| Thursday, 11th December 2025, 4:56 pm

ഒടുവില്‍ പ്രത്യക്ഷനായി; രാഹുല്‍ പോളിങ് ബൂത്തിലെത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ വോട്ട് രേഖപ്പെടുത്താന്‍ പാലക്കാടെത്തി. പാലക്കാട്ടെ കുന്നത്തൂര്‍മേട് ബൂത്തിലാണ് രാഹുല്‍ വോട്ട് ചെയ്തത്. ലൈംഗിക പീഡന പരാതിയെ തുടര്‍ന്ന് ഒളിവില്‍ പോയ രാഹുല്‍ 15 ദിവസത്തിന് ശേഷമാണ് തന്റെ മണ്ഡലത്തിൽ തിരിച്ചെത്തിയത്.

എം.എല്‍.എ വാഹനത്തിലാണ് രാഹുല്‍ പോളിങ് സ്റ്റേഷനില്‍ എത്തിയത്. രാഹുലിനൊപ്പം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. സത്യം വിജയിക്കുമെന്നും കോടതി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും രാഹുല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

വോട്ട് ചെയ്യാനെത്തിയ രാഹുലിനെതിരെ സി.പി.ഐ.എം-ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. കോഴിയുടെ ചിത്രം എം.എല്‍.എയുടെ വാഹനത്തില്‍ പതിപ്പിച്ചായിരുന്നു പ്രതിഷേധം. ‘ഈ കോഴി പാലക്കാടിനെ നശിപ്പിക്കും’ എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ ഉപയോഗിച്ചാണ് പ്രതിഷേധക്കാര്‍ രംഗത്തെത്തിയത്.

നവംബര്‍ 27നാണ് രാഹുലിനെതിരെ ആദ്യ ലൈംഗിക പീഡന പരാതി ഉയര്‍ന്നത്. പിന്നാലെ രാഹുല്‍ ഒളിവില്‍ പോകുകയും യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുക്കുകയും ചെയ്തു.

തുടര്‍ന്ന് തിരുവനന്തപുരം ജില്ലാക്കോടതി രാഹുലിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചെങ്കിലും ഹൈക്കോടതി ജാമ്യം അനുവദിക്കുകയാണ് ചെയ്തത്. രാഹുലിന്റെ അറസ്റ്റും തടഞ്ഞിരുന്നു.

പിന്നാലെയാണ് രാഹുലിനെതിരെ രണ്ടാമത്തെ പീഡന പരാതി രജിസ്റ്റര്‍ ചെയ്യുന്നത്. ഈ പരാതിയില്‍ ക്രൈംബ്രാഞ്ച് കേസെടുക്കുകയും അന്വേഷണത്തിനായി എസ്.ഐ.ടിയെ രൂപീകരിക്കുകയും ചെയ്തു. ബലാത്സംഗം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്.

എന്നാല്‍ ബലാത്സംഗക്കേസില്‍ വിചാരണക്കോടതി രാഹുലിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിരുന്നു. അറസ്റ്റ് ചെയ്യുകയാണെങ്കില്‍ ഉടന്‍ വിട്ടയക്കണമെന്നും നിര്‍ദേശമുണ്ട്. അതേസമയം രാഹുലിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച വിചാരണക്കോടതിയുടെ നടപടിക്കെതിരെ പ്രോസിക്യൂഷന്‍ ഇന്ന് ഹൈക്കോടതിയെ സമീപിച്ചു.

Content Highlight: After getting anticipatory bail, Rahul Mamkootathil arrived in Palakkad to cast his vote

We use cookies to give you the best possible experience. Learn more