| Saturday, 16th August 2025, 7:35 pm

ഉച്ചകോടിയിൽ കൈവരിച്ച പുരോഗതിയെ സ്വാ​ഗതം ചെയ്യുന്നു; ട്രംപ്-പുടിൻ കൂടിക്കാഴ്ചയിൽ ഇന്ത്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനുമായുള്ള യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അലാസ്‌ക കൂടിക്കാഴ്ചയെ സ്വാഗതം ചെയ്ത് ഇന്ത്യ.

സമാധാനം പിന്തുടരുന്നതിൽ അവരുടെ നേതൃത്വം അങ്ങേയറ്റം പ്രശംസനീയമെന്ന് ഇന്ത്യ വിശേഷിപ്പിച്ചു. എന്നാൽ, രണ്ട് മണിക്കൂറിലധികം കൂടിക്കാഴ്ച നടന്നുവെങ്കിലും സമാധാനം ഉറപ്പാക്കുന്നതിനുള്ള കരാറിലെത്തിയിട്ടില്ല.

ചർച്ചയിലൂടെയും നയതന്ത്രത്തിലൂടെയും മാത്രമേ മുന്നോട്ട് പോകാൻ സാധിക്കുകയുള്ളുവെന്ന് സംയുക്ത പത്രസമ്മേളനത്തിന് ശേഷം വിദേശകാര്യമന്ത്രാലയം പറഞ്ഞു.

‘അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും തമ്മിലുള്ള അലാസ്‌ക ഉച്ചകോടിയെ ഇന്ത്യ സ്വാഗതം ചെയ്യുന്നു. സമാധാനം പിന്തുടരുന്നതിൽ അവരുടെ നേതൃത്വം വളരെയധികം പ്രശംസനീയം. ഉച്ചകോടിയിൽ കൈവരിച്ച പുരോഗതിയെ ഇന്ത്യ അഭിനന്ദിക്കുന്നു.

ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും മാത്രമേ മുന്നോട്ടുള്ള വഴി സാധ്യമാകൂ. ഉക്രൈന് എതിരെയുള്ള സംഘർഷം അവസാനിക്കുന്നത് കാണാൻ ലോകം ആഗ്രഹിക്കുന്നു,’ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

പുടിനുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ താരിഫ് വിഷയത്തിൽ ട്രംപ് നിലപാട് മയപ്പെടുത്തിയിരുന്നു. റഷ്യയ്ക്കും അവരുടെ വ്യാപാര പങ്കാളികൾക്കുമെതിരെ ചുമത്തിയ താരിഫ് ഉടൻ പ്രാബല്യത്തിൽ കൊണ്ടുവരില്ലെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരിലായിരുന്നു ഇന്ത്യയ്ക്ക് മേൽ യു.എസ് ആദ്യം 25 ശതമാനം തീരുവ ചുമത്തിയത്. ഇതിന് പിന്നാലെ അധിക 25 ശതമാനം തീരുവ കൂടി പ്രഖ്യാപിച്ചിരുന്നു.

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് ദ്വിതീയ ഉപരോധങ്ങളും ഉണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. റഷ്യൻ എണ്ണ വാങ്ങുന്നവരിൽ ഏറ്റവും മുൻനിരയിലുള്ള രണ്ട് രാജ്യങ്ങൾ ചൈനയും ഇന്ത്യയുമാണ്.

അധിക തീരുവ ചുമത്തിയ യു.എസിന്റെ നടപടി ദൗർഭാഗ്യകരമെന്നാണ് ഇന്ത്യ പ്രതികരിച്ചത്. തീരുമാനം പക്ഷപാതപരവും നീതീകരിക്കാനാകാത്തതെന്നും ഇന്ത്യ പറഞ്ഞു. ദേശീയ താത്പര്യം സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള എല്ലാ നടപടികളും ഇന്ത്യ സ്വീകരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞിരുന്നു. ട്രംപിന്റെ ഭീഷണിക്ക് വഴങ്ങാതെ റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യ തുടരുന്നുണ്ട്.

Content Highlight: Aftre Trump-Putin meeting India welcomes progress made at summit

We use cookies to give you the best possible experience. Learn more