| Thursday, 28th November 2019, 3:47 pm

'ഗോഡ്‌സെ തീവ്രവാദിയല്ല, ഒരു തെറ്റ് മാത്രമാണു ചെയ്തത്'; പ്രജ്ഞയ്ക്കു പിറകേ ബി.ജെ.പിയെ വെട്ടിലാക്കി പാര്‍ട്ടി എം.എല്‍.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബല്ലിയ: നാഥുറാം ഗോഡ്‌സെയെ ‘ദേശഭക്തന്‍’ എന്നു വിളിച്ച പ്രജ്ഞാ സിങ് താക്കൂറിനെതിരെ നടപടിയെടുത്തു മുഖം രക്ഷിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നതിനിടെ വീണ്ടും പാര്‍ട്ടിയെ വെട്ടിലാക്കി എം.എല്‍.എയുടെ പ്രസ്താവന. ഉത്തര്‍പ്രദേശിലെ ബല്ലിയയിലുള്ള ബി.ജെ.പി എം.എല്‍.എ സുരേന്ദ്ര സിങ്ങാണ് ഗോഡ്‌സെയെക്കുറിച്ച് അടുത്ത വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്.

ഗോഡ്‌സെ തീവ്രവാദിയല്ലെന്നും ഗാന്ധിയെ കൊന്നതിലൂടെ അദ്ദേഹം ചെയ്തത് ഒരു തെറ്റ് മാത്രമാണെന്നും സിങ് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

‘ഗോഡ്‌സെ ഒരു തീവ്രവാദിയല്ല. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ മാത്രമാണ് തീവ്രവാദികള്‍. ഗോഡ്‌സെ ഒരു തെറ്റാണു ചെയ്തത്. അദ്ദേഹം ദേശസ്‌നേഹിയായ ഗാന്ധിജിയെ കൊല്ലാന്‍ പാടില്ലായിരുന്നു.’- സിങ് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രജ്ഞയുടെ പ്രസ്താവന വിവാദമായതോടെ അവര്‍ക്കെതിരെ നടപടിയുമായി ബി.ജെ.പി രംഗത്തെത്തിയിരുന്നു.

പ്രജ്ഞയെ പ്രതിരോധ സമിതിയില്‍ നിന്ന് ഒഴിവാക്കുന്നതായി ബി.ജെ.പി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി നഡ്ഡ അറിയിച്ചു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളത്തിനിടെ നടക്കുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗങ്ങളിലും പ്രജ്ഞയെ പങ്കെടുപ്പിക്കില്ലെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടു പറഞ്ഞു.

പ്രസ്താവന അപലപനീയമാണെന്നും അത്തരം പ്രസ്താവനകളെയോ ആശയത്തെയോ ബി.ജെ.പി പിന്തുണയ്ക്കുന്നില്ലെന്നും നഡ്ഡ വ്യക്തമാക്കി.

ഇന്നലെ ലോക്സഭയില്‍ എസ്.പി.ജി ബില്ലിന്റെ ചര്‍ച്ചയ്ക്കിടെയാണ് പ്രജ്ഞ വിവാദ പ്രസ്താവന നടത്തിയത്. ഡി.എം.കെ അംഗമായ എ. രാജ മഹാത്മാ ഗാന്ധിയെ എന്തുകൊണ്ടു താന്‍ വധിച്ചുവെന്ന ഗോഡ്സെയുടെ വാക്കുകള്‍ ഉദ്ധരിച്ചിരുന്നു.

ഗാന്ധിയെ വധിക്കുന്നതിനും 32 വര്‍ഷങ്ങള്‍ക്കു മുന്‍പേ അദ്ദേഹത്തോടു വൈരാഗ്യം ഉണ്ടായിരുന്നുവെന്നും ഗോഡ്സെ പറഞ്ഞതായി രാജ പറഞ്ഞിരുന്നു. ഇതിനിടെ രാജയെ ഖണ്ഡിച്ചുകൊണ്ടാണ് പ്രജ്ഞ രംഗത്തെത്തിയത്. ഒരു ദേശഭക്തനെ ഉദാഹരിക്കാന്‍ കഴിയില്ലെന്ന് അവര്‍ പറഞ്ഞു. ഇതോടെ പ്രതിപക്ഷകക്ഷികള്‍ പ്രതിഷേധം ഉയര്‍ത്തുകയായിരുന്നു.

തുടര്‍ന്ന് സഭാ രേഖകളില്‍ നിന്ന് പ്രജ്ഞയുടെ പരാമര്‍ശം നീക്കം ചെയ്തു. അതേസമയം പ്രജ്ഞയെ പിന്തിരിപ്പിച്ച് സീറ്റില്‍ ഇരുത്താനായിരുന്നു ബി.ജെ.പി അംഗങ്ങളുടെ ശ്രമം.

Latest Stories

We use cookies to give you the best possible experience. Learn more