| Thursday, 28th May 2026, 4:53 pm

വിചാരണയില്ലാത്ത ആറ് വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം കുടുംബത്തോടൊപ്പം പെരുന്നാള്‍ ആഘോഷിച്ച് ഖാലിദ് സൈഫി

ആദർശ് എം.കെ.

ന്യൂദല്‍ഹി: ആറുവര്‍ഷത്തെ നീണ്ട ജയില്‍വാസത്തിന് ശേഷം സാമൂഹിക പ്രവര്‍ത്തകന്‍ ഖാലിദ് സൈഫി തന്റെ കുടുംബത്തോടൊപ്പം ആദ്യമായി ബലിപെരുന്നാള്‍ ആഘോഷിച്ചു.

2020 ഫെബ്രുവരിയിലെ വടക്കുകിഴക്കന്‍ ദല്‍ഹി കലാപ ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ട് വിചാരണയില്ലാതെ തടവിലായിരുന്ന അദ്ദേഹത്തിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചതോടെയാണ് ഈ ഒത്തുചേരല്‍ സാധ്യമായത്.

യുണൈറ്റഡ് എഗെയ്ന്‍സ്റ്റ് ഹേറ്റ് കൂട്ടായ്മയിലെ അംഗമായ സൈഫി, ഏകദേശം ആറ് വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞ ശേഷം മെയ് 25നാണ് പുറത്തിറങ്ങിയത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ക്കിടെ നടന്ന ദല്‍ഹി കലാപത്തിന്റെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

ജസ്റ്റിസുമാരായ അരവിന്ദ് കുമാര്‍, പി.ബി. വരാലെ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് സൈഫിക്കും കൂട്ടുപ്രതി തസ്‌ലിം അഹമ്മദിനും ഇടക്കാല ജാമ്യം അനുവദിച്ചത്.

വിചാരണ തുടങ്ങാന്‍ വൈകുന്നതും ദീര്‍ഘകാലമായി പ്രതികള്‍ തടവില്‍ കഴിയുന്നതും പരിഗണിച്ചാണ് കോടതിയുടെ ഈ നടപടി.

ആറ് മാസത്തേക്കാണ് ഇവര്‍ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.

എന്നാല്‍, കേസിനെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കാനോ സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കാനോ പാടില്ല എന്ന കര്‍ശന വ്യവസ്ഥ കോടതി മുന്നോട്ടുവെച്ചിട്ടുണ്ട്.

നേരത്തെ ദല്‍ഹി ഹൈക്കോടതി ഇവര്‍ക്ക് ജാമ്യം നിഷേധിച്ചിരുന്നു, തുടര്‍ന്നാണ് ഇവര്‍ സുപ്രീം കോടതിയെ സമീപിച്ചത്. അതേസമയം, ഇതേ കേസില്‍ പ്രതികളായ ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം എന്നിവര്‍ ഇപ്പോഴും ജയിലില്‍ തുടരുകയാണ്.

യു.എ.പി.എ പോലുള്ള കര്‍ശന നിയമങ്ങള്‍ നിലനില്‍ക്കുമ്പോള്‍, വിചാരണ വൈകുന്നത് ജാമ്യം നല്‍കാന്‍ കാരണമാകുമോ എന്ന ഭരണഘടനാപരമായ ചോദ്യം വിശാലമായ മറ്റൊരു ബെഞ്ചിന്റെ പരിഗണനയ്ക്ക് സുപ്രീം കോടതി വിട്ടിരിക്കുകയാണ്.

Content Highlight: After six years in prison, Khalid Saifi celebrated Eid-al-Adha with his family

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more