| Monday, 20th January 2025, 11:51 am

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇടമില്ല, ഒടുവില്‍ നിര്‍ണായക തീരുമാനമെടുത്ത് സിറാജ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ ഇടം ലഭിക്കാതെ വന്നതോടെ ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിനുള്ള ഏകദിന പരമ്പരയിലും സൂപ്പര്‍ താരം മുഹമ്മദ് സിറാജിന് ഇടം ലഭിച്ചിരുന്നില്ല. നിലവില്‍ പരിക്കിന്റെ പിടിയിലകപ്പെട്ട സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനായി ഹര്‍ഷിത് റാണയെയാണ് അപെക്‌സ് ബോര്‍ഡ് ടീമിന്റെ ഭാഗമാക്കിയിരിക്കുന്നത്. ഹര്‍ഷിത് ആകട്ടെ ചാമ്പ്യന്‍സ് ട്രോഫി കളിക്കുന്നുമില്ല.

ചാമ്പ്യന്‍സ് ട്രോഫിയിലും ഏകദിന പരമ്പരയിലും ഇടം ലഭിക്കാതെ വന്നതോടെ മുഹമ്മദ് സിറാജ് ആഭ്യന്തര ക്രിക്കറ്റ് കളിക്കാനുള്ള തയ്യാറെടുപ്പിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. താരം തന്റെ രഞ്ജി ടീമായ ഹൈദരാബാദിനൊപ്പം ചേരുമെന്നും അവസാന മത്സരം കളിക്കുമെന്നുമാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഗ്രൂപ്പ് ഘട്ടത്തില്‍ ഇനി രണ്ട് മത്സരമാണ് ഹൈദരാബാദിന് ശേഷിക്കുന്നത്. ജനുവരി 23ന് ഹിമാചല്‍ പ്രദേശിനെതിരെയും ജനുവരി 30ന് വിദര്‍ഭയ്‌ക്കെതിരെയും. ഇതില്‍ വര്‍ക്ക്‌ലോഡ് മാനേജ്‌മെന്റിന്റെ ഭാഗമായി ഹിമാചലിനെതിരെ താരം കളിക്കില്ല. വിദര്‍ഭയ്‌ക്കെതിരെ താരം കളിത്തിലിറങ്ങുമെന്നാണ് ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കുന്നത്.

ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍

‘വര്‍ക് ലോഡ് പ്രശ്‌നങ്ങള്‍ കാരണം അവന്‍ ആദ്യ മത്സരം കളിക്കില്ല. വിദര്‍ഭയ്‌ക്കെതിരായ അവസാന മത്സരത്തില്‍ അവന്‍ ടീമിലുണ്ടായേക്കും,’ എച്ച്.സി.എ ഉദ്യോഗസ്ഥന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

ന്യൂ ബോളില്‍ മാത്രമേ തിളങ്ങാന്‍ സാധിക്കുന്നുള്ളൂ എന്ന് ചൂണ്ടിക്കാട്ടിയാണ് ബി.സി.സി.ഐ സിറാജിനെ ടീമിന്റെ ഭാഗമാക്കാതിരുന്നത്.

‘ന്യൂ ബോള്‍ നല്‍കാതിരുന്നാല്‍ സിറാജിന് ഇംപാക്ട് ഉണ്ടാക്കാന്‍ സാധിക്കുന്നില്ല. അവന്‍ ടീമിന്റെ ഭാഗമല്ല എന്നത് തീര്‍ത്തും നിര്‍ഭാഗ്യകരമാണ്. ബൗളിങ്ങില്‍ വൈവിധ്യം കൊണ്ടുവരിക എന്നതിനാല്‍ തന്നെ വേറെ വഴിയൊന്നും തന്നെ ഉണ്ടായിരുന്നില്ല.

ന്യൂ ബോളിലും മിഡിലിലും ഡെത്ത് ഓവറുകളിലും മികച്ച പ്രകടനം നടത്താന്‍ സാധിക്കുന്ന ബൗളര്‍മാര്‍ നമുക്കൊപ്പമുണ്ട്. ഈ മൂന്ന് ബൗളര്‍മാരെക്കൊണ്ട് (ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്) നമുക്കത് ചെയ്യാന്‍ സാധിക്കും,’ രോഹിത് ശര്‍മ പറഞ്ഞു.

അതേസമയം, രഞ്ജി ട്രോഫിയിലെ എലീറ്റ് ബി ഗ്രൂപ്പില്‍ നിലവില്‍ ആറാം സ്ഥാനത്താണ് ഹൈദരാബാദ്. അഞ്ച് മത്സരത്തില്‍ നിന്നും ഒരു ജയവുമായി ആറ് പോയിന്റാണ് ടീമിനുള്ളത്.

ഹൈദരാബാദിന് ഇനി മത്സരമുള്ള വിദര്‍ഭയും ഹിമാചല്‍ പ്രദേശുമാണ് ഒന്ന്, രണ്ട് സ്ഥാനത്തുള്ളത്. അഞ്ച് മത്സരത്തില്‍ നിന്നും നാല് ജയവുമായി 28 പോയിന്റോടെ വിദര്‍ഭയാണ് ഒന്നാമത്. മൂന്ന് ജയവുമായി 21 പോയിന്റുമായി ഹിമാചല്‍ പ്രദേശ് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു.

Content Highlight: After dropping out from ICC Champions Trophy, Mohammed Siraj set to play Ranji Trophy

We use cookies to give you the best possible experience. Learn more