ന്യൂയോര്‍ക്ക്: യു.എസില്‍ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ (എഫ്.ബി.ഐ) ഡാറ്റബേസില്‍ സുരക്ഷാ വീഴ്ച കണ്ടെത്തിയതായി റിപ്പോര്‍ട്ട്. എഫ്.ബി.ഐയുടെ ക്രിമിനല്‍ വിവര ഡാറ്റാബേസില്‍ സൈബര്‍ അക്രമികള്‍ അതിക്രമിച്ച് കയറിയതായാണ് വിവരം. സംഭവത്തില്‍ എഫ്.ബി.ഐ അന്വേഷണം തുടരുകയാണെന്നും സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു.
ഫെഡറല്‍, സംസ്ഥാന, പ്രാദേശിക നിയമപാലന ഏജന്‍സികള്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കിടാന്‍ ഉപയോഗിക്കുന്ന നാഷണല്‍ ക്രൈം ഇന്‍ഫര്‍മേഷന്‍ സെന്ററിലാണ് (എന്‍.സി.ഐ.സി) ഈ നുഴഞ്ഞുകയറ്റം നടന്നതെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
സുരക്ഷാ വീഴ്ചയുടെ പ്രത്യാഘാതങ്ങള്‍, സുപ്രധാന വിവരങ്ങള്‍ മോഷ്ടിക്കപ്പെടുന്നതിലേക്കും അതിനപ്പുറത്തേക്കും നീളാമെന്ന് ഒരു മുന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഒളിവിലുള്ള കുറ്റവാളികളെ കണ്ടെത്താനും, നിലവിലുള്ള വാറന്റുകള്‍ പരിശോധിക്കാനും, വിവരങ്ങള്‍ ശേഖരിക്കാനും ഉദ്യോഗസ്ഥര്‍ ഈ ഡാറ്റാബേസിനെയാണ് ആശ്രയിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
‘ഹാക്കര്‍മാര്‍ക്ക് സുപ്രധാന വിവരങ്ങള്‍ ലഭിച്ചോ എന്നത് ഒരു പ്രശ്‌നം തന്നെയാണ്, എന്നാല്‍ അതിലുപരിയായി, ഉദ്യോഗസ്ഥര്‍ വിശ്വസിക്കുന്ന വിവരങ്ങളുടെ കൃത്യതയെ അവര്‍ അട്ടിമറിച്ചിട്ടുണ്ടോ എന്നതാണ് എന്റെ ആശങ്ക,’ എന്ന് ആ മുന്‍ ഉദ്യോഗസ്ഥന്‍ സി.എന്‍.എന്നിനോട് പറഞ്ഞു.
പ്രധാനപ്പെട്ട യുഎസ് സ്ഥാപനങ്ങളെ ബാധിച്ച സാങ്കേതിക തടസ്സങ്ങളുടെ പരമ്പരയ്ക്കിടയിലാണ് എഫ്.ബി.ഐ സുരക്ഷാ വീഴ്ചയും നടന്നത്. നവംബര്‍ 13-ന്, ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ എയര്‍ ട്രാഫിക് ആശയവിനിമയ ശൃംഖലയില്‍ സാങ്കേതിക തകരാര്‍ ഉണ്ടായിരുന്നു. ഇതിനെ തുടര്ന്ന് രാജ്യവ്യാപകമായി വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടു. ഈ തടസ്സം 18,000-ത്തിലധികം വിമാന സര്‍വീസുകളെ ബാധിച്ചതായാണ് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തത്.
ഇതിന് ദിവസങ്ങള്‍ക്ക് മുമ്പ്, മൈക്രോസോഫ്റ്റിന്റെ സേവനങ്ങളെ ആഗോള തടസ്സം ബാധിച്ചിരുന്നു. ഇത് കാരണം ഔട്ട്ലുക്ക്, ടീംസ്, കോപൈലറ്റ് അസിസ്റ്റന്റ് പ്രവര്‍ത്തനം തടസ്സപ്പെട്ടിരുന്നു. ഇത് പല രാജ്യങ്ങളിലുമുള്ള വിവിധ സ്ഥാപനങ്ങളെ ഈ തടസ്സം ബിസിനസുകള്‍, ബാങ്കുകള്‍, ആശുപത്രികള്‍, കോടതികള്‍, വിമാനക്കമ്പനികള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവയെ ബാധിക്കുകയും ചെയ്തു.
Content Highlight: After outages hit US banks and aviation, FBI database reported hacked