കൊൽക്കത്ത: പശ്ചിമബംഗാളിലെ നിയമവിദ്യാര്‍ത്ഥിനിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. പ്രതികള്‍ അതിക്രമം ആസൂത്രണം ചെയ്തതിന്റെ വിവരങ്ങളാണ് പുറത്തുവരുന്നത്.
കുറ്റകൃത്യം ചെയ്യുന്നതിന് വേണ്ടി സെക്യൂരിറ്റി റൂം തയ്യാറാക്കി വെക്കാന്‍ പ്രതികള്‍ സുരക്ഷാ ജീവനക്കാരോട് നിര്‍ദേശിക്കുകയും വെള്ളവും ബെഡ്ഷീറ്റും ആവശ്യപ്പെടുകയും ചെയ്തുവെന്ന് പൊലീസ് പറയുന്നു. കുറ്റകൃത്യം നടത്തിയ ജൂണ്‍ 25 വരെയുള്ള ദിവസങ്ങളില്‍ പ്രതികളായ മൂവരും നിരന്തരം ബന്ധപ്പെട്ടിരുന്നതായി പൊലീസിന് ലഭിച്ച കോള്‍ ഡീറ്റയല്‍സില്‍ നിന്നും വ്യക്തമാകുന്നുണ്ട്.
കുറ്റകൃത്യത്തിന് ശേഷം പ്രതികള്‍ സെക്യൂരിറ്റി റൂമില്‍ ഇരുന്ന് മദ്യപിക്കുകയും അടുത്തുള്ള ഹോട്ടലില്‍ നിന്ന് ഭക്ഷണം വാങ്ങിക്കഴിക്കുകയും ചെയ്തിരുന്നു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. നിലവില്‍ പ്രതികളായ മോണോജിത് മിശ്ര, വിദ്യാര്‍ത്ഥികളായ സായിബ് അഹമ്മദ്, പ്രമിത് മുഖര്‍ജി, സെക്യൂരിറ്റ് ഗാര്‍ഡ് പിനാകി ബാനര്‍ജി എന്നിവര്‍ പൊലീസ് കസ്റ്റഡിയിലാണ്.
അതിജീവിത പരാതി നല്‍കില്ലെന്നാണ് പ്രതികള്‍ കരുതിയിരുന്നെതെങ്കിലും അന്വേഷണം തുടങ്ങിയതോടെ മുഖ്യപ്രതി മോണോജിത് സഹായത്തിനായി രാഷ്ട്രീയ നേതാക്കളെ അടക്കം ബന്ധപ്പെട്ടിരുന്നുവെന്നും പൊലീസ് പറഞ്ഞു. രണ്ട് ദിവസം മുമ്പ് പ്രതികളെ കനത്ത പൊലീസ് സുരക്ഷയില്‍ കോളേജിലേക്ക് തെളിവെടുപ്പിനായി കൊണ്ടുവന്നിരുന്നു.
പ്രതികള്‍ സ്ഥിരം ശല്യക്കാരാണെന്നും മുഖ്യപ്രതി മോണോജിത് മിശ്ര നേരത്തെയും വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറുകയും ഭീണണിപ്പെടുത്തുയും ചെയ്തിട്ടുണ്ടെന്ന് മുന്‍സഹപാഠി വെളിപ്പെടുത്തിയിരുന്നു.
ജൂണ്‍ 25നാണ് സൗത്ത് കൊല്‍ക്കത്ത ലോ കോളേജില്‍വെച്ച് നിയമവിദ്യാര്‍ത്ഥിയെ ബലാത്സംഗം ചെയ്തത്. പഠനാവശ്യവുമായി ബന്ധപ്പെട്ടാണ് വിദ്യാര്‍ത്ഥിനി വൈകിട്ട് നാല് മണിയോടെ കോളേജില്‍ എത്തിയത്. ഇവിടേക്ക് മോണോജിത് മിശ്ര വരികയും പെണ്‍കുട്ടിയെ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിലേക്ക് വലിച്ചിഴച്ച് പീഡിപ്പിക്കുകയായിരുന്നു.
Content Highlight: After the rape He contacted political leaders for help, got drunk; Shocking details in the Kolkata case