ഇംഫാല്‍: മണിപൂരില്‍ സമാധാനം നിലനിര്‍ത്തുന്നതില്‍ രാഷ്ട്രപതി ഭരണം പരാജയപ്പെട്ടുവെന്ന് കോണ്‍ഗ്രസ്. സര്‍ക്കാര്‍ ബസിന്റെ വിന്റ് ഷീല്‍ഡില്‍ സംസ്ഥാനത്തിന്റെ പേര് മറച്ചുവച്ചതിനെതിരെ പ്രതിഷേധങ്ങളുയരുന്നതിനിടെയാണ് കോണ്‍ഗ്രസിന്റെ ആരോപണം.
സംസ്ഥാനത്ത് സമാധാനം നിലനിര്‍ത്തുന്നതില്‍ രാഷ്ട്രപതി ഭരണവും പരാജയപ്പെട്ടുവെന്ന ആരോപണവുമായാണ് മണിപ്പൂര്‍ കോണ്‍ഗ്രസ് പ്രസിഡന്റ് കെയ്ഷാം മേഘചന്ദ്ര രംഗത്തെത്തിയത്. ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ലയെ കേന്ദ്രം തിരിച്ചുവിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ രണ്ട് വര്‍ഷത്തിലേറെയായി മണിപ്പൂരിനെ പരാജയപ്പെടുത്തിയെന്നും പിന്നാലെ രാഷ്ട്രപതി ഭരണവും പരാജയപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂരിനെ ആവര്‍ത്തിച്ച് പരാജയപ്പെടുത്തുന്നുണ്ടെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ രാജി വെക്കണമെന്നും മണിപ്പൂര്‍ ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്നും മേഘചന്ദ്ര ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ ബസിന്റെ വിന്‍ഡ്ഷീല്‍ഡില്‍ സംസ്ഥാനത്തിന്റെ പേര് മറച്ചുവെച്ചതിനെച്ചൊല്ലി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് പ്രതിഷേധങ്ങള്‍ വ്യാപകമായിരുന്നു. സര്‍ക്കാര്‍ ബസിന്റെ പേരില്‍ മണിപ്പൂര്‍ എന്ന വാക്ക് ഗവര്‍ണര്‍ നീക്കം ചെയ്തുവെന്നും ആരാണ് മണിപൂര്‍ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസില്‍ നിന്ന് മണിപ്പൂര്‍ നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കിയതെന്നും അദ്ദേഹം ചോദിച്ചു.
പ്രതിഷേധത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളും വനിതാ ഗ്രൂപ്പുകളും തിങ്കളാഴ്ച ഗവര്‍ണറുടെ വസതിയില്‍ നിന്ന് ഏകദേശം 200 മീറ്റര്‍ അകലെ ഇംഫാല്‍ വിമാനത്താവളം മുതല്‍ കെയ്സംപത്ത് വരെയുള്ള ആറ് കിലോമീറ്റര്‍ നീളത്തില്‍ മനുഷ്യച്ചങ്ങല തീര്‍ത്തിരുന്നു.
തുടര്‍ന്ന് രാജ്ഭവനില്‍ നിന്നും 300 മീറ്റര്‍ അകലെ വിമാനത്താവളത്തിലെത്താനും തിരിച്ച് പോവാനായി ഹെലികോപ്റ്റര്‍ തെരഞ്ഞെടുക്കുകയും ചെയ്തതിനും വിമര്‍ശനം ഉയര്‍ന്നിരുന്നു.
Content Highlight: After the government, President’s rule also failed to maintain peace in Manipur: Congress