| Monday, 11th May 2026, 11:01 am

ശ്രേയസ് മാത്രമല്ല, സഞ്ജുവിന് ചെക്ക് വെക്കാന്‍ ഇഷാനും

ഫസീഹ പി.സി.

ഇന്ത്യന്‍ ടി – 20 ടീമിന്റെ അടുത്ത ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് മലയാളി താരം സഞ്ജു സാംസണിന് പുറമെ വിക്കറ്റ് കീപ്പര്‍ ബാറ്ററും ജാര്‍ഖണ്ഡ് ക്യാപ്റ്റനുമായ ഇഷാന്‍ കിഷനെയും പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. നിലവിലെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ ഫോമില്‍ സെലക്ടര്‍മാര്‍ തൃപ്തരല്ലെന്നും താരത്തെ ഉടനെ തന്നെ ആ സ്ഥാനത്ത് നിന്ന് നീക്കിയേക്കുമെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ആദ്യം ഐ.പി.എല്‍ ടീം പഞ്ചാബ് കിങ്സ് നായകന്‍ ശ്രേയസ് അയ്യരെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്. പിന്നാലെ, സഞ്ജുവിന്റെ നിലവിലെ ഐ.പി.എല്‍ ഫോം സെലക്ടര്‍മാരുടെ പ്രീതിക്ക് കാരണമായെന്നും താരത്തെയും പരിഗണിക്കുന്നുവെന്നും ദേശീയ മാധ്യമങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്തു. കോച്ച് ഗൗതം ഗംഭീറിനും മലയാളി വിക്കറ്റ് കീപ്പറോട് പ്രത്യേകം താത്പര്യമുണ്ടെന്നും റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നു.

ഇതിലേക്കാണ് ഇഷാന്‍ കിഷന്റെ പേര് കൂടി പുറത്ത് വരുന്നത്. താരത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി ക്രിക് ബ്ലോഗറാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍, അക്‌സര്‍ പട്ടേല്‍ എന്നിവരെല്ലാം പരിഗണിക്കപ്പെടുന്നുണ്ടെങ്കിലും ഇഷാന്‍ കിഷനാണ് മുന്‍തൂക്കം എന്നാണ് ഈ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റിലെയും അന്താരാഷ്ട്ര ക്രിക്കറ്റിലെയും മികവാണ് ഇതിന് പിന്നില്‍ എന്നാണ് റിപ്പോര്‍ട്ട് നല്‍കുന്ന വിവരം.

ആഭ്യന്തര ക്രിക്കറ്റില്‍ ജാര്‍ഖണ്ഡ് ക്യാപ്റ്റനാണ് ഇഷാന്‍. 2026 സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഇഷാന്‍ ടീമിനെ കിരീടമണിയിച്ചിരുന്നു. ഒപ്പം ബാറ്റ് കൊണ്ട് തിളങ്ങിയ താരം ഇന്ത്യന്‍ ജേഴ്‌സിയിലും ഈ പ്രകടനങ്ങള്‍ ആവര്‍ത്തിച്ചു. ആദ്യം ന്യൂസിലാന്‍ഡ് പരമ്പരയിലും പിന്നീട് 2026 ടി – 20 ലോകകപ്പിലുമാണ് താരം തിളങ്ങിയത്. ഇതെല്ലാം താരത്തിന് ക്യാപ്റ്റന്‍സി റേസില്‍ മുന്‍തൂക്കം നല്‍കുന്നുവെന്നതാണ് വിവരം.

2026 ടി – 20 ലോകകപ്പിൽ കളിക്കുന്ന ഇഷാൻ കിഷൻ. Photo: BCCI/x.com

അതേസമയം, ഇന്ത്യയുടെ പുതിയ ടി – 20 ക്യാപ്റ്റന്‍ ആരാകുമെന്ന കാര്യത്തില്‍ ഉടനെ തീരുമാനമുണ്ടായേക്കാം. ഐ.പി.എല്‍ അവസാനിച്ചതിന് തൊട്ട് പിന്നാലെ പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് പുറത്ത് വരുന്ന സൂചനകള്‍. ജൂണില്‍ ഷെഡ്യൂള്‍ ചെയ്തിട്ടുള്ള അയര്‍ലാന്‍ഡ് – ഇംഗ്ലണ്ട് പരമ്പരയുടെ സ്‌ക്വാഡ് പ്രഖ്യാപിക്കുന്നതിനൊപ്പമായിരിക്കും പുതിയ നായകനെയും തെരഞ്ഞെടുക്കുക എന്നതാണ് വിവരം.

ജൂണ്‍ ആറിന് അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റോടെയാണ് ഇന്ത്യയുടെ അന്താരാഷ്ട്ര മത്സരങ്ങള്‍ പുനരാരംഭിക്കുക. അതിന് ശേഷം അഫ്ഗാനുമായി തന്നെ മൂന്ന് ഏകദിനങ്ങള്‍ അടങ്ങിയ പരമ്പരയുമുണ്ട്. അതിന് ശേഷമാണ് അയര്‍ലാന്‍ഡുമായും ഇംഗ്ലണ്ടുമായുള്ള പരമ്പരകള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്.

ജൂണ്‍ 26 മുതല്‍ 28 വരെ അയര്‍ലാന്‍ഡുമായി രണ്ട് ടി – 20 മത്സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ജൂലൈ ഒന്ന് മുതലാണ് ഇംഗ്ലണ്ട് പരമ്പരയ്ക്ക് തുടക്കമാവുക. ജൂലൈ 11ന് അവസാനിക്കുന്ന സീരീസില്‍ ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത് അഞ്ച് ടി – 20 മത്സരങ്ങളാണ്.

Content Highlight: After Sanju Samson, Ishan Kishan also a considered as a candidate as  India’s T20I captain: Report

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

Latest Stories

We use cookies to give you the best possible experience. Learn more