| Saturday, 10th October 2026, 4:13 pm

ജന്തര്‍ മന്തര്‍ പ്രക്ഷോഭം: കസ്റ്റഡിയിലെടുത്തതത് മൂന്ന് മുന്‍ മുഖ്യമന്ത്രിമാരെ; സ്റ്റേഡിയങ്ങളെയും തടങ്കല്‍ കേന്ദ്രങ്ങളാക്കി ദല്‍ഹി പൊലീസ്

റെന്വര്‍ പി

ന്യൂദല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധത്തില്‍ പങ്കെടുത്ത മുന്‍ മുഖ്യമന്ത്രിമാരടക്കമുള്ള പ്രതിപക്ഷ നേതാക്കളെ ദല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു. ദല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എന്നിവരെ ഇന്ന് ഉച്ചയോടെ പൊലീസ് കസ്റ്റഡിയിലെടുത്തു. കേരള മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഇന്ന് രാവിലെ കസ്റ്റഡിയിലെടുത്ത് മണിക്കൂറുകള്‍ക്ക് ശേഷമാണ് മറ്റ് മുന്‍ മുഖ്യമന്ത്രിമാരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.

മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് പുറമെ സി.ജെ.പി നേതാക്കളായ അഭിജിത് ദീപ്‌കെ, സൗരവ് ദാസ്, അഷുതോഷ് രങ്ക, ഐസ നേതാവ് നേഹ ബോറ, എസ്.എഫ്.ഐ നേതാവ് ഐഷെ ഘോഷ്, സാമൂഹ്യ പ്രവര്‍ത്തകരായ യോഗേന്ദ്ര യാദവ്, പ്രശാന്ത് ഭൂഷണ്‍, സി.പി.ഐ.എം നേതാക്കളായ എം.എ. ബേബി, എ.എ. റഹീം, ജോണ്‍ ബ്രിട്ടാസ്, പി.കെ. ശ്രീമതി, എം.വി ഗോവിന്ദന്‍, പി. രാജീവ് എന്നിവരെ ദല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

യൂട്യൂബറും ആക്ടിവിസ്റ്റുമായ ധ്രുവ് റാഠിയെ ഗുഡ്ഗാവില്‍ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തു. സി.ജെ.പി നേതാവ് രത്‌ന സിങ്ങിനെയും ഇന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സി.ജെ.പിയും ഇടത് വിദ്യാര്‍ത്ഥി സംഘടനകളുമാണ് ഇന്ന് പ്രതിഷേധം പ്രഖ്യാപിച്ചത്. സി.പി.ഐ.എം, ആം ആദ്മി പാര്‍ട്ടി എന്നീ രാഷ്ട്രീയ കക്ഷികള്‍ ഈ പ്രതിഷേധത്തിന് പിന്തുണ അറിയിച്ചിരുന്നു. സി.പി.ഐ.എം, ആം ആദ്മി നേതാക്കള്‍ക്ക് പുറമെ മമത ബാനര്‍ജിയും ഇന്ന് ദല്‍ഹിയില്‍ പ്രതിഷേധിക്കാനെത്തുകയായിരുന്നു.

ജന്തര്‍ മന്തറില്‍ ഏതാണ്ട് ഉപരോധ സമാനമായ സാഹചര്യമാണ് നിലനിന്നിരുന്നത്. ഇതിനിടെ ദില്ലി ഹാഠിന് സമീപം ഐസയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നു. എസ്.എഫ്.ഐയുടെ നേതൃത്വത്തിലും ദല്‍ഹിയില്‍ സമാനമായ പ്രതിഷേധം നടന്നു.

ദില്ലി ഹാഠ് പ്രതിഷേധത്തിനിടെയാണ് നേഹ ബോറ, യോഗേന്ദ്ര യാദവ്, പ്രശാന്ത് ഭൂഷണ്‍ എന്നിവരെ കസ്റ്റഡിയിലെടുത്തത്. ജന്തര്‍ മന്തറിലേക്ക് പ്രതിഷേധത്തിന് പോകുകയായിരുന്ന കുറഞ്ഞത് 200 പേരെ ദല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമ പ്രവര്‍ത്തകരും ഇതില്‍ ഉള്‍പ്പെടുന്നു.

മമത ബാനര്‍ജിക്കൊപ്പം പ്രതിഷേധത്തില്‍ പങ്കെടുത്ത മറ്റ് തൃണമൂല്‍ നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ജന്തര്‍ മന്തറിലേക്ക് പ്രതിഷേധക്കാര്‍ എത്തുന്നതു തടയാന്‍ ദല്‍ഹി പൊലീസ് കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. കൊണാട്ട് പ്ലേസ് പരിസരത്തെത്തിയ നൂറുകണക്കിന് ആളുകളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

പ്രതിഷേധത്തിന് മുന്നോടിയായി ദല്‍ഹി പൊലീസ് തലസ്ഥാനത്തെ വിവിധ ജില്ലകളിലായി 13 തടവ് കേന്ദ്രങ്ങള്‍ ആരംഭിച്ചിരുന്നു. കസ്റ്റഡിയിലെടുത്ത രാഷ്ട്രീയ നേതാക്കളും വിദ്യാര്‍ത്ഥികളും അടക്കമുള്ളവരെ ഈ ക്യാമ്പുകളിലേക്ക് മാറ്റിയതായാണ് വിവരം.

താത്കാലിക തടങ്കല്‍ കേന്ദ്രങ്ങളിലേക്ക് ബസുകളിലും വാനുകളിലുമായി ഇവരെ മാറ്റുകയായിരുന്നു. ജന്തര്‍ മന്തറില്‍ നിന്ന് ഏകദേശം 13 കിലോമീറ്റര്‍ അകലെയുള്ള വടക്കന്‍ ദല്‍ഹിയിലെ ഛത്രസാല്‍ സ്റ്റേഡിയം, 38 കിലോമീറ്ററോളം അകലെയുള്ള ബവാനയിലെ രാജീവ് ഗാന്ധി സ്റ്റേഡിയം എന്നിവിടങ്ങളിലാണ് ഇത്തരം തടങ്കല്‍ കേന്ദ്രങ്ങള്‍.

Content Highlight: After Pinarayi Vijayan Ex CM’s Aravind Kejrival and Mamata Banerjee Detained by Delhi Polce

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

Latest Stories

We use cookies to give you the best possible experience. Learn more