ഐ.സി.സി ലോകകപ്പ് ലീഗ് 2ല്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെ പരാജയപ്പെടുത്തി സ്‌കോട്‌ലാന്‍ഡ് മികച്ച വിജയം സ്വന്തമാക്കിയിരുന്നു. ഫോര്‍ട്ട്ഹില്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 44 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് സ്‌കോട്ടിഷ് വാറിയേഴ്‌സ് സ്വന്തമാക്കിയത്.
ഫിന്‍ലേ മക്ക്രീത്, മാര്‍ക് വാട്ട് എന്നിവരുടെ മികച്ച ഇന്നിങ്‌സുകളുടെയും ബ്രാന്‍ഡന്‍ മക്മുള്ളന്‍ അടക്കമുള്ള ബൗളര്‍മാരുടെയും കരുത്തലാണ് സ്‌കോട്‌ലാന്‍ഡ് വിജയിച്ചത്. സ്‌കോട്‌ലാന്‍ഡ് ഉയര്‍ത്തിയ 263 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ നെതര്‍ലന്‍ഡ്‌സ് 218 റണ്‍സിന് പുറത്തായി.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സ്‌കോട്‌ലാന്‍ഡിന് അത്ര കണ്ട് മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. ചാര്‍ളി ടിയര്‍ ഏഴ് റണ്‍സിനും ബ്രാന്‍ഡന്‍ മാക്മുള്ളന്‍ ഒമ്പത് റണ്‍സിനും പുറത്തായി. ക്യാപ്റ്റന്‍ റിച്ചി ബെറിങ്ടണിന് 15 റണ്‍സ് മാത്രമാണ് കൂട്ടിച്ചേര്‍ക്കാന്‍ സാധിച്ചത്.
അഞ്ചാം നമ്പറിലെത്തിയ മക്ക്രീത് 106 പന്തില്‍ 81 റണ്‍സ് നേടി ടീമിനെ താങ്ങി നിര്‍ത്തി. എട്ടാം നമ്പറിലെത്തിയ മാര്‍ക് വാട്ട് 72 പന്ത് നേരിട്ട് 60 റണ്‍സും സ്വന്തമാക്കി. പത്താം നമ്പറില്‍ ക്രീസിലെത്തി 18 പന്ത് നേരിട്ട് 36 റണ്‍സ് നേടിയ സാഫിയാന്‍ ഷെരീഫും സ്‌കോറിങ്ങില്‍ നിര്‍ണായകമായി.
ഒടുവില്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ടീം 262ലെത്തി.
നെതര്‍ലന്‍ഡ്‌സിനായി കൈല്‍ ക്ലീന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ രണ്ട് വിക്കറ്റുമായി ആര്യന്‍ ദത്തും വാന്‍ ഡെര്‍ മെര്‍വും മികച്ച പിന്തുണ നല്‍കി. പോള്‍ വാന്‍ മീകരന്‍, സാക് ലയണ്‍-കാഷെറ്റ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ നെതര്‍ലന്‍ഡ്‌സിന് മികച്ച തുടക്കം ലഭിച്ചെങ്കിലും പിന്നാലെയെത്തിയവര്‍ക്ക് അത് മുതലാക്കാന്‍ സാധിക്കാതെ പോയതാണ് ടീമിന് വിനയായത്. മികച്ച കൂട്ടുകെട്ടുകളുണ്ടാക്കാന്‍ അനുവദിക്കാതെ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ സ്‌കോട്ടിഷ് താരങ്ങളും തിളങ്ങി.
ഒടുവില്‍ 45 ഓവറില്‍ 218 റണ്‍സിന് ടീം പുറത്തായി. 52 പന്തില്‍ 35 റണ്‍സ് നേടിയ ഓപ്പണര്‍ മൈക്കല്‍ ലെവിറ്റാണ് ടീമിന്റെ ടോപ് സ്‌കോറര്‍.
സ്‌കോട്‌ലാന്‍ഡിനായി ബ്രാന്‍ഡന്‍ മാക്മുള്ളന്‍ മൂന്ന് വിക്കറ്റുമായി തിളങ്ങി. സാഫിയാന്‍ ഷെരീഫ്, മാര്‍ക് വാട്ട്, ജാസ്പര്‍ ഡേവിഡ്‌സണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ മൈക്കല്‍ ലീസ്‌കാണ് ശേഷിച്ച വിക്കറ്റെടുത്തത്.
മത്സരത്തില്‍ ആദ്യ വിക്കറ്റ് വീഴ്ത്തിയതിന് പിന്നാലെ ഒരു ചരിത്ര നേട്ടമാണ് മാക്മുള്ളനെ തേടിയെത്തിയത്. ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സും 50 വിക്കറ്റും സ്വന്തമാക്കുന്ന താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിയാണ് താരം ചരിത്രം കുറിച്ചിരിക്കുന്നത്. കരിയറിലെ 33ാം ഏകദിനത്തിലാണ് താരം ഈ റെക്കോഡ് സ്വന്തമാക്കിയത്.
ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഏകദിന ഓള്‍ റൗണ്ടര്‍ കപില്‍ ദേവ് തന്റെ 46ാം ഏകദിനത്തിലും ബംഗ്ലാ ഇതിഹാസം ഷാകിബ് അല്‍ ഹസന്‍ 50ാം മത്സരത്തിലും നേടിയ നേട്ടമാണ് 33ാം ഏകദിനത്തില്‍ മക്മുള്ളന്‍ സ്വന്തമാക്കിയത്.
ഇന്ത്യയുടെ അസിസ്റ്റന്റ് കോച്ച് റയാന്‍ ടെന്‍ ഡോഷേറ്റ് മാത്രമാണ് ഈ റെക്കോഡില്‍ മക്മുള്ളന് മുമ്പിലുള്ളത്. 28ാം ഏകദിനത്തിലാണ് താരം ഈ റെക്കോഡ് സ്വന്തമാക്കിയത്.
(താരം – ടീം – മത്സരം എന്നീ ക്രമത്തില്‍)
റയാന്‍ ടെന്‍ ഡോഷേറ്റ് – നെതര്‍ലന്‍ഡ്‌സ് – 28
ബ്രാന്‍ഡന്‍ മാക്മുള്ളന്‍ – സ്‌കോട്‌ലാന്‍ഡ് – 33*
സീഷന്‍ മഖ്‌സൂദ് – ഒമാന്‍ – 37
കോറി ആന്‍ഡേഴ്‌സണ്‍ – ന്യൂസിലാന്‍ഡ് – 40
ലാന്‍സ് ക്ലൂസ്‌നര്‍ – സൗത്ത് ആഫ്രിക്ക – 42
ഗ്രെഗ് ചാപ്പല്‍ – ഓസ്‌ട്രേലിയ – 44
കപില്‍ ദേവ് – ഇന്ത്യ – 46
സ്റ്റീവ് വോ – ഓസ്‌ട്രേലിയ – 46
രോഹന്‍ മുസ്തഫ – യു.എ.ഇ – 50
ഷാകിബ് അല്‍ ഹസന്‍ – ബംഗ്ലാദേശ് – 50
അതേസമയം, നേപ്പാളിനെതിരെയാണ് സ്‌കോട്‌ലാന്‍ഡ് അടുത്ത മത്സരം കളിക്കുന്നത്. ഫോര്‍ട്ട്ഹില്‍ ക്രിക്കറ്റ് ഗ്രൗണ്ട് തന്നെയാണ് വേദി.
Content Highlight: After Ryan ten Doeschate Brandon McMullan becomes fastest cricketer to score 1,000 runs and 50 wickets in ODI