| Sunday, 20th July 2025, 12:09 pm

നോയിഡയിൽ വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ പ്രതിഷേധിച്ച കുടുംബത്തെ മർദിച്ച് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഗ്രേറ്റർ നോയിഡയിലെ പ്രമുഖ സ്വകാര്യ സർവകലാശാലയായ ശാരദ സർവകലാശാലയിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതിൽ പ്രതിഷേധിച്ച് സമരം നടത്തിയ കുടുംബത്തെ ആക്രമിച്ച് പൊലീസ്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു വിദ്യാർത്ഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

സർവകലാശാലാ അധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്നാണ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതെന്ന് കുടുംബം പറയുന്നു. പെൺകുട്ടി ചില രേഖകളിൽ വ്യാജ ഒപ്പിട്ട് നൽകിയതായി ഫാക്കൽറ്റി അംഗങ്ങൾ ആരോപിച്ചുവെന്നും ക്ലാസിൽ വെച്ച് അപമാനിച്ചുവെന്നും പരീക്ഷയിൽ തോൽപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ബന്ധുക്കൾ ആരോപിച്ചു. പിന്നാലെ നടത്തിയ പ്രതിഷേധത്തിലാണ് പൊലീസ് കുട്ടിയുടെ കുടുംബത്തെ ആക്രമിച്ചത്.

പുറത്തുവന്ന ദൃശ്യങ്ങളിൽ പെൺകുട്ടിയുടെ ബന്ധുവായ വികാസ് എന്ന വ്യക്തിയെ പൊലീസ് മർദിക്കുന്നത്‌ കാണാം. എന്നാൽ സമരത്തിനിടെ അക്രമം സൃഷ്ടിക്കാനായി പുറത്ത് നിന്ന് ആളുകൾ വന്നെന്നും അവരെയാണ് തങ്ങൾ ആക്രമിച്ചതെന്നും പൊലീസ് വാദിച്ചു.

‘പുറത്തുനിന്നുള്ള ചില അക്രമികൾ വിഷയം വഷളാക്കുക എന്ന ഉദ്ദേശത്തോടെ കാമ്പസിലേക്ക് പ്രവേശിച്ചു. പൊലീസ് അവരെ തിരിച്ചറിഞ്ഞു. ഉടനടി അവർക്കെതിരെ നടപടിയെടുത്തു. അവരെ ക്യാമ്പസിൽ നിന്ന് നീക്കം ചെയ്തു. കൂടുതൽ നിയമനടപടികൾ സ്വീകരിച്ചുവരികയാണ്. സ്ഥലത്ത് സമാധാനം പുനസ്ഥാപിച്ചു,’ പൊലീസ് പറഞ്ഞു.

ഗുരുഗ്രാമിൽ നിന്നുള്ള രണ്ടാം വർഷ ബി.ഡി.എസ് വിദ്യാർത്ഥിനിയായ ജ്യോതി ശർമയാണ് മരണപ്പെട്ടത്. പെൺകുട്ടി എഴുതിയതായി പറയപ്പെടുന്ന ആത്മഹത്യാക്കുറിപ്പിൽ രണ്ട് പ്രൊഫസർമാരും സർവകലാശാല ഭരണകൂടവും മാനസികമായി പീഡിപ്പിച്ചതായി ആരോപിക്കുന്നു.

ജ്യോതിയുടെ മുറിയിൽ നിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിൽ, വളരെക്കാലമായി തന്നെ മാനസികമായി പീഡിപ്പിക്കുകയും അപമാനിക്കുകയും ചെയ്തുവെന്നും ഇത് തന്നെ വിഷമത്തിലാക്കിയെന്നും പറയുന്നുണ്ട്. പ്രതികൾക്കെതിരെ നിയമ നടപടി എടുക്കണമെന്നും കുറിപ്പിൽ പറയുന്നുണ്ട്.

‘അവരെ ജയിലിൽ അടയ്ക്കണമെന്നാണ് എന്റെ ആഗ്രഹം. അവർ എന്നെ മാനസികമായി പീഡിപ്പിച്ചു. അവർ എന്നെ അപമാനിച്ചു. വളരെക്കാലമായി ഞാൻ ഈ സമർദത്തിലാണ്. അവർക്കും അത്തരം സമ്മർദം ഉണ്ടാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു,’ ജ്യോതി തന്റെ ആത്മഹത്യാക്കുറിപ്പിൽ എഴുതി. മരണവുമായി ബന്ധപ്പെട്ട് രണ്ട് സർവകലാശാല ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഒരു ആഴ്ച മുമ്പ് ഒരു പ്രൊഫസർ തന്റെ സഹോദരി അസൈൻമെന്റുകളിലും ലാബ് റെക്കോർഡുകളിലും വ്യാജ ഒപ്പിട്ടെന്ന് ആരോപിച്ചതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചതെന്ന് പെൺകുട്ടിയുടെ സഹോദരൻ പറഞ്ഞു.

Content Highlight: After Noida student’s suicide, cops thrash protesting family, blame outsiders

We use cookies to give you the best possible experience. Learn more