ലയണല്‍ മെസിയുടെ ക്യാമ്പ് നൗ സന്ദര്‍ശനത്തിന് ശേഷം സ്വന്തം തട്ടകത്തില്‍ ഒറ്റ മത്സരം പോലും പരാജയപ്പെടാതെ ബാഴ്‌സലോണ. മെസിയുടെ സന്ദര്‍ശനത്തിന് ശേഷം ലാ ലിഗയിലും യുവേഫ ചാമ്പ്യന്‍സ് ലീഗിലുമായി കളിച്ച അഞ്ച് മത്സരത്തിലും കറ്റാലന്‍മാര്‍ പരാജയമറിഞ്ഞിട്ടില്ല.
നവംബര്‍ 22ന് അത്‌ലറ്റിക്കോ ബില്‍ബാവോയ്‌ക്കെതിരായ മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളിനായിരുന്നു ബാഴ്‌സയുടെ വിജയം. മത്സരത്തിന്റെ നാലാം മിനിട്ടില്‍ റോബര്‍ട്ട് ലെവന്‍ഡ്‌സോകിയിലൂടെ ഗോളടിച്ച് തുടങ്ങിയ ബാഴ്‌സ ആദ്യ പകുതിയവസാനിക്കും മുമ്പ് ഫെറാന്‍ ടോറസിലൂടെ ലീഡ് ഇരട്ടിയാക്കിയിരുന്നു.
ബാഴ്‌സലോണ. Photo: BercelonaFC/x.com
ഫെര്‍മിന്‍ ലോപസ് 48ാം മിനിട്ടില്‍ ടീമിന്റെ മൂന്നാം ഗോള്‍ നേടിയപ്പോള്‍ 90ാം മിനിട്ടില്‍ ഫെറാന്‍ ടോറസ് തന്റെ രണ്ടാം ഗോളും മത്സരത്തിലെ നാലാം ഗോളും സ്വന്തമാക്കി.
നവംബര്‍ 29ന് ഡിപ്പോര്‍ട്ടീവോ അലാവസിനെതിരെയും ഡിസംബര്‍ മൂന്നിന് അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെയുമാണ് ഹാന്‍സി ഫ്‌ളിക്കിന്റെ കുട്ടികള്‍ ക്യാമ്പ് നൗവില്‍ കളത്തിലിറങ്ങിയത്. രണ്ട് മത്സരത്തിലും ഒന്നിനെതിരെ മൂന്ന് ഗോളിന് ടീം വിജയിക്കുകയും ചെയ്തു.
റഫീന്യയും ലാമിന്‍ യമാലും. Photo: BercelonaFC/x.com
ഡിസംബര്‍ പത്തിന് യു.സി.എല്ലില്‍ ജര്‍മന്‍ ക്ലബ്ബ് എന്റിക്ട് ഫ്രാങ്ക്‌ഫോര്‍ട്ടായിരുന്നു എതിരാളികള്‍. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം ജൂള്‍സ് കൗണ്ടേയുടെ ഇരട്ട ഗോളിലൂടെയാണ് ബാഴ്‌സ മത്സരം വിജയിച്ചത്. 50, 53 മിനിട്ടുകളിലാണ് ബാഴ്‌സ ഗോള്‍ സ്വന്തമാക്കിയത്.
ശേഷം ലാ ലിഗയില്‍ ഒസാസുനയ്‌ക്കെതിരെയാണ് ബാഴ്‌സ ക്യാമ്പ് നൗവില്‍ വിജയം സ്വന്തമാക്കിയത്. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ബാഴ്‌സയുടെ വിജയം. 70, 86 മിനിട്ടുകളില്‍ റഫീന്യയാണ് ബാഴ്‌സയ്ക്കായി ഗോള്‍ നേടിയത്.
റഫീന്യ. Photo: BercelonaFC/x.com
ജനുവരി 26നാണ് ബാഴ്‌സ ക്യാമ്പ് നൗവില്‍ അടുത്ത മത്സരത്തിനിറങ്ങുന്നത്. ലാ ലിഗയില്‍ ഒവീഡോയാണ് എതിരാളികള്‍. റെലഗേഷനില്‍ നിന്നും മടങ്ങിയെത്തിയ ഒവീഡോ നിലവില്‍ 19ാം സ്ഥാനത്താണ്.
ഇതിനിടെ അത്‌ലറ്റിക് ക്ലബ്ബിനെതിരായ സൂപ്പര്‍ കോപ്പ ഡ എസ്പാനയുടെ സെമി ഫൈനല്‍ പോരാട്ടവും സ്ലാവിയ പ്രാഹയ്‌ക്കെതിരായ യു.സി.എല്‍ മാച്ചുമടക്കം നാല് മത്സരങ്ങള്‍ ബാഴ്‌സ എതിരാളികളുടെ തട്ടകത്തില്‍ കളിക്കും.
Content Highlight: After Messi’s arrival, Barcelona never lost a match at Camp Nou