍ഗ്രസിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.
Content Highlight: Ahmed Patel’s son sharply criticizes Congress leadership