മണത്തല: തൃശൂര്‍ ചാവക്കാടും ദേശീയപാതയില്‍ വിള്ളല്‍. ദേശീയപാത 66ലാണ് വിള്ളലുണ്ടായത്. നിര്‍മാണം തുടരുന്ന മണത്തല മേഖലയിലെ മേല്‍പ്പാലത്തിലാണ് വിള്ളല്‍ കണ്ടത്തിയത്.
50 മീറ്ററിലേറെ നീളത്തിലാണ് വിള്ളലുണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ദേശീയപാത അധികൃതര്‍ വിള്ളലുണ്ടായ ഭാഗം ടാറിട്ട് മൂടി.
തൃശൂര്‍-ചാവക്കാട് റൂട്ടില്‍ മണത്തല പ്രദേശത്തെ മേല്‍പ്പാലത്തിലെ 378-700 പില്ലറിന് സമീപത്താണ് വിള്ളലുണ്ടായത്. കനത്ത മഴയാണ് വിള്ളലിന് കാരണമായതെന്നാണ് വിവരം.
നേരത്തെ മലപ്പുറത്തും കാസര്‍ഗോഡും ദേശീയപാതയില്‍ വിള്ളലുണ്ടായിരുന്നു. മലപ്പുറത്ത് ദേശീയപാതയുടെ സര്‍വീസ് റോഡ് ഇടിഞ്ഞ് അപകടമുണ്ടാകുകയായിരുന്നു. അപകടമുണ്ടായ കൂരിയാടില്‍ ഇന്ന് (ബുധന്‍) നാഷണല്‍ ഹൈവേ അധികൃതരെത്തി പരിശോധന നടത്തും.
ദേശീയപാത അതോറിറ്റി നിയോഗിച്ച മൂന്നംഗസംഘമാണ് പരിശോധനക്കെത്തുക. വിള്ളലുണ്ടാക്കാനുള്ള കാരണം, നിര്‍മാണത്തില്‍ അശാസ്ത്രീയതയുണ്ടോ തുടങ്ങിയ കാര്യങ്ങളായിരിക്കും മൂന്നംഗസംഘം പരിശോധിക്കുക.
മൂന്നംഗസംഘത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ചായിരിക്കും ദേശീയപാതയില്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടക്കുകയെന്ന് ജില്ലാ കളക്ടര്‍ ഇന്നലെ (ചൊവ്വ) അറിയിച്ചിരുന്നു.
അതേസമയം മലപ്പുറത്തുണ്ടായ അപകടത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. എന്നാല്‍ രണ്ട് കാറുകള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചിരുന്നു. സര്‍വീസ് റോഡിലൂടെ സഞ്ചരിച്ചിരുന്ന വാഹനങ്ങളുടെ മുകളിലേക്ക് ആറ് വരി പാതയുടെ മതില്‍ ഇടിഞ്ഞുവീഴുകയായിരുന്നു.
സര്‍വീസ് റോഡില്‍ വലിയ തോതിലുള്ള വിള്ളലുകളും ഉണ്ടായിയിരുന്നു.കോഴിക്കോട്-തൃശൂര്‍ റൂട്ടിലാണ് അപകടമുണ്ടായത്. ദേശീയപാത നിര്‍മാണത്തിന്റെ അശാസ്ത്രീയതയാണ് റോഡ് ഇടിയാന്‍ കാരണമായതെന്ന് ജനപ്രതിനിധികള്‍ പറയുന്നത്.
കടലുണ്ടി പുഴയില്‍ നിന്ന് തള്ളുന്ന വെള്ളം സ്റ്റോര്‍ ചെയ്യപ്പെടുന്ന പാടങ്ങളും വയലുകളുമാണ് അപകടം നടന്ന റോഡിന്റെ ഇരുവശങ്ങളിലുമായി ഉള്ളത്. എന്നാല്‍ അതിന്റെ മധ്യത്തിലായി ഉയരത്തില്‍ ദേശീയപാത നിര്‍മിച്ചത് വെള്ളം കെട്ടിനില്‍ക്കാനും അപകടത്തിനും കാരണമായെന്നാണ് ആരോപണം.
മലപ്പുറത്തെ അപകടത്തിന് പിന്നാലെയാണ് കാസര്‍ഗോഡും ദേശീയപാതയില്‍ വിള്ളലുണ്ടായത്. കാസര്‍ഗോഡ് കാഞ്ഞങ്ങാട് ദേശീയപാത ഇടിയുകയായിരുന്നു. മാവുങ്കാല്‍-ചെമ്മുട്ടവയല്‍ സര്‍വീസ് റോഡാണ് ഇടിഞ്ഞത്. ഇത് ജില്ലാ ആശുപത്രിയ്ക്ക് മുന്നിലൂടെയുള്ള ഗതാഗതത്തിന് തടസമുണ്ടാക്കിയിട്ടുണ്ട്.
ദേശീയപാതയില്‍ തുടര്‍ച്ചയായി വിള്ളലുണ്ടാകുന്നത് സംബന്ധിച്ച് നാഷണല്‍ ഹൈവേ അതോറിറ്റിയുമായി സംസാരിക്കുമെന്നും പരിഹാരം കണ്ടെത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.
Content Highglight: After Malappuram and Kasaragod, Thrissur-Chavakkad also has a crack on the national highway