| Sunday, 13th September 2026, 10:00 pm

ഭൂതകാലം മറക്കാം; ഭാവിയിലേക്ക് നോക്കാന്‍ യു.എ.ഇയുമായി ധാരണയിലെത്തിയതായി ഇറാന്‍ പ്രസിഡന്റ്

റെന്വര്‍ പി

ന്യൂദല്‍ഹി: ഭൂതകാലം മറന്ന് ഭാവിയിലേക്ക് ഉറ്റുനോക്കാന്‍ യു.എ.ഇയുമായുള്ള കൂടിക്കാഴ്ചയില്‍ ധാരണയിലെത്തിയതായി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെസ്‌കിയന്‍. ന്യൂദല്‍ഹിയില്‍ ബ്രിക്‌സ് ഉച്ചകോടിക്കിടെ ഇറാന്‍ പ്രസിഡന്റും അബുബാദി കിരീടാവകാശി മുഹമ്മദ് ബിന്‍ അല്‍ നഹ്യാനും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പെസെസ്‌കിയന്റെ പ്രതികരണം.

‘അബുദാബി കിരീടാവകാശിയുമായി ഞങ്ങള്‍ മികച്ചൊരു കൂടിക്കാഴ്ച നടത്തി. ഭൂതകാലം മറന്ന് ഭാവിയിലേക്ക് ഉറ്റുനോക്കാന്‍ ഞങ്ങള്‍ ധാരണയിലെത്തി,’ എന്ന് ഇന്ത്യ സന്ദര്‍ശനം പൂര്‍ത്തിയാക്കവേ പെസെഷ്‌കിയന്‍ പറഞ്ഞു. ഇന്ത്യയിലെ ഇറാന്‍ എംബസിയുടെ എക്‌സ് പോസ്റ്റിലാണ് പെസെസ്‌കിയനെ ഉദ്ധരിച്ച് ഈ കാര്യം പറയുന്നത്. ഇന്ത്യ സന്ദര്‍ശനം പൂര്‍ത്തിയാക്കി പെസെസ്‌കിയന്‍ ഇറാനിലേക്ക് തിരിച്ചതായും എംബസി വ്യക്തിമാക്കി.

റഷ്യ, ചൈന എന്നീ രാജ്യങ്ങളുടെ പ്രസിഡന്റുമാരുമായും തങ്ങള്‍ ചര്‍ച്ചകള്‍ നടത്തിയെന്നും പെസെസ്‌കിയന്‍ പറഞ്ഞു. അവ പ്രധാനമായും ചെറിയ സംഭാഷണങ്ങളായിരുന്നു. സാമ്പത്തിക സഹകരണം വിപുലീകരിക്കുന്നതിനുള്ള ശുഭകരമായ സാധ്യതകള്‍ രൂപപ്പെട്ടുവരുന്നുണ്ടെന്നും ബ്രിക്‌സ് സമ്മേളനത്തിലെ കൂടിക്കാഴ്ചകളെക്കുറിച്ച് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യ ആതിഥേയത്വം വഹിച്ച രണ്ട് ദിവസത്തെ ബ്രിക്സ് ഉച്ചകോടി ഇന്ന് (സെപ്റ്റംബര്‍ 13, ഞായര്‍) വൈകിട്ടോടെയാണ് സമാപിച്ചത്. ഇറാനിയന്‍ പ്രസിഡന്റ് മസൂദ് പെസെസ്‌കിയാന്‍, അബുദാബി കിരീടാവകാശി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവര്‍ക്ക് പുറമെ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് തുടങ്ങിയ ലോകനേതാക്കളും ഉച്ചകോടിയില്‍ പങ്കെടുത്തു.

ആഗോള തലത്തില്‍ ഭൗമ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ വര്‍ധിച്ചുവരുന്നത് സിവിലിയന്‍മാരെ പ്രതികൂലമായി ബാധിക്കുന്നുവെന്ന വെല്ലുവിളി നേരിടാന്‍ ബ്രിക്‌സ് മുന്നേറണമെന്ന് ഉച്ചകോടിയുടെ സമാപന ചടങ്ങില്‍ സംസാരിച്ച പ്രധാനമന്ത്രി നരേന്ദമോദി പറഞ്ഞു. സഹകരണത്തിലൂടെയും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനത്തിലൂടെയും ബ്രിക്സ് മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു.

