വാഷിങ്ടണ്‍: ആപ്പിളിന് പിന്നാലെ സാംസങ്ങിനും ട്രംപിന്റെ താരിഫ് ഭീഷണി. സ്മാര്‍ട്ട് ഫോണുകള്‍ യു.എസില്‍ നിര്‍മിച്ചില്ലെങ്കില്‍ സാംസങ് അടക്കമുള്ള എല്ലാ സ്മാര്‍ട്ട് ഫോണ്‍ കമ്പനികള്‍ക്കും 25% താരിഫ് ചുമത്തുമെന്നാണ് ട്രംപിന്റെ ഭീഷണി.
‘ഒരുപക്ഷെ താരിഫ് അതില്‍ കൂടുതല്‍ ആയിരിക്കാം. സാംസങ് അല്ലെങ്കില്‍ സമാര്‍ട്ട് ഫോണുകള്‍ നിര്‍മിക്കുന്ന വേറെ കമ്പനികള്‍ ആരെങ്കിലുമായിക്കൊള്ളട്ടെ അവര്‍ ചെയ്യുന്നത് ഒരിക്കലും ശരിയല്ല. അവര്‍ പ്ലാന്റുകള്‍ ഇവിടെ നിര്‍മിക്കുകയാണെങ്കില്‍ അവര്‍ക്ക് താരിഫില്ല,’ ട്രംപ് പറഞ്ഞു.
കഴിഞ്ഞ ദിവസം പങ്കുവെച്ച ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍, ആപ്പിള്‍ സി.ഇ.ഒ ടിം കുക്കിനെ തന്റെ തീരുമാനങ്ങള്‍ അറിയിച്ചിട്ടുണ്ടെന്ന് ട്രംപ് പറഞ്ഞിരുന്നു. യു.എസ്-ചൈന വ്യാപാരയുദ്ധത്തെ തുടര്‍ന്ന് ചൈനയില്‍ നിന്ന് ഐഫോണ്‍ ഉത്പാദനം ഇന്ത്യയിലേക്ക് കേന്ദ്രീകരിക്കാനുള്ള ആപ്പിളിന്റെ തീരുമാനത്തില്‍ ട്രംപ് അതൃപ്തനായിരുന്നു.
പ്ലാന്റുകള്‍ നിര്‍മിക്കാന്‍ ഇന്ത്യയിലേക്ക് പോകുകയാണെന്ന് കുക്ക് ട്രംപിനോട് പറഞ്ഞതായും എന്നാല്‍ ഇന്ത്യയിലേക്ക് പോകുന്നതില്‍ കുഴപ്പമില്ല, പക്ഷേ താരിഫ് ഇല്ലാതെ ഐ ഫോണ്‍ ഇവിടെ വില്‍ക്കാന്‍ പോകുന്നില്ല എന്നായിരിന്നു ട്രംപിന്റെ മറുപടി.
മുമ്പ് താരിഫുകള്‍ രാജ്യങ്ങള്‍ വഹിക്കുമെന്നാണ് ട്രംപ് പറഞ്ഞിരുന്നതെങ്കിലും, ഇത്തവണ ആപ്പിളിനെപ്പോലുള്ള കമ്പനികള്‍ തന്നെ താരിഫ് അടയ്ക്കണമെന്നാണ് ട്രംപിന്റെ നിലപാട്. യു.എസില്‍ ഐഫോണുകള്‍ നിര്‍മിച്ചാല്‍ 1,200 ഡോളര്‍ വിലയുള്ള ഐഫോണിന്റെ വില 1,500 ഡോളറിനും 3,500 ഡോളറുമായി ഉയരും.
ആപ്പിളിന് പുറമെ കാര്‍ നിര്‍മാതാക്കള്‍, മരുന്ന് കമ്പനികള്‍, ചിപ്പ് നിര്‍മാതാക്കള്‍ എന്നിവയുള്‍പ്പെടെ നിരവധി കമ്പനികളെ ലക്ഷ്യം വെച്ചാണ് ട്രംപിന്റെ പുതിയ തീരുമാനം. എന്നാല്‍ യു.എസില്‍ സ്മാര്‍ട്ട്ഫോണ്‍ ഫാക്ടറികള്‍ കുറവായതിനാല്‍, സ്മാര്‍ട്ട്ഫോണ്‍ ഉല്‍പ്പാദനം യു.എസിലേക്ക് മാറ്റുന്നത് ചെലവ് കൂട്ടും.
ഈ മാസം ആദ്യം, ആപ്പിള്‍ സി.ഇ.ഒ ടിം കുക്ക് പറഞ്ഞത്, ഈ പാദത്തില്‍ യു.എസില്‍ വില്‍ക്കുന്ന മിക്ക ഐഫോണുകളും ഇന്ത്യയില്‍ നിര്‍മിക്കുമെന്നും ഐപാഡുകള്‍ പോലുള്ള മറ്റ് ഉപകരണങ്ങള്‍ വിയറ്റ്‌നാമില്‍ നിന്നായിരിക്കുമെന്നും പറഞ്ഞിരുന്നു.
മറ്റേതെങ്കിലും രാജ്യത്ത് നിര്‍മിച്ച ഐഫോണ്‍ യു.എസില്‍ വില്‍പന നടത്തിയാല്‍ കമ്പനിക്ക് 25 ശതമാനം താരിഫ് ചുമത്തുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. ട്രംപിന്റെ നടപടി പ്രീമാര്‍ക്കറ്റിങ് ട്രേഡിങ്ങില്‍ ആപ്പിളിന്റെ ഓഹരികളില്‍ ഇടിവുണ്ടാക്കുകയും യു.എസ് സ്റ്റോക്ക് ഫ്യൂച്ചര്‍ ഇടിവുണ്ടാക്കിയതുമായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Content Highlight: After Apple, now Samsung; 25% tariff if smartphones are not made in America