| Saturday, 19th September 2026, 2:22 pm

മമതയ്ക്ക് വീണ്ടും തിരിച്ചടി: നന്ദിഗ്രാമിനു പിന്നാലെ രെജിനഗറിലെ സ്ഥാനാര്‍ഥിയും പിന്മാറി

ദേവിക ജയചന്ദ്രന്‍

കൊല്‍ക്കത്ത: ബംഗാളില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ വീണ്ടും തിരിച്ചടി നേരിട്ട് മുന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. രെജിനഗറില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ നിന്നും തൃണമൂല്‍ കോണ്‍ഗ്രസ് മമത വിഭാഗത്തിന്റെ സ്ഥാനാര്‍ഥി റബിയുള്‍ അലം ചൗധുരി പിന്മാറി.

പാര്‍ട്ടിയുടെ പേരിനും ചിഹ്നത്തിനും വേണ്ടി വിമതരോട് മമത നിയമപോരാട്ടം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതും മമത നയിക്കുന്ന വിഭാഗത്തിന്റെ വിശ്വസ്തര്‍ക്കെതിരെ നടക്കുന്ന ഭീഷണികളുമാണ് തന്റെ തീരുമാനത്തിനു പിന്നിലെന്ന് റബിയുള്‍ അലം ചൗധുരി പറഞ്ഞു.

‘ഞങ്ങള്‍ പാര്‍ട്ടി ചിഹ്നത്തിനു വേണ്ടി പോരടിക്കുകയാണ്. ഞങ്ങളുടെ പ്രവര്‍ത്തകരെ വേട്ടയാടുകയും ഭീഷണിപ്പെടുത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്യുന്നു. അവര്‍ക്ക് സംരക്ഷണം നല്‍കാന്‍ ഞങ്ങള്‍ക്ക് സാധിക്കുന്നില്ല. ഈ സാഹചര്യത്തില്‍ എങ്ങനെ മത്സരിക്കാന്‍ സാധിക്കും’, അദ്ദേഹം ചോദിച്ചു.

മമതാ ബാനര്‍ജിയോട് കൂടിയാലോചിച്ച ശേഷമാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. ഇതോടെ ഉപതെരഞ്ഞെടുപ്പില്‍ മമത വീണ്ടും തിരിച്ചടി നേരിട്ടിരിക്കുകയാണ്.

നന്ദിഗ്രാം മണ്ഡലത്തില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മമതയുടെ പാര്‍ട്ടിയ്ക്ക് വേണ്ടി മത്സരിക്കാനിരുന്ന സഞ്ചിത പ്രധാന്‍ ഡെ പിന്മാറിയിരുന്നു. മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു സഞ്ചിതയുടെ പിന്മാറ്റം.

തുടര്‍ന്ന് നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ മിലന്‍ പ്രധാനെ പിന്തുണക്കുമെന്ന് മമത അറിയിച്ചു. എന്നാല്‍ പത്തൊമ്പത് വര്‍ഷം മുന്‍പുള്ള ഒരു കേസില്‍ മിലനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിനെതിരെ വന്‍ പ്രതിഷേധമാണ് ഇന്‍ഡ്യ സഖ്യത്തില്‍ ഉയരുന്നത്.

തൃണമൂലിലെ ആഭ്യന്തരകലഹത്തെത്തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പിനു മുമ്പ് മമതയുടെ ‘മമത തൃണമൂല്‍ കോണ്‍ഗ്രസിന്’ ഫുട്‌ബോള്‍ കളിക്കാരന്‍ ചിഹ്നവും, റിതബ്രത ബാനര്‍ജിയുടെ വിമതരായ ‘ഡെമോക്രാറ്റിക് തൃണമൂല്‍ കോണ്‍ഗ്രസിന് ‘ എന്‍വലപ് അടയാളവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിരുന്നു.

തൃണമൂല്‍ പാര്‍ട്ടിയുടെ ചിഹ്നമായ രണ്ട് പൂവുകള്‍ക്ക് വേണ്ടി ഇരുപക്ഷങ്ങളും രംഗത്തെത്തിയിരുന്നു.

ഒക്ടോബര്‍ ആറിനാണ് ഉപതെരഞ്ഞെടുപ്പ്. ഒക്ടോബര്‍ എട്ടിന് വോട്ടെണ്ണല്‍ നടക്കും.

Content Highlights:  After Nandigram, TMC’s Rejinagar pick quits bypoll race in double blow for Mamata

ദേവിക ജയചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ് ട്രെയിനി. മാതൃഭൂമി മീഡിയ സ്‌കൂളില്‍ നിന്നും പി.ജി. ഡിപ്ലോമ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more