ബ്രിക്‌സ് രാജ്യങ്ങള്‍ക്കിടയിലെ സാമ്പത്തിക സഹകരണം ശക്തിപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ചൈനിസ് പ്രസിഡന്റ് ഷി ജിന്‍ പിങ് ഉച്ചകോടിയില്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മുതല്‍ വ്യാപാരം വരെയുള്ള മേഖലകളില്‍ ജിന്‍പിംഗ് ഞായറാഴ്ച പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു.

റഷ്യ-ഉക്രെയ്ന്‍ യുദ്ധം, പടിഞ്ഞാറന്‍ ഏഷ്യയിലെ അസ്ഥിരത, യു.എസ്. ഏര്‍പ്പെടുത്തിയ പുതിയ തീരുവ നയങ്ങള്‍ എന്നിവയെത്തുടര്‍ന്നുള്ള ഭൗമരാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയിലായിരുന്നു ബ്രിക്‌സ് ഉച്ചകോടി. ഇതിനാല്‍ തന്നെ ഈ ഉച്ചകോടിക്ക് വലിയ രാഷ്ട്രീയ പ്രാധാന്യവും കല്‍പിക്കപ്പെട്ടിരുന്നു.

പശ്ചിമേഷ്യന്‍ സംഘര്‍ഷം സംബന്ധിച്ച് നിര്‍ണായകമാണ് ഇറാന്‍-യു.എ.ഇ കൂടിക്കാഴ്ച. ഇറാനെതിരായ സംഘര്‍ഷത്തില്‍ യു.എസുമായി യു.എ.ഇ സഹകരിച്ചിരുന്നു. യു.എസിന്റെ സൈനിക താവളങ്ങളും യു.എ.ഇയിലുണ്ട്. സമീപ ദിവസങ്ങളില്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായിരുന്നു. ഇതിനിടെയാണ് യു.എ.ഇയും ഇറാനും സഹകരിച്ചുപോകുമെന്ന സൂചന നല്‍കിക്കൊണ്ടുള്ള പെസെസ്‌കിയന്റെ പ്രതികരണം പുറത്തുവരുന്നത്.

പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ സംയമനം പാലിക്കണമെന്ന് ആവശ്യപ്പെടുന്ന ബ്രിക്‌സ് സംയുക്ത പ്രസ്താവനയില്‍ ഇറാനും യു.എ.ഇയും ഒപ്പുവെക്കുകയും ചെയ്തിട്ടുണ്ട്. യുദ്ധം കാരണം അകന്നുകഴിഞ്ഞിരുന്ന ഈ രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്രപരമായ പുരോഗതിയുടെ സൂചനയായി ഇത് വിലയിരുത്തപ്പെടുന്നു.

ഉച്ചകോടിയുടെ ആദ്യ ദിവസമായിരുന്നു ഇറാന്‍ പ്രസിഡന്റും അബുദാബി കിരീടാവകാശിയും കൂടിക്കാഴ്ച നടത്തിയത്. പശ്ചിമേഷ്യയില്‍ സംഘര്‍ഷം ആരംഭിച്ച ശേഷം യു.എ.ഇയും ഇറാനും തമ്മില്‍ നടന്ന ഏറ്റവും ഉന്നതതല കൂടിക്കാഴ്ചയായിരുന്നു ഇത്. പ്രാദേശികവും അന്താരാഷ്ട്രവുമായ വിഷയങ്ങള്‍, സംഘര്‍ഷം ലഘൂകരിക്കല്‍, സ്ഥിരത, പ്രാദേശിക സമാധാനവും വികസനവും പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങള്‍ എന്നിവയെക്കുറിച്ച് കൂടിക്കാഴ്ചയില്‍ നേതാക്കള്‍ ചര്‍ച്ച ചെയ്തതായി അബുദാബി മീഡിയ ഓഫീസ് ഇന്നലെ അറിയിച്ചിരുന്നു.

ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവയായിരുന്നു ബ്രിക്‌സ് അംഗരാജ്യങ്ങള്‍. പിന്നീട് ഈജിപ്ത്, എത്യോപ്യ, ഇന്തോനേഷ്യ, ഇറാന്‍, യു.എ.ഇ എന്നീ രാജ്യങ്ങളെക്കൂടി ഉള്‍പ്പെടുത്തി കൂട്ടായ്മ വിപുലീകരിച്ചിരുന്നു.

Content Highlight: Agreed to put the past behind us and look to the future- Iran President about Meeting With UAE

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more