| Tuesday, 11th November 2025, 4:22 pm

ധോണിയുടെ മാത്രമല്ല, ചെന്നൈയില്‍ ഇവന്‍ സുരേഷ് റെയ്‌നയുടെയും പിന്‍ഗാമിയാകും; തിളങ്ങാന്‍ സഞ്ജു

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും വലിയ ട്രേഡിനാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്. സഞ്ജു സാംസണെ സ്വന്തമാക്കാനായി ഒരു പതിറ്റാണ്ടിലധികം ടീമിനൊപ്പമുണ്ടായിരുന്ന രവീന്ദ്ര ജഡേജയെയും സാം കറനെയും ചെന്നൈ സൂപ്പര്‍ കിങ്സ് രാജസ്ഥാന് കൈമാറുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ധോണിയുടെ പിന്‍ഗാമിയായി സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്സിലേക്കെത്തുമ്പോള്‍ താന്‍ ആദ്യമായി ഐ.പി.എല്‍ കിരീടം ചുംബിച്ച ടീമിലേക്കാകും രവീന്ദ്ര ജഡജേ മടങ്ങിയെത്തുക. രവീന്ദ്ര ജഡേജയെ സൂപ്പര്‍ കിങ്സ് ഒരു കാരണവശാലും കൈവിടരുതെന്ന് ആരാധകരും ആവശ്യപ്പെടുന്നുണ്ട്.

തല ധോണിയുടെ പിന്‍ഗാമിയായി മാത്രമല്ല, സൂപ്പര്‍ കിങ്‌സ് ഇതിഹാസം ചിന്നത്തല സുരേഷ് റെയ്‌നയുടെ പിന്‍ഗാമിയായും സഞ്ജുവിന് ചെപ്പോക്കില്‍ തിളങ്ങാന്‍ സാധിക്കും. റെയ്‌നയുടേതെന്ന പോലെ എക്‌സ്‌പ്ലോസിവ് ബാറ്റിങ് ശൈലി കൈമുതലായുള്ള സഞ്ജുവിന് വെടിക്കെട്ടുമായി തിളങ്ങാനും അവസരമൊരുങ്ങും.

അഥവാ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമാവുകയാണെങ്കില്‍ ടോപ്പ് ഓര്‍ഡറില്‍, പ്രത്യേകിച്ചും സുരേഷ് റെയ്‌നയുടെ വണ്‍ ഡൗണ്‍ പൊസിഷനിലായിരിക്കും സഞ്ജുവിന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിക്കാന്‍ സാധ്യത. വണ്‍ ഡൗണില്‍ റെയ്‌നയുടേതെന്ന പോലെ സഞ്ജുവിന്റെ ട്രാക്ക് റെക്കോഡും ഗംഭീരമാണ്.

മൂന്നാം നമ്പറില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളില്‍ ഒന്നാമന്‍ റെയ്‌നയാണ്, രണ്ടാമനാകട്ടെ സഞ്ജുവും. 171 ഇന്നിങ്‌സില്‍ നിന്നും 4934 റണ്‍സാണ് വണ്‍ ഡൗണില്‍ റെയ്‌നയുടെ സമ്പാദ്യം. മൂന്നാം നമ്പറില്‍ 92 ഇന്നിങ്‌സില്‍ നിന്നും 3034 റണ്‍സാണ് സഞ്ജു നേടിയത്.

ഐ.പി.എല്‍ ചരിത്രത്തില്‍ മൂന്നാം നമ്പറില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങള്‍

(താരം – ഇന്നിങ്‌സ് – റണ്‍സ് – ശരാശരി – സ്‌ട്രൈക് റേറ്റ് – 50 | 100 എന്നീ ക്രമത്തില്‍)

സുരേഷ് റെയ്‌ന – 171 – 4,934 – 34.5 – 137.5 – 37 | 1

സഞ്ജു സാംസണ്‍ – 92 – 3,034 – 39.4 – 143.3 – 20 | 3

വിരാട് കോഹ് ലി – 93 – 2,815 – 36.1 – 123.8 – 20 | 0

എ.ബി. ഡി വില്ലിയേഴ്‌സ് – 58 – 2,188 – 50.9 – 154.1 – 18 | 3

മനീഷ് പാണ്ഡേ – 72 – 1,942 – 32.4 – 124.7 – 14 | 0

ഐ.പി.എല്ലില്‍ രാജസ്ഥാന് വേണ്ടി ഏറ്റവുമധികം റണ്‍സ് നേടിയ സഞ്ജുവിനെ ടീമിലെത്തിക്കുന്നത് സൂപ്പര്‍ കിങ്‌സ് ബാറ്റിങ് യൂണിറ്റിന്റെ ശക്തിയും വര്‍ധിപ്പിക്കും. എന്നാല്‍ രവീന്ദ്ര ജഡേജയെ പോലെയുള്ള സ്പിന്‍ ഓള്‍ റൗണ്ടറുടെ വിടവ് മിനി ലേലത്തില്‍ സൂപ്പര്‍ കിങ്‌സ് എങ്ങനെ മറികടക്കുമെന്നും കണ്ടറിയണം.

Content Highlight: After Suresh Raina, Sanju Samson scored more runs in No 3 position

We use cookies to give you the best possible experience. Learn more