| Tuesday, 11th November 2025, 2:51 pm

ഇന്‍ഡസ്ട്രി ഹിറ്റിന് ശേഷം ഒ.ടി.ടിയിലും ട്രെന്‍ഡിങ്; കാഴ്ച്ചക്കാരില്‍ മുന്നിലെത്തിയത് ഈ ചിത്രം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈ മാസം ഒ.ടി.ടി റിലീസിനെത്തിയത് വമ്പന്‍ ചിത്രങ്ങളായിരുന്നു. തിയേറ്റര്‍ റിലീസിന് ശേഷവും ഒ.ടി.ടി പ്ലാറ്റ് ഫോമുകളില്‍ റിലീസ് ചെയ്യുന്ന സിനിമകള്‍ക്ക് വലിയ പ്രേക്ഷക പിന്തുണ ലഭിക്കാറുണ്ട്. തിയേറ്ററുകളില്‍ വേണ്ടത്ര വിജയം നേടാത്ത ചിത്രങ്ങള്‍ പോലും ഒ.ടി.ടിയില്‍ എത്തിയാല്‍ ജനശ്രദ്ധ പിടിച്ച് പറ്റാറുണ്ട്.

ഇപ്പോഴിതാ ഒ.ടി.ടിയില്‍ ഏറ്റവും കാഴ്ച്ചക്കാരെ സ്വന്തമാക്കിയ സിനിമകളുടെ ലിസ്റ്റ് പുറത്ത് വിട്ടിരിക്കുകയാണ് ഓര്‍മാക്സ് മീഡിയ. നവംബര്‍ 3 മുതല്‍ 9 വരെ വരെയുള്ള കണക്കാണ് ഇപ്പോള്‍ ഓര്‍മാക്സ് പുറത്തുവിട്ടിരിക്കുന്നത്. 

4.1 മില്യണ്‍ കാഴ്ച്ചക്കാരുമായി റിഷബ് ഷെട്ടിയുടെ കാന്താര ചാപ്റ്റര്‍ വണ്‍ ആണ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തുള്ളത്. കഴിഞ്ഞ വാരം രണ്ടാം സ്ഥാനത്തായിരുന്ന കാന്താര ഈ ആഴ്ചയില്‍ വന്‍ കുതിപ്പ് നടത്തി. ഒക്ടോബര്‍ 2ന് തിയേറ്റുകളില്‍ എത്തിയ കാന്താര കഴിഞ്ഞ മാസം 31നാണ് ഒ.ടി.ടിയില്‍ എത്തിയത്. കാന്താരയുടെ പ്രീക്വലായെത്തിയ കാന്താര ചാപ്റ്റര്‍ വണ്‍ ആഗോളതലത്തില്‍ 800 കോടിയോളം സ്വന്തമാക്കിയിരുന്നു. സിനിമയില്‍ റിഷബ് ഷെട്ടിക്ക് പുറമെ രുക്മിണി വസന്ത്, ഗുല്‍ഷന്‍ ദേവയ്യ, ജയറാം തുടങ്ങിയവരും അഭിനയിച്ചിരുന്നു.

കല്യാണി പ്രിയദര്‍ശന്‍ പ്രധാന വേഷത്തിലെത്തി മലയാളത്തിന്റെ ഇന്‍ഡസ്ട്രി ഹിറ്റായി മാറിയ ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്രയാണ് ലിസ്റ്റില്‍ രണ്ടാം സ്ഥാനത്ത്. ജിയോ ഹോട്ട് സ്റ്റാറിലൂടെ ഒക്ടോബര്‍ 31നാണ് ലോകഃ ഒ.ടി.ടിയില്‍ സ്ട്രീമിങ് ആരംഭിച്ചത്. നാല് മില്യണ്‍ വ്യൂസാണ് ഈ ആഴ്ച സിനിമ നേടിയത്. ഡൊമിനിക് അരുണ്‍ ഒരുക്കി ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിച്ച ചിത്രം ആഗോളതലത്തില്‍ 300 കോടി നേടിയിരുന്നു.

3.1 മില്യണ്‍ കാഴ്ച്ചക്കാരുമായി തെലുങ്ക് ചിത്രം മിറൈ ആണ് ലിസ്റ്റില്‍ മൂന്നാം സ്ഥാനത്ത്. തേജ സജ്ജയെ നായകനാക്കി കാര്‍ത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ മാസമാണ് തിയേറ്ററുകളിലെത്തിയത്. ശ്രിയ ശരണ്‍, ജയറാം, ജഗപതി ബാബു, രാജേന്ദ്രനാഥ് സ്യൂച്ഷി, പവന്‍ ചോപ്ര, തന്‍ജ കെല്ലര്‍ എന്നിവരും മറ്റു പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.

ധനുഷും നിത്യ മേനോനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഇഡ്‌ലി കടൈ ലിസ്റ്റില്‍ നാലം സ്ഥാനത്താണ്. ധനുഷ് രചനയും സംവിധാനവും സഹനിര്‍മാണവും നിര്‍വഹിച്ച ചിത്രത്തില്‍ ധനുഷിനൊപ്പം അരുണ്‍ വിജയ്, സത്യരാജ്, പി. സമുദ്രക്കനി, നിത്യ മേനന്‍ , ശാലിനി പാണ്ഡെ എന്നിവരും അഭിനയിച്ചിരുന്നു.

ടൈഗര്‍ ഷ്‌റോഫ് നായകനായെത്തിയ ഭാഗിയാണ് ലിസ്റ്റില്‍ അഞ്ചാം സ്ഥാനത്ത്. ആമസോണ്‍ പ്രൈമിലൂടെയാണ് സിനിമ ഒ.ടി.ടിയിലെത്തിയത്. എ.ഹര്‍ഷ സംവിധാനം ചെയ്ത സിനിമ തിയേറ്ററില്‍ പരാജയമായിരുന്നു.

Content highlight: After being an industry hit, Kantara and Lokah chapter one chandra are also trending on OTT

We use cookies to give you the best possible experience. Learn more