| Friday, 4th April 2025, 6:10 pm

മൗഗ്ലി ഒരുപാട് കണ്ടിട്ട് ഞാനാണ് മൗഗ്ലി എന്നൊരു ഫീലായിരുന്നു എനിക്ക്: ഭാവന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ ഇഷ്ട നടിയാണ് ഭാവന. 2002ല്‍ കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് നടി സിനിമയില്‍ എത്തുന്നത്. അതില്‍ പരിമളം എന്ന ഒരു ചെറിയ കഥാപാത്രമായിരുന്നു ഭാവനയുടേത്. എന്നാല്‍ അത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

അങ്ങനെ ബിഗ് സ്‌ക്രീനില്‍ എത്തിയ ഭാവന പിന്നീട് വളരെ പെട്ടെന്നായിരുന്നു തെന്നിന്ത്യയിലെ തിരക്കുള്ള നായികയായി മാറിയത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ഭാവന അഭിനയിച്ചിരുന്നു. ഇപ്പോള്‍ കുട്ടിക്കാലത്ത് താന്‍ പറയാറുണ്ടായിരുന്ന ചെറിയ നുണകളെ കുറിച്ച് പറയുകയാണ് ഭാവന.

തനിക്ക് ഒരു അനിയനും അനുജത്തിയുമുണ്ടെന്ന് താന്‍ കൂട്ടുകാരോട് കള്ളം പറയാറുണ്ടായിരുന്നുവെന്നും
അവര്‍ക്ക് തന്നെ വലിയ പേടിയായിരുന്നുവെന്നൊക്കെ കൂട്ടുകാരുടെയടുത്ത് പറഞ്ഞിട്ടുണ്ടെന്നും ഭാവന പറയുന്നു. താന്‍ ഒരു വലിയ മൗഗ്ലി ഫാനാണെന്നും ആ സിനിമ കണ്ട് ആ കഥാപാത്രം തന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ടെന്നും ഭാവന പറയുന്നു. ഒരു തമിഴ് അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഭാവന.

‘ഞാന്‍ നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു നുണ പറയാറുണ്ടായിരുന്നു. എനിക്ക് ശരിക്കും ഒരു ചേട്ടന്‍മാത്രമേ ഉള്ളൂ. പക്ഷേ ഞാന്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഫ്രണ്ട്സിനോടൊക്കെ പറയാറുണ്ടായിരുന്നു എനിക്ക് വീട്ടില്‍ ഒരു അനിയനും അനിയത്തിയുമുണ്ട്, എന്നെ അവര്‍ക്ക് വലിയ പേടിയാണ് എന്നെ കാണുമ്പോള്‍ തന്നെ അവര്‍ക്ക് പേടിയാകുമെന്നൊക്കെ. ഇങ്ങനെയൊക്കെയായിരുന്നു എന്റെ ആഗ്രഹം.

ഭാവന

ഇങ്ങോട്ട് വരാന്‍ പറഞ്ഞാല്‍ ഇങ്ങോട്ടും വരും ഇരിക്കാന്‍ പറഞ്ഞാല്‍ ഇരിക്കും അങ്ങനെ ഒരു അനിയനും അനിയത്തിയും എനിക്കുണ്ട് എന്നൊക്കെ ഫ്രണ്ട്സിനോട് ഞാന്‍ പറയാറുണ്ടായിരുന്നു. ശരിക്കും അങ്ങനെയാണോ എന്നൊക്കെ കൂട്ടുകാര്‍ അപ്പോള്‍ ചോദിക്കും.

എനിക്ക് ജംഗിള്‍ ബുക്ക് വലിയ ഇഷ്ട്ടമായിരുന്നു. ഇപ്പോഴും ഞാന്‍ മൗഗ്ലിയുടെ ഫാനാണ്. മൗഗ്ലി കണ്ട് കണ്ട് അത് ഇന്‍ഫ്ളൂവന്‍സായിട്ട് ഞാനാണ് മൗഗ്ലി എന്നൊരു ഫീലായിരുന്നു എനിക്ക്,’ ഭാവന പറയുന്നു.

content highlights: After watching Mowgli a lot, I had a feeling that I am Mowgli: Bhavana

We use cookies to give you the best possible experience. Learn more