2018 സിനിമ ഇറങ്ങിയതിന് ശേഷം പ്രേക്ഷകരുടെ പ്രതികരണം കണ്ട് കണ്ണ് നിറഞ്ഞിട്ടുണ്ടെന്ന് ടൊവിനോ തോമസ്. ആളുകള്‍ ഐക്യകണ്‌ഠേന തന്നെ പറ്റി നല്ലത് പറഞ്ഞത് എന്ന് നിന്റെ മൊയ്തീന്‍ ഇറങ്ങിയ സമയത്തായിരിക്കുമെന്നും അതിനായി പിന്നീട് താനത് ആഗ്രഹിച്ചിരുന്നുവെന്നും ടൊവിനോ പറഞ്ഞു. പ്രളയ സമയത്ത് വിവാദങ്ങളുണ്ടായതിനാലാവും അതുംകൂടി ചേര്‍ത്ത് തനിക്ക് ഇത്രയും സ്‌നേഹം ലഭിച്ചതെന്നും ടൊവിനോ പറഞ്ഞു. ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘2018 ഇറങ്ങുന്ന ദിവസം ഞാന്‍ കുടുംബത്തോടൊപ്പം വിദേശത്ത് ടൂര്‍ പോയിരിക്കുകയാണ്. റിലീസ് ദിവസം ഞാന്‍ ഫോണില്‍ നിന്നും മാറിയിട്ടില്ല. കാരണം എന്നെ പറ്റി ആളുകള്‍ നല്ലത് പറയുകയാണ്. കുറേക്കാലമായി ആളുകള്‍ അങ്ങനെ നല്ലത് പറഞ്ഞിട്ട്. ഒരു വ്യക്തി എന്ന നിലയിലും നടനെന്ന നിലയിലും ആളുകള്‍ നമ്മളെ പറ്റി പറയുന്നത് കേള്‍ക്കാന്‍ ഇഷ്ടമുണ്ട്.
ഐക്യകണ്‌ഠേന എന്നെ പറ്റി നല്ലത് പറഞ്ഞിരിക്കുന്നത് ഒരുപക്ഷേ 2015ല്‍ എന്ന് നിന്റെ മൊയ്തീന്‍ ഇറങ്ങിയപ്പോഴായിരിക്കും. അതിന് ശേഷം ഞാന്‍ ക്രേവ് ചെയ്തിട്ടുള്ള സാധനമുണ്ട്. അത് കിട്ടിയത് 2018 വന്നപ്പോഴാണ്. 2018 പ്രളയത്തിന് ശേഷം എനിക്ക് വിഷമമുണ്ടായ പല കാര്യങ്ങളും സംഭവിച്ചിട്ടുണ്ട്. അതിന്റെ പരാതിയോ പരിഭവമോ ഞാന്‍ ആരോടും പറയാന് നില്‍ക്കാറില്ല. പക്ഷേ എന്റെ ഉള്ളില്‍ വിഷമമുണ്ടായിരുന്നു. ആ വിഷമം കൊല്ലങ്ങളായി എന്റെ ഉള്ളിലുണ്ടായിരുന്നു.
2018 സിനിമ ഇറങ്ങിയപ്പോഴേക്കും അന്ന് കിട്ടുമായിരുന്ന സ്‌നേഹത്തെക്കാള്‍ കൂടുതല്‍ എനിക്ക് കിട്ടി. അന്ന് അങ്ങനെ വിവാദങ്ങളൊക്കെ ഉണ്ടായതുകൊണ്ടാവും അതും കൂടി ചേര്‍ത്ത് എനിക്ക് സ്‌നേഹവും സക്‌സസും കിട്ടിയത്. 2018ന് ഒരു ഇന്റര്‍നാഷണല്‍ അവാര്‍ഡ് വരെ കിട്ടി. ഇത് കാവ്യ നീതിയാണ്, തളര്‍ത്തുന്നത് വളര്‍ത്താനാടാ എന്ന് എന്റെ സുഹൃത്തുക്കള്‍ പറഞ്ഞിരുന്നു.
സന്തോഷം വരുമ്പോള്‍ കരച്ചില്‍ വരുമെന്ന് പറയില്ലേ. അതുണ്ടായിട്ടുണ്ട്. വീട്ടുകാരിരിക്കുമ്പോള്‍ അവരുടെ അടുത്ത് നിന്നും മാറി ഫോണിലെ കമന്റ്‌സൊക്കെ നോക്കി ഞാന്‍ കണ്ണ് തുടച്ചിരുന്നിട്ടുണ്ട്. ഭയങ്കര സന്തോഷമായിരുന്നു. സിനിമയില്‍ മരിക്കുകയാണ്. ശരിക്കുമുള്ള പ്രളയത്തില്‍ മരിച്ചുപോയാല്‍ മതിയെന്ന് തോന്നി. അത്രയും സ്‌നേഹം കിട്ടി. ജീവനോടെ ഇരുന്നതുകൊണ്ടാണോ വിവാദങ്ങള്‍ ഉണ്ടായതെന്ന് തോന്നി,’ ടൊവിനോ പറഞ്ഞു.
Content Highlight: After the release of the 2018 film, Tovino Thomas says that he is overwhelmed by the response of the audience