ന്യൂദല്ഹി: കോക്രോച്ച് ജനതാ പാര്ട്ടിക്ക് പിന്നാലെ വൈറലായി ഈച്ച ജനതാ പാര്ട്ടിയും. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ പരാമര്ശത്തിന് പിന്നാലെയാണ് പുതിയ ആക്ഷേപഹാസ്യ ഇന്സ്റ്റഗ്രാം അക്കൗണ്ട് വൈറലാവുന്നത്.
ഒക്ടോബര് 9ന് ദല്ഹിയില് കോക്രോച്ച് ജനതാ പാര്ട്ടിയുടെ പ്രതിഷേധത്തിന് മുന്നോടിയായി പൊതുഗതാഗതത്തിന് ഏര്പ്പെടുത്തിയ ഹരജി പരിഗണിക്കുന്നതിനിടയിലുള്ള ചീഫ് ജസ്റ്റിസിന്റെ പരാമര്ശമാണ് മഖി ജനതാ പാര്ട്ടിയുടെ രൂപീകരണത്തിലേക്ക് നയിച്ചത്.
‘ഒരാള്ക്ക് നിയന്ത്രിക്കാന് കഴിയും, പക്ഷേ എല്ലാം നിര്ത്തിവെക്കുന്നത് തികച്ചും വ്യത്യസ്തമാണ്. നിങ്ങള്ക്ക് എല്ലാം നിര്ത്താന് കഴിയില്ല എന്ന് ബെഞ്ച് വ്യക്തമാക്കി. ‘ഈച്ചയെ കൊല്ലാന് ചുറ്റിക ഉപയോഗിക്കാന് കഴിയില്ല’ എന്നും കോടതി കൂട്ടിച്ചേര്ത്തു.
ഈ പരാമര്ശത്തെ ഉദ്ധരിച്ചാണ് എം.ജെ.പിയുടെ ആദ്യ പോസ്റ്റ്. ‘ഈച്ചയെ കൊല്ലാന് ചുറ്റിക വേണ്ടെന്ന് സി.ജെ.ഐ തന്നെ പറഞ്ഞു, പിന്നെ ഈച്ചയും പറയും ഞങ്ങള് ഒന്നിനും കുറഞ്ഞവരല്ലെന്ന് ഇതായിരുന്നു പോസ്റ്റ്.
തങ്ങളുടെ ഇന്സ്റ്റഗ്രാം അക്കൗണ്ട് 72 മണിക്കൂറിനുള്ളില് 40 ലക്ഷത്തിലധികം വ്യൂസും 3.3 ലക്ഷത്തിലധികം ഫോളോവേഴ്സും നേടിയെന്ന് എം.ജെ.പി അവകാശപ്പെടുകയും ചെയ്തിരുന്നു.
ആര്യന് എന്ന വിദ്യാര്ഥിയാണ് പാര്ട്ടിയുടെ സ്ഥാപകന് എന്നാണ് പേജില് പറയുന്നത്. പാര്ട്ടിയിലേക്ക് വക്താക്കളെ തേടുന്നതായും പേജില് പ്രഖ്യാപനമുണ്ട്. ഇന്സ്റ്റഗ്രാം വിവരങ്ങള് അനുസരിച്ച്, 2021 ജൂണ് മാസത്തിലാണ് ഈ പേജ് പ്ലാറ്റ്ഫോമില് എത്തിയത്. നിലവിലെ പേരിലേക്ക് മാറുന്നതിന് മുന്പ് എട്ട് തവണ യൂസര്നെയിം മാറ്റിയിട്ടുണ്ടെന്നും വിവരങ്ങളുണ്ട്.
ചീഫ് ഇലക്ഷന് കമീഷണര് ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തില് പങ്കെടുത്ത ഓള് ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷന് അംഗം നേഹ ബോറക്കും കോക്രോച്ച് ജനതാ പാര്ട്ടിക്കും എം.ജെ.പി ഐക്യദാര്ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. അധികാരികളെ ചോദ്യം ചെയ്യുന്നതും ഉത്തരവാദിത്തം ആവശ്യപ്പെടുന്നതും ജനാധിപത്യത്തിന് അനിവാര്യമാണെന്ന് പറഞ്ഞുകൊണ്ട് നേഹ ബോറയുടെ ധൈര്യത്തെയും ദൃഢനിശ്ചയത്തെയും പിന്തുണക്കുന്നതായി ഇന്സ്റ്റഗ്രാമില് പോസ്റ്റ് ചെയ്ത പ്രസ്താവനയില് എം.ജെ.പി പറഞ്ഞു.
Content Highlight: After cockroaches, now flies; ‘Makhi Janata Party’ goes viral following the Chief Justice’s remark.