| Thursday, 20th August 2026, 1:31 pm

ധര്‍മേന്ദ്ര പ്രധാന് ശേഷം മനന്‍ മിശ്ര! ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്റെ രാജി ആവശ്യപ്പെട്ട് സി.ജെ.പി

അഞ്ജു ചന്ദ്രന്‍

ന്യൂദല്‍ഹി: ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ മനന്‍ കുമാര്‍ മിശ്രയുടെ രാജി ആവശ്യപ്പെട്ട് സി.ജെ.പി. ഓള്‍ ഇന്ത്യന്‍ യങ് അഡ്വക്കേറ്റ്‌സ് അസോസിയേഷനാണ് മനന്‍ മിശ്രയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. സി.ജെ.പി നേതാക്കളായ അഭിജീത് ദിപ്‌കെ, സൗരവ് ദാസ്, ആശുതോഷ് റങ്ക എന്നിവര്‍ പ്രതിഷേധത്തിന് പിന്തുണ നല്‍കിയതായി പ്രഖ്യാപിച്ചു.

മുന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിന് പിന്നാലെയാണ് സി.ജെ.പി ഇപ്പോള്‍ മനന്‍ മിശ്രയുടെ രാജിയും ആവശ്യപ്പെടുന്നത്. നല്‍സാര്‍ വിദ്യാര്‍ത്ഥികളുടെ എന്റോള്‍മെന്റ് വിലക്കാന്‍ ശ്രമിച്ച സംഭവത്തിലാണ് ബി.സി.ഐ ചെയര്‍മാനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നത്.

‘മനന്‍…എല്ലാം കഴിഞ്ഞു സഹോദരാ… നിയമപരമായ എല്ലാ പാറ്റകളും ഈ പ്രതിഷേധത്തില്‍ പങ്കെടുക്കണം,’ സി.ജെ.പി നേതാവ് അഭിജീത് ദീപ്‌കെ എക്‌സ് പോസ്റ്റിലൂടെ പറഞ്ഞു.

ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങിലേക്ക് മുഖ്യാതിഥിയായി ക്ഷണിക്കുന്നതിനെതിരെ വിദ്യാര്‍ത്ഥികള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. സൂര്യകാന്തില്‍ നിന്ന് ഞങ്ങള്‍ സര്‍ട്ടിഫിക്കേറ്റ് വേണ്ടെന്ന് ബിരുദ വിദ്യാര്‍ത്ഥികള്‍ ആഹ്വാനം ചെയ്യുകയും ഇതിന് പിന്നാലെ 2026 ബാച്ചിലെ നിയമ ബിരുദധാരികളെ സംസ്ഥാന ബാര്‍ കൗണ്‍സിലുകളില്‍ അഭിഭാഷകരായി എന്റോള്‍ ചെയ്യുന്നത് തടയുന്ന തരത്തില്‍ ബി.സി.ഐ നിര്‍ദേശം നല്‍കിയതാണ് കൂടുതല്‍ വിവാദമാക്കിയത്.

നല്‍സാര്‍ ബിരുദ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ബി.സി.ഐ ഉത്തരവില്‍ നിയമ വിദ്യാര്‍ത്ഥികളോട് മിശ്ര ക്ഷമ ചോദിച്ചിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ബി.സി.ഐ സ്വീകരിച്ച നടപടി വ്യാപക വിമര്‍ശനത്തിന് ഇടയാക്കി.

അഭിഭാഷകരും നിയമ വിദ്യാര്‍ത്ഥികളും പൊതുപ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധി പേര്‍ ബി.സി.ഐയുടെ നടപടിയെ ചോദ്യം ചെയ്തു. പ്രതിഷേധം ശക്തമായതോടെ പിന്നീട് നല്‍സറിലെ 2026 ബാച്ചിനെതിരായ നടപടികള്‍ പിന്‍വലിക്കുകയും വിദ്യാര്‍ത്ഥികള്‍ക്ക് അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശമുണ്ടെന്ന് മനന്‍ മിശ്ര പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.

ഇതിനിടെയാണ് ബി.സി.ഐ ചെയര്‍മാന്റെ രാജി ആവശ്യപ്പെട്ട് സി.ജെ.പി പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചത്. ബി.സി.ഐയുടെ അധികാര വിനിയോഗത്തെയും മനന്‍ മിശ്രയുടെ ദീര്‍ഘകാല നേതൃത്വത്തെയും സി.ജെ.പി ചോദ്യം ചെയ്തു. മിശ്ര 2012 മുതല്‍ ബി.സി.ഐ നേതൃത്വത്തിലുണ്ടെന്നും 2030 വരെ കാലാവധി തുടരാനിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് സി.ജെ.പി പ്രതിഷേധത്തിനിറങ്ങുന്നത്.

Content Highlights: After Dharmendra Pradhan, it’s Manan Mishra! CJP demands the resignation of the Bar Council of India Chairman.

അഞ്ജു ചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more