| Tuesday, 4th June 2019, 1:00 pm

ഉപതെരഞ്ഞെടുപ്പില്‍ 11 സീറ്റില്‍ എസ്.പിയും ഒറ്റയ്ക്ക് മത്സരിക്കും; മായാവതിയ്ക്ക് മറുപടിയുമായി അഖിലേഷ് യാദവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഉപതെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന ബി.എസ്.പി അധ്യക്ഷ മായാവതിയുടെ പ്രഖ്യാപനത്തിനു പിന്നാലെ നിലപാട് വ്യക്തമാക്കി എസ്.പി നേതാവ് അഖിലേഷ് യാദവ്. 11 സീറ്റിലും എസ്.പിയും ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് അഖിലേഷ് പ്രഖ്യാപിച്ചത്.

‘ഉപതെരഞ്ഞെടുപ്പില്‍ സഖ്യമുണ്ടായില്ലെങ്കില്‍, സമാജ് വാദി പാര്‍ട്ടി ഒറ്റയ്ക്ക് തെരഞ്ഞെടുപ്പിന് തയ്യാറെടുക്കും. എല്ലാ 11 സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കും. ‘ അദ്ദേഹം പറഞ്ഞു.

ഉപതെരഞ്ഞെടുപ്പില്‍ എസ്.പിയുമായി സഖ്യമുണ്ടാവില്ലെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി സ്ഥിരീകരിച്ചിട്ടുണ്ട്. ‘ഇത് സ്ഥിരമായുള്ള വേര്‍പാടല്ല. രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ എസ്.പി നേതാവ് അഖിലേഷ് വിജയിച്ചുവെന്ന് ഭാവിയില്‍ തോന്നുകയാണെങ്കില്‍ ഞങ്ങള്‍ വീണ്ടും ഒരുമിച്ച് നില്‍ക്കും. അദ്ദേഹം ജയിച്ചില്ലെങ്കില്‍ ഞങ്ങള്‍ക്ക് പിരിയുന്നതാണ് നല്ലത്. അതിനാല്‍ ഞങ്ങള്‍ ഉപതെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചു.’ മായാവതി പറഞ്ഞു.

തിങ്കളാഴ്ച ദല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ടാണ് മായാവതി സഖ്യം പിരിയുന്നകാര്യം അറിയിച്ചത്. മഹാസഖ്യം പ്രതീക്ഷിച്ചത്ര ഫലം കണ്ടില്ലെന്നും യാദവ വോട്ടുകള്‍ ബി.എസ്.പിയ്ക്ക് നേടിക്കൊടുക്കാന്‍ എസ്.പിക്കു സാധിച്ചില്ലെന്നും മായാവതി പറഞ്ഞിരുന്നു.

ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 11 മണ്ഡലങ്ങളിലേക്ക് സ്ഥാനാര്‍ത്ഥികളുടെ പട്ടിക തയ്യാറാക്കാനും മായാവതി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലെന്നായിരുന്നു ബി.എസ്.പി പൊതുവെ സ്വീകരിക്കാറുള്ള നിലപാട്. ഇതാദ്യമായാണ് ബി.എസ്.പി ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ഒമ്പത് എം.എല്‍.എമാരും എസ്.പിയുടെയും ബി.എസ്.പിയുടെയും ഓരോ എം.എല്‍.എമാര്‍ വീതവുമാണ് ജയിച്ചത്. ഉത്തര്‍പ്രദേശില്‍ 10 സീറ്റുകളിലാണ് ബി.എസ്.പി ജയിച്ചത്. 38 സീറ്റുകളിലായിരുന്നു പാര്‍ട്ടി മത്സരിച്ചിരുന്നത്. സമാജ്വാദി പാര്‍ട്ടി 37 സീറ്റുകളില്‍ മത്സരിച്ചെങ്കിലും അഞ്ച് സീറ്റുകളില്‍ മാത്രമാണ് ജയിക്കാന്‍ സാധിച്ചത്.

യാദവ വോട്ടുകള്‍ വിഭജിച്ചു പോകുന്നത് തടയാന്‍ അഖിലേഷ് യാദവിന് കഴിഞ്ഞില്ലെന്ന വിമര്‍ശനമാണ് മായാവതി ഉന്നയിച്ചത്. സ്വന്തം ഭാര്യ ഡിമ്പിള്‍ യാദവിന്റെ വിജയം പോലും അഖിലേഷിന് ഉറപ്പുവരുത്താന്‍ കഴിഞ്ഞില്ലെന്നും മായാവതി കുറ്റപ്പെടുത്തി. 12000 വോട്ടുകള്‍ക്കാണ് ഡിമ്പിള്‍ കാനൂജില്‍ പരാജയപ്പെട്ടത്.

ലോക്സഭാ തെരഞ്ഞെടുപ്പിലെ മഹാസഖ്യത്തിന്റെ പരാജയത്തിനു പിന്നാലെ ആറ് സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് കോഡിനേറ്റര്‍മാരെയും രണ്ട് സംസ്ഥാന പ്രസിഡന്റുമാരേയും മായാവതി ഞായറാഴ്ച നീക്കിയിരുന്നു. ഉത്തരാഖണ്ഡ്, ബീഹാര്‍, ജാര്‍ഖണ്ഡ്, രാജസ്ഥാന്‍, ഗുജറാത്ത്, ഒഡീഷ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് കോഡിനേറ്റര്‍മാരെയാണ് നീക്കിയത്.

അതേസമയം, തെരഞ്ഞെടുപ്പ് പരാജയത്തില്‍ ബി.എസ്.പിയെ കുറ്റപ്പെടുത്തി എസ്.പിയും രംഗത്തുവന്നിരുന്നു. ഡിമ്പിള്‍ യാദവ് ഉള്‍പ്പെടെയുള്ള എസ്.പിയുടെ പ്രമുഖ നേതാക്കളുടെ പരാജയത്തിന് കാരണം ബി.എസ്.പി വോട്ടുകള്‍ കിട്ടാത്തതാണെന്ന വിമര്‍ശനവും എസ്.പി ഉന്നയിച്ചിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more