ബെയ്‌റൂട്ട്: തെക്കന്‍ ലബനനിലെ വിവിധ ഗ്രാമങ്ങളിലും നഗരങ്ങളിലും കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ക്ക് സമാനമായ രൂപത്തിലുള്ള, അന്താരാഷ്ട്രതലത്തില്‍ നിരോധിക്കപ്പെട്ട ക്ലസ്റ്റര്‍ ബോംബുകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍.
ഇസ്രഈല്‍ സൈന്യം ഉപേക്ഷിച്ചതെന്ന് കരുതപ്പെടുന്ന ഈ മാരകായുധങ്ങള്‍ പ്രദേശവാസികള്‍ക്കും പ്രത്യേകിച്ച് കുട്ടികള്‍ക്കും വലിയ ഭീഷണിയാകുകയാണ്. മേഖലയിലെ സംഘര്‍ഷങ്ങള്‍ തെല്ലൊന്നടങ്ങിയതിന് പിന്നാലെ വീടുകളിലേക്ക് മടങ്ങുന്ന സിവിലിയന്മാരെയും കുട്ടികളെയും ലക്ഷ്യമിട്ടുള്ള ഇത്തരം ‘കെണി ബോംബുകള്‍’ നേരത്തെ ഗസയിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
തെക്കന്‍ ലബനനിലെ ബസൂറിയ മുനിസിപ്പാലിറ്റി ഇത് സംബന്ധിച്ച് ഔദ്യോഗിക മുന്നറിയിപ്പ് നല്‍കി. ചെറിയ കുട്ടികള്‍ കളിക്കുന്ന പന്തുകളുടെ ആകൃതിയില്‍ രൂപമാറ്റം വരുത്തിയ ബോംബുകള്‍ പലയിടത്തും കാണപ്പെട്ടേക്കാമെന്ന് അധികൃതര്‍ അറിയിച്ചു.
തെക്കന്‍ ലബനനിലെ ദൗയര്‍ എന്ന പട്ടണത്തില്‍ ഫുട്‌ബോളിന്റെ ആകൃതിയിലുള്ള ഒരു ക്ലസ്റ്റര്‍ ബോംബ് കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.
കുട്ടികള്‍ കളിക്കുന്ന പന്തുകള്‍ക്കോ മറ്റ് കളിപ്പാട്ടങ്ങള്‍ക്കോ സമാനമായ ആകൃതിയിലുള്ളതും ചായം പൂശിയതുമായ അപരിചിത വസ്തുക്കള്‍ കണ്ടാല്‍ അവ തൊടാനോ സമീപിക്കാനോ പാടില്ലെന്ന് അധികൃതര്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
കൃത്യമായ പരിശോധന നടത്തി സുരക്ഷിതമാണെന്ന് സൈന്യം ഉറപ്പുവരുത്താത്ത തോട്ടങ്ങള്‍, തുറസ്സായ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പോകുന്നത് ഒഴിവാക്കണം. സംശയാസ്പദമായ എന്തെങ്കിലും വസ്തുക്കള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അവ നീക്കം ചെയ്യാന്‍ ശ്രമിക്കാതെ ഉടന്‍ തന്നെ മുനിസിപ്പാലിറ്റിയെയോ ലെബനീസ് സൈന്യത്തെയോ വിവരമറിയിക്കേണ്ടതാണെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
പൗരന്മാരുടെ, പ്രത്യേകിച്ച് കുട്ടികളുടെ ജീവന് നേരിട്ട് ഭീഷണിയുയര്‍ത്തുന്ന ഇത്തരം മാരകായുധങ്ങളെക്കുറിച്ച് അതീവ ജാഗ്രത പാലിക്കണമെന്ന് ലെബനീസ് അധികൃതര്‍ ഊന്നിപ്പറയുന്നു.
Content highlight: After Gaza, Israel sets traps for children in Lebanon; Deadly bombs disguised as toys