ബ്രസീലിയ: വിവിധ രാജ്യങ്ങള്‍ക്കെതിര യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധിക തീരുവ ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി ഫോണില്‍ സംസാരിച്ച് ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വ.
ഉഭയകക്ഷി ബിസിനസ്, ബ്രിക്‌സ് രാജ്യങ്ങളുടെ കൂട്ടായ്മയുടെ പങ്ക് എന്നിവയെ കുറിച്ച് ലുലയും ഷി ജിന്‍പിങ്ങും ചര്‍ച്ച നടത്തിയതായി ലുലയുടെ ഓഫീസും ചൈനീസ് മാധ്യമങ്ങളും സ്ഥിരീകരിച്ചു.
റഷ്യ-ഉക്രൈന്‍ യുദ്ധത്തെ കുറിച്ചും സമീപകാലത്ത് നടന്ന സംഭവവികാസങ്ങളെ കുറിച്ചും ഇരുവരും സംസാരിച്ചു. ലുലയും ഷി ജിന്‍പിങ്ങും തമ്മിലുള്ള സംസാരം ഏകദേശം ഒരു മണിക്കൂറോളം നീണ്ടുനിന്നു. രണ്ട് സമ്പദ്‌വ്യവസ്ഥകള്‍ക്കിടയിലുള്ള പുതിയ ബിസിനസ് അവസരങ്ങള്‍ തിരിച്ചറിയുന്നത് തുടരാനുള്ള സന്നദ്ധത ഇരുവരും പരസ്പരം അറിയിച്ചു.
ഇന്ത്യയുടെയും റഷ്യയുടെയും നേതാക്കളുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് ലുല ചൈനീസ് പ്രസിഡന്റുമായി സംസാരിച്ചത് എന്നത് ഏറെ പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്. ട്രംപിന്റെ വിവിധ നടപടികളിലൂടെ സമ്മര്‍ദത്തിലായ സാഹചര്യത്തിലായിരുന്നു ലുല മുമ്പ് പുടിനുമായും മോദിയുമായും സംസാരിച്ചത്.
അതേസമയം ബ്രസീലിന് മേല്‍ ട്രംപ് ഏര്‍പ്പെടുത്തിയ 50 ശതമാനം തീരുവ ലഘൂകരിക്കാന്‍ വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷനെ ലുല ഡ സില്‍വ സമീപിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ബ്രസീല്‍ സര്‍ക്കാരിന്റെ സമീപകാല നയങ്ങളും രീതികളും നടപടികളുമെല്ലാം അമേരിക്കയുടെ ദേശീയ സുരക്ഷക്കും വിദേശനയങ്ങള്‍ക്കും ഭീഷണിയാണെന്ന് പറഞ്ഞുകൊണ്ടാണ് ട്രംപ് ബ്രസീലിന് മേല്‍ 50 ശതമാനം അധിക തീരുവ ചുമത്തിയത്.
Content Highlight: After Narendra Modi and Vladimir Putin, Brazilian President Lula calls Xi Jinping