സൗത്ത് ആഫ്രിക്കയുടെ പാകിസ്ഥാന്‍ പര്യടനത്തിലെ ഏകദിന പരമ്പരയുടെ സീരിസ് ഡിസൈഡര്‍ പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. നാളെ നടക്കുന്ന ആവേശപ്പോരാട്ടത്തിന് ഇഖ്ബാല്‍ സ്‌റ്റേഡിയം വേദിയാകും.
സൂപ്പര്‍ താരം ക്വിന്റണ്‍ ഡി കോക്കിന്റെ പ്രകടനത്തില്‍ തന്നെയാണ് സൗത്ത് ആഫ്രിക്കന്‍ ആരാധകരുടെ പ്രതീക്ഷ. പരമ്പരയിലെ ആദ്യ മത്സരത്തില്‍ 63 റണ്‍സ് നേടിയ താരം രണ്ടാം മത്സരത്തില്‍ ചരിത്ര സെഞ്ച്വറിയും സ്വന്തമാക്കിയിരുന്നു. പുറത്താകാതെ 123 റണ്‍സാണ് ഡി കോക്ക് സ്വന്തമാക്കിയത്.
2023 ലോകകപ്പിന് പിന്നാലെ ഡി കോക്ക് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. 2023 നവംബര്‍ 16ന് ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിന് പിന്നാലെ കരിയറിന് ഫുള്‍ സ്റ്റോപ്പിടുകയായിരുന്നു. എന്നാല്‍ രണ്ട് വര്‍ഷത്തിനിപ്പുറം വിരമിക്കല്‍ പിന്‍വലിച്ച് മടങ്ങിയെത്തിയ താരം തന്റെ പ്രൈം ടൈമിനെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് ബാറ്റ് വീശുന്നത്.
പാകിസ്ഥാനെതിരായ രണ്ടാം ഏകദിനത്തിലെ സെഞ്ച്വറിക്ക് പിന്നാലെ രണ്ട് പ്രധാന നേട്ടങ്ങളിലും ഡി കോക്ക് രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു. ഏകദിനത്തില്‍ ഒരിക്കല്‍ക്കൂടി ട്രിപ്പിള്‍ ഡിജിറ്റ് കണ്ടെത്തിയാല്‍ ഇതില്‍ രണ്ടിലും ഒന്നാം സ്ഥാനത്തെത്താനും ഡി കോക്കിന് സാധിക്കും.
ഏകദിനത്തില്‍ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന വിക്കറ്റ് കീപ്പര്‍മാരുടെ റെക്കോഡാണ് ഇതില്‍ ആദ്യം. ഇതിഹാസ താരം കുമാര്‍ സംഗക്കാരയാണ് ഈ ചരിത്ര നേട്ടത്തില്‍ ഒന്നാമതുള്ളത്. 23 ഏകദിന സെഞ്ച്വറികളാണ് മുന്‍ ലങ്കന്‍ നായകന്റെ പേരിലുള്ളത്.
(താരം – ടീം – സെഞ്ച്വറി എന്നീ ക്രമത്തില്‍)
കുമാര്‍ സംഗക്കാര – ശ്രീലങ്ക – 23
ക്വിന്റണ്‍ ഡി കോക്ക് – സൗത്ത് ആഫ്രിക്ക – 22
ഷായ് ഹോപ് – വെസ്റ്റ് ഇന്‍ഡീസ് – 18
ആദം ഗില്‍ക്രിസ്റ്റ് – ഓസ്‌ട്രേലിയ – 16
ജോസ് ബട്‌ലര്‍ – ഇംഗ്ലണ്ട് – 11
എം.എസ്. ധോണി – ഇന്ത്യ – 10
ഇതിനൊപ്പം ഏഷ്യന്‍ മണ്ണില്‍ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന വിസിറ്റിങ് ബാറ്റര്‍ എന്ന റെക്കോഡ് ലിസ്റ്റില്‍ രണ്ടാം സ്ഥാനത്തേക്കും പാകിസ്ഥാനെതിരായ സെഞ്ച്വറി ഡി കോക്കിനെ കൊണ്ടുചെന്നെത്തിച്ചു. പ്രോട്ടിയാസ് ലെജന്‍ഡ് എ. ബി. ഡി വില്ലിയേഴ്‌സ് മാത്രമാണ് ഈ നേട്ടത്തില്‍ ഡി കോക്കിന് മുമ്പിലുള്ളത്.
(താരം – ടീം – ഇന്നിങ്‌സ് – ശരാശരി – സെഞ്ച്വറി എന്നീ ക്രമത്തില്‍)
എ. ബി. ഡി വില്ലിയേഴ്‌സ് – സൗത്ത് ആഫ്രിക്ക – 46 – 57.71 – 10
ക്വിന്റണ്‍ ഡി കോക്ക് – സൗത്ത് ആഫ്രിക്ക – 37 – 50.38 – 9*
ക്രിസ് ഗെയ്ല്‍ – വെസ്റ്റ് ഇന്‍ഡീസ് – 60 – 40.15 – 8
പാകിസ്ഥാനെതിരായ സീരിസ് ഡിസൈഡര്‍ മത്സരത്തില്‍ ഡി കോക്കിന് ഈ രണ്ട് ലിസ്റ്റിലും ഒന്നാമതെത്താന്‍ സാധിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
അതേസമയം, മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരം അവസാനിക്കുമ്പോള്‍ ഇരുവരും 1-1 എന്ന നിലയിലാണ്. മൂന്നാം മത്സരം വിജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാം.
Content Highlight: After century against Pakistan, Quinton de Kock set several